ഇന്ത്യയില്‍ 1,431 കോടി രൂപയുടെ നിക്ഷേപം നടത്തി ഫ്‌ളിപ്കാര്‍ട്ട്

ഇന്ത്യയില്‍ 1,431 കോടി രൂപയുടെ നിക്ഷേപം നടത്തി ഫ്‌ളിപ്കാര്‍ട്ട്

അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ കോടി കണക്കിന് രൂപയുടെ നിക്ഷേപം കമ്പനി ഇന്ത്യന്‍ വിപണിയില്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ബെംഗളൂരു: സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളിപ്കാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിലെ തങ്ങളുടെ മൊത്തവില്‍പ്പന യൂണിറ്റില്‍ 1,431 കോടി രൂപയുടെ (201 മില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തി. ഇന്ത്യന്‍ വിപണിയില്‍ വിപണി നേതൃത്വം ശക്തമാക്കുന്നതിനും ആമസോണുമായുള്ള മത്സരം കടുപ്പിക്കുന്നതിനുമാണ് ഈ നിക്ഷേപത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ഡിസംബറിലാണ് മൊത്തവില്‍പ്പന യൂണിറ്റില്‍ നിക്ഷേപം നടത്താന്‍ ഫ്‌ളിപ്കാര്‍ട്ടിന് അനുമതി ലഭിച്ചത്. ഇതേ മാസം തന്നെ കമ്പനി തദ്ദേശീയ യൂണിറ്റില്‍ 2,190 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ നേതൃസ്ഥാനം നിലനിര്‍ത്തുന്നതിന് ആമസോണില്‍ നിന്നും ശക്തമായ മത്സരം നേരിടുന്ന സാഹചര്യത്തിലാണ് കമ്പനി പുതിയ നിക്ഷേപം നടത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങളും കമ്പനിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ കോടി കണക്കിന് രൂപയുടെ നിക്ഷേപം കമ്പനി ഇന്ത്യന്‍ വിപണിയില്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 18 മാസത്തിനുള്ളില്‍ ഫ്‌ളിപ്കാര്‍ട്ട് രണ്ട് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് മേയില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. വില്‍പ്പന വളര്‍ച്ചയും നഷ്ടം ചുരുക്കുന്നതിനുമാണ് കമ്പനി പ്രഥമ പരിഗണന നല്‍കുന്നത്. അടുത്ത മൂന്ന് വര്‍ഷകാലം ഫര്‍ണിച്ചര്‍, പലചരക്ക് വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനി നോക്കുന്നതെന്ന് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കമ്പനി വീഡിയോ കണ്ടന്റ് ബിസിനസിലേക്ക് കടക്കുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.

ഫ്‌ളിപ്കാര്‍ട്ടിന്റെ നേതൃസ്ഥാനം തട്ടിയെടുക്കുന്നതിന് ആമസോണും വമ്പന്‍ നിക്ഷേപ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്ന വാഗ്ദാനം ആമസോണ്‍ ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു. അധികം വൈകാതെ തന്നെ കൂടുതല്‍ നിക്ഷേപം കമ്പനി രാജ്യത്ത് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: Flipkart