കണ്ടുകണ്ട് കൊതിയായി; അള്‍ട്ടുറാസ് ജി4 സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര

കണ്ടുകണ്ട് കൊതിയായി; അള്‍ട്ടുറാസ് ജി4 സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര

ന്യൂഡെല്‍ഹി : അള്‍ട്ടുറാസ് ജി4 എസ്‌യുവിയില്‍ അന്നേ കണ്ണുടക്കിയതാണ്, മോഹിച്ചതാണ്. എന്നാല്‍ കുറച്ചുദിവസങ്ങള്‍ കഴിയട്ടെയെന്നാണ് തീരുമാനിച്ചത്. പക്ഷേ ഇനിയും കാത്തിരിക്കാന്‍ വയ്യ. സാംഗ്‌യോംഗ് റെക്‌സ്ടണ്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മഹീന്ദ്ര അള്‍ട്ടുറാസ് ജി4 ഒരെണ്ണം സ്വന്തമാക്കിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. സ്വന്തം യാത്രകള്‍ക്ക് മറ്റൊരു കമ്പനിയുടെ വാഹനം ഉപയോഗിക്കാന്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന് എന്തായാലും കഴിയില്ലല്ലോ.

മഹീന്ദ്രയുടെ ഓള്‍ ന്യൂ പ്രീമിയം ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയാണ് അള്‍ട്ടുറാസ് ജി4. ഫുള്‍ സൈസ് എസ്‌യുവിയുടെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രം ആനന്ദ് മഹീന്ദ്ര തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. തനിക്കുമാത്രം വിളിക്കാന്‍ തന്റെ പുതിയ വാഹനത്തിന് പ്രത്യേക പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. തെരഞ്ഞെടുക്കുന്ന പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് മഹീന്ദ്ര വാഹനങ്ങളുടെ രണ്ട് ഡൈ-കാസ്റ്റ് സ്‌കെയില്‍ മോഡലുകള്‍ സമ്മാനമായി ലഭിക്കും. ഇതിനുമുമ്പ് മഹീന്ദ്ര ടിയുവി 300 വാങ്ങിയശേഷം അദ്ദേഹം സമാനമായ രസികന്‍ മല്‍സരം സംഘടിപ്പിച്ചിരുന്നു. ട്വിറ്റര്‍ ഫോളോവര്‍മാരോടാണ് അഭ്യര്‍ത്ഥന.

പുതിയ 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര അള്‍ട്ടുറാസ് ജി4 എസ്‌യുവിയുടെ ഹൃദയം. ഈ മോട്ടോര്‍ 178 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മെഴ്‌സേഡീസ് ബെന്‍സില്‍നിന്ന് വാങ്ങിയ 7 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്.

2 വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ മഹീന്ദ്ര അള്‍ട്ടുറാസ് ജി4 ലഭിക്കും. ഇതിലേതാണ് ആനന്ദ് മഹീന്ദ്ര വാങ്ങിയതെന്ന് വ്യക്തമല്ല. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡവര്‍, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, സ്‌കോഡ കോഡിയാക്ക് എന്നിവയാണ് മഹീന്ദ്ര അള്‍ട്ടുറാസ് ജി4 എസ്‌യുവിയുടെ പ്രധാന എതിരാളികള്‍.

Comments

comments

Categories: Auto