അഞ്ച് ട്രില്യണിലേക്ക് വളരാന്‍ അനേകം ഉപായങ്ങള്‍

അഞ്ച് ട്രില്യണിലേക്ക് വളരാന്‍ അനേകം ഉപായങ്ങള്‍

ഡിഐപിപി രൂപീകരിച്ച സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചു; സേവന മേഖലയെ മൂന്ന് ട്രില്യണിലേക്ക് വികസിപ്പിക്കണം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2025 ഓടെ അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് വികസിപ്പിക്കുന്നതിനാവശ്യമായ രൂപരേഖയുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. സര്‍ക്കാരിലെയും വാണിജ്യ മേഖലയിലെയും പ്രമുഖരെ ഉള്‍പ്പെടുത്തി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിഐപിപി) രൂപീകരിച്ച സമിതിയാണ് ഇത് സംബന്ധിച്ച് നടപ്പാക്കേണ്ട ദീര്‍ഘകാല-ഹ്രസ്വകാല പരിപാടികള്‍ തയാറാക്കിയത്. മൂന്ന് മേഖലകളെ കേന്ദ്രീകരിച്ച് ജിഡിപി വരുമാനം ഉയര്‍ത്താനാണ് ശുപാര്‍ശ. സേവന മേഖലയില്‍ നിന്നുള്ള വിഹിതം മൂന്ന് ട്രില്യണ്‍ ഡോളറായും കാര്‍ഷിക മേഖലയില്‍ നിന്നും ഉല്‍പ്പാദക മേഖലയില്‍ നിന്നും ഓരോ ട്രില്യണ്‍ ഡോളര്‍ വരുമാനവുമാണ് 2025 ഓടെ പ്രതീക്ഷിക്കുന്നത്. ‘2024-25 ല്‍ അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് ജിഡിപി വര്‍ധിപ്പിക്കാന്‍ വലിയ ശേഷിയും സാധ്യതയുമാണ് ഇന്ത്യക്കുള്ളത്,’ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

കാര്‍ഷിക മേഖലയില്‍, കോള്‍ഡ് സ്‌റ്റോറേജുകളടക്കം അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കാനായി പൊതു-സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് സമിതി നിര്‍ദേശിക്കുന്നു. ചെറുകിട കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വായ്പകള്‍ ലഭ്യമാക്കണമെന്നും കരാര്‍ കൃഷി വര്‍ധിപ്പിക്കാന്‍ പാട്ടക്കരാര്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നുമാണ് ശുപാര്‍ശ. ഹ്രസ്വകാല ഇളവുകള്‍ നല്‍കി പ്രതിരോധ മേഖലയിലെ ആഗോള കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഉല്‍പ്പാദനശാല ആരംഭിക്കാനും സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും അവസരമൊരുക്കണം. ഇലക്ട്രോണിക്‌സ്, വാഹന നിര്‍മാണ മേഖലകളില്‍ നിശ്ചിത പരിധിയിലധികം തുക നിക്ഷേപിക്കുന്ന കമ്പനികള്‍ക്ക് ഹ്രസ്വകാല നികുതി ഇളവുകള്‍ പ്രഖ്യാപിക്കണം.

സേവന മേഖലയെ സജീവമാക്കാന്‍ റോഡ്, റെയ്ല്‍, വിമാന ബന്ധങ്ങള്‍ കൂടുതല്‍ വികസിപ്പിക്കണമെന്നും ചികിത്സക്കായുള്ള വിസയെ കൂടുതല്‍ പ്രോത്സാഹിപ്പിണമെന്നും സമിതി ശുപാര്‍ശ ചെയ്തു. ആഭ്യന്തര എക്കൗണ്ടിംഗ് ആന്‍ഡ് ഓഡിറ്റിംഗ് മേഖലയില്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക്, വിദേശ സര്‍വകലാശാലകളെ ഇന്ത്യയില്‍ ക്യാംപസുകള്‍ ആരംഭിക്കാന്‍ അനുവദിക്കുകയും സ്റ്റുഡന്റ് വിസയും മറ്റും ഉദാരമാക്കുകയും വേണമെന്നും സമിതി നിര്‍ദേശിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy, Slider