വിമാനനിര്‍മാണ നയം മാറ്റുന്നു

വിമാനനിര്‍മാണ നയം മാറ്റുന്നു

രാജ്യാന്തര- ആഭ്യന്തര വിമാനസര്‍വീസുകളുടെ വികസനവും ഡ്രോണ്‍ നിര്‍മാണം കൈവരിച്ച നേട്ടങ്ങളും സ്വീകരിക്കാന്‍ വ്യവസായമേഖലയെ സജ്ജമാക്കുക ഉദ്ദേശ്യം

വിമാനനിര്‍മാണ കമ്പനികള്‍ക്ക് വേണ്ടി നയങ്ങളില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നു. വിമാനനിര്‍മാണത്തിനുള്ള മാര്‍ഗരേഖയുടെ കരട് തയാറാക്കി വരുകയാണെന്നും അത് ഉടന്‍ നടപ്പിലാക്കുമെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ ആളില്ലാവിമാനങ്ങളുടെ ഉപയോഗവും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ നയങ്ങളില്‍ അയവു വരുത്തുന്നത്. ഇതോടു കൂടി റെയില്‍- റോഡ് ഗതാഗത നിരീക്ഷണം, കൃഷിഭൂമി പരിശോധന, മെഡിക്കല്‍ ഉപകരണങ്ങളുടെ ഗതാഗതം എന്നിവയ്‌ക്കൊപ്പം ഡ്രോണ്‍ നിര്‍മാണവും അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഉള്‍പ്പെടുകയാണ്.

സാധാരണഗതിയിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഫാക്റ്ററിയോടു ചേര്‍ന്നാണ് നടക്കാറുള്ളത്. ഉല്‍പ്പാദന കേന്ദ്രവും ഉല്‍പ്പന്നം ഉപയോഗിക്കുന്ന ഇടവും തമ്മില്‍ ദൂരം കുറവായിരിക്കും. എന്നാല്‍ വിമാന നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന മേഖലയാണ് ഇന്ത്യയെങ്കിലും ആവശ്യമായ വിമാനങ്ങളെല്ലാം വിദേശത്തു നിന്നു വാങ്ങുകയാണ് പതിവ്. നിലവില്‍ ഇന്ത്യന്‍ കമ്പനികള്‍ വിമാന ഭാഗങ്ങള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. ആളില്ലാ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള അടിസ്ഥാന സൗകര്യവികസനം പ്രോല്‍സാഹിപ്പിക്കാനുള്ള മാറ്റമാണ് നയത്തില്‍ കൊണ്ടു വരുകയെന്ന് പ്രഭു പ്രസ്താവിച്ചു.

ഡ്രോണുകളുടെ പാത വിട്ടുവീഴ്ചയില്ലാത്ത സുരക്ഷിതത്വമുള്ളതാക്കാനുദ്ദേശിച്ചാണ് നയം അയവുള്ളതാക്കുന്നത്. ഡ്രോണുകളുടെ ഗതാഗത കൈകാര്യ സംവിധാനം, ഡ്രോണ്‍ ഇടനാഴി, ഡ്രോണ്‍ താവളങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് നയം വികസിപ്പിക്കുന്നത്. ഇതിലൂടെ ഡ്രോണുകളുടെ വാണിജ്യ സേവനങ്ങള്‍ സുരക്ഷാവീഴ്ചയില്ലാതെ നടപ്പാക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. അടിസ്ഥാനസൗകര്യവികസനം സ്വാഭാവികമായും തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും വ്യോമയാന മേഖലയില്‍ ആഭ്യന്തര, വിദേശ സാങ്കേതികവിദ്യാമുന്നേറ്റങ്ങളും നിക്ഷേപങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 2021 ഓടെ ആഗോള ഇന്ത്യയില്‍ ഡ്രോണ്‍ വിപണി 21.47 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതായി മാറും. ഇന്ത്യയിലിത് 886 മില്യണ്‍ ഡോളര്‍ വിപണിയാകും.

വാണിജ്യ വ്യോമഗതഗതസംവിധാനം ചരക്കുവാഹകശേഷി സംബന്ധിച്ച വിപുലമായ ഒട്ടേറെ വിഭാഗങ്ങളെ പരിപോഷിക്കും. ഡെലിവറി വിതരണ ശൃംഖലകള്‍, അവയവമാറ്റത്തിനുള്ള ശീതീകരണികള്‍ സ്ഥാപിക്കല്‍, വ്യോമയാന ആംബുലന്‍സ്, അടിയന്തര സാഹചര്യങ്ങളില്‍ മരുന്നു വിതരണം, ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം, സമയക്കുറവുള്ള സാഹചര്യങ്ങളില്‍ ലാബ് പരീക്ഷണങ്ങള്‍ക്കായി സാംപിളുകള്‍ അയയ്ക്കുക, രോഗിക്ക് വേണ്ട മരുന്നുകളോ രക്തമോ സുരക്ഷിതമായി സൂക്ഷിക്കുക തുടങ്ങി ഒട്ടേറെ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ഡ്രോണുകള്‍ സഹായകമാകും.

