ബാങ്ക് ലയനം :സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഡെല്‍ഹി ഹൈക്കോടതി

ബാങ്ക് ലയനം :സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഡെല്‍ഹി ഹൈക്കോടതി

ബാങ്ക് ഓഫീസര്‍മാരുടെ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന്റെ പ്രതികരണം ആവശ്യപ്പെട്ടിട്ടുള്ളത്

ന്യൂഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡ, ദേനാ, വിജയ ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്തുകൊണ്ട് ബാങ്ക് ഓഫീസര്‍മാരുടെ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഡെല്‍ഹി ഹൈക്കോടതി. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷനും ഓള്‍ ഇന്ത്യ വിജയ ബാങ്ക് അസോസിയേഷനുമാണ് ലയനത്തിനെതിരെ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ പ്രതികരണം ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ധനമന്ത്രാലയത്തിനും കേന്ദ്ര ബാങ്കിനും ബറോഡ, വിജയ, ദേനാ ബാങ്കുകള്‍ക്കും നോട്ടീസ് അയച്ചതായാണ് വിവരം.

ഏപ്രില്‍ ഒന്നുമുതല്‍ ലയനം പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. ലാഭത്തിലല്ലാത്ത ചെറുകിട ബാങ്കുകളെ വന്‍കിട ബാങ്കുകളുമായി സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കിംഗ് മേഖലയിലെ ലയന നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കംകുറിച്ചത്. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി. വലിയ വിപണി വിഹിതമുള്ള മൂന്ന് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നത് ഒരു കൂട്ടം ആളുകളുടെ (ബാങ്കുകളിലെ അംഗങ്ങള്‍ ഉള്‍പ്പെടെ) താല്‍പ്പര്യത്തെയും മൗലികാവകാശങ്ങളെയും ബാധിക്കുമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

ലയന തീരുമാനം ഭരണഘടനാവിരുദ്ധവും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ആര്‍ബിഐ നിയമം സെക്ഷന്‍ 9(1)നു കീഴില്‍ ലയന നടപടികളില്‍ കേന്ദ്ര ബാങ്കുമായി വിശദമായ കൂടിയാലോചന ആവശ്യമാണ്. എന്നാല്‍ ബറോഡ, ദേനാ, വിജയ ബാങ്കുകളുടെ ലയന തീരുമാനത്തില്‍ സര്‍ക്കാര്‍ ആര്‍ബിഐയുമായി കാര്യക്ഷമമായ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

ഈ മാസം ആദ്യമാണ് ലയനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ലയനത്തോടെ ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറും. ലയനം മൂന്ന് ബാങ്കുകളിലെയും ജീവനക്കാരെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ലയന നീക്കത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയിരുന്നു. രാജ്യത്തെ എല്ലാവരിലേക്കും ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്ന കാര്യത്തില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ലയനം ബാങ്ക് ശാഖകളെ ഇല്ലാതാക്കുമെന്നുമാണ് ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകള്‍ പറയുന്നത്.

Comments

comments

Categories: Current Affairs