2018 ഡിസംബര്‍ 1 മുതല്‍ ഡ്രോണുകളുടെ ഒരു ആവാസവ്യവസ്ഥ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റിനു കീഴില്‍ ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോം തുടങ്ങിയിട്ടുണ്ട്. ബിയോണ്ട് വിഷ്വല്‍ ലൈന്‍ ഓഫ് സൈറ്റ്(ബി.വി.എല്‍.ഒ.), സ്വയംഭരണ പ്രവര്‍ത്തനങ്ങള്‍ പോലുള്ള പ്രശ്‌നങ്ങളിലുയര്‍ന്ന വെല്ലുവിളികളെ നേരിടാനാണ് പരിഷ്‌കരിച്ച വ്യോമയാനനയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടിയന്തരസുരക്ഷയും സ്വകാര്യതയും വെല്ലുവിളി നേരിടുന്ന മേഖലകളില്‍ അനുമതികള്‍ പരിമിതപ്പെടുത്താനും സുരക്ഷാ ആവശ്യങ്ങള്‍ക്കായി വേഗത്തില്‍ പ്രതികരിക്കാനും ഡിജിറ്റല്‍ സ്‌കൈ, ഡൈനാമിക് സോണിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ സഹായിക്കുന്നു.

യുടിഎം സംവിധാനത്തില്‍ നിര്‍മ്മിത ബുദ്ധി സംയോജിപ്പിച്ച് മനുഷ്യരെക്കാള്‍ കാര്യക്ഷമമായി പാത ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാകും. ലൈവ് ടെലിമെട്രിയും മറ്റ് ഡേറ്റാ കൈമാറ്റവും അനുവദിക്കുന്നതിന് ഓരോ ഡ്രോണ്‍ സേവനദാതാവും ഉചിതമായ നാവിഗേഷന്‍, കമ്മ്യൂണിക്കേഷന്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കണം. പ്രാഥമികമായി ഡ്രോണ്‍ പോര്‍ട്ടുകള്‍ ഡ്രോണുകള്‍ക്ക് പറന്നുയരാനും ഇറങ്ങാനുമുള്ള താവളങ്ങളാണ്. എങ്കിലും, ഇവ ചരക്കുവിതരണ കേന്ദ്രങ്ങളും ബാറ്ററി ചാര്‍ജിംഗ് സ്റ്റേഷനുകളുമായും പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഡ്രോണ്‍ പോര്‍ട്ടുകള്‍ സ്ഥാപിക്കാന്‍ ലൈസന്‍സ് നല്‍കുന്ന അധികൃതര്‍ക്കു നിര്‍ദിഷ്ട സാങ്കേതിക ആവശ്യങ്ങള്‍ സ്ഥാപിക്കാനും ബാധ്യതയുണ്ട്.

എയര്‍ കാര്‍ഗോ രംഗം പരിഷ്‌കരിക്കാനും സര്‍ക്കാര്‍ തയാറാകുന്നുണ്ട്. ഇന്ത്യയെ ഒരു എയര്‍ കാര്‍ഗോ ഹബ് ആക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഒരു എയര്‍ എയര്‍ കാര്‍ഗോ നയവും സര്‍ക്കാര്‍ പുറത്തിറക്കി. ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ 1972-73 ല്‍ കൈകാര്യം ചെയ്തത് 0.08 മില്യണ്‍ മെട്രിക് ടണ്‍ ചരക്കായിരുന്നുവെങ്കില്‍ ഇന്ന് അത് 20 മടങ്ങ് വര്‍ധിച്ചിരിക്കുന്നു. 2014-15ല്‍ 2.5 മില്ല്യണ്‍ മെട്രിക് ടണ്‍ ചരക്ക് ഇന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ വഴി കയറ്റിറക്കുമതി ചെയ്തിരുന്നു. 2013-14 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ ഇത് 10 ശതമാനത്തോളം വളര്‍ച്ച കൈവരിച്ചു. അന്താരാഷ്ട്ര വ്യോമ ചരക്ക് ഗതാഗതത്തിന്റെ 60 ശതമാനവും ഇന്ന് ഇന്ത്യ വഴിയാണ് നടക്കുന്നത്. 2017-18 കാലഘട്ടത്തില്‍ ഇത് 15.6% വര്‍ദ്ധിച്ചു.

ആഭ്യന്തര ചരക്കു ഗതാഗതം എട്ടു ശതമാനത്തിലധികം വര്‍ദ്ധിച്ചു. ഇത് നേരത്തേ സൂചിപ്പിച്ച ആഗോള ചരക്കുഗതാഗതത്തിന്റെ 60 ശതമാനമെന്ന കണക്കിന്റെ പ്രതിഫലനമാണ്. ആഗോള വ്യോമചരക്കു ഗതാഗതത്തിന്റെ ശരാശരി വളര്‍ച്ച 30 ശതമാനമേ ആകുന്നുള്ളൂ താനും. 2040 ആകുമ്പോഴേക്കും ഇന്ത്യന്‍ വിമാനയാത്രക്കാരുടെ എണ്ണം ആറ് ഇരട്ടി വളര്‍ച്ച പ്രാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 1.1 ബില്യണ്‍ വിമാനയത്രക്കാരാകും അന്ന് ഇന്ത്യയിലുണ്ടാകുക. ഇക്കാലയളവില്‍ ഇന്ത്യയില്‍ 2,359 വിമാനസര്‍വീസുകള്‍ ഉണ്ടാകുമെന്ന് കണ്‍സള്‍ട്ടന്‍സിയായ കെപിഎംജിയും ഫിക്കിയും വ്യക്തമാക്കുന്നു. 2040 ഓടെ ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം 190 മുതല്‍ 200 വരെയാകും. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ മാത്രം മൂന്ന് വിമാനത്താവളങ്ങളുണ്ടാകും.

Comments

comments

Categories: FK Special, Slider
Tags: Drone