എഫ്ഡിഐ വ്യവസ്ഥകള്‍ പാലിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ആമസോണും ഫ്‌ളിപ്കാര്‍ട്ടും

എഫ്ഡിഐ വ്യവസ്ഥകള്‍ പാലിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ആമസോണും ഫ്‌ളിപ്കാര്‍ട്ടും

പുതിയ നയം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഫെബ്രുവരി ഒന്നുവരെയാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തില്‍ അടുത്തിടെ പ്രഖ്യാപിച്ച ഭേദഗതികള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ആമസോണും ഫ്‌ളിപ്കാര്‍ട്ടും സര്‍ക്കാരിനെ സമീപിച്ചു. എഫ്ഡിഐ നയത്തിലെ പുതിയ വ്യവസ്ഥകള്‍ പാലിക്കുന്നതിന് ഫെബ്രുവരി ഒന്നുവരെയാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്. ഇത് നീട്ടണമെന്നാണ് ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും ആവശ്യം.

പുതിയ എഫ്ഡിഐ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ട് ബിസിനസിന്റെ എല്ലാ വശങ്ങളും വിലയിരുത്തുന്നതിന് അതീവ ജാഗ്രതയോടെ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ, പുതിയ വ്യവസ്ഥകളിലെ വ്യക്തത ഉറപ്പാക്കുന്നതിനും ഉപഭോക്താക്കള്‍ക്കും തങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായ ചെറുകച്ചവടക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാതെ നയം അനുസരിച്ച് ബിസിനസ് മോഡലില്‍ മാറ്റം കൊണ്ടുവരുന്നതിനും സമയം ആവശ്യമാണെന്ന് ഫ്‌ളിപ്കാര്‍ട്ട് വക്താവ് അറിയിച്ചു.

പുതിയ നിയമങ്ങള്‍ പാലിക്കുന്നതിന് ആറ് മാസം കൂടി സമയം നീട്ടി നല്‍കണമെന്നാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ആവശ്യം. ജൂണ്‍ ഒന്നുവരെ സമയം വേണമെന്നാണ് ആമസോണിന്റെ ആവശ്യം. ഡിസംബര്‍ 26നാണ് പുതിയ എഫ്ഡിഐ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇ-കൊമേഴ്‌സ് കമ്പനികളുടെ ബിസിനസ് മാതൃകയില്‍ സമ്പൂര്‍ണ്ണമായ മാറ്റം വേണമെന്നാണ് നയം വ്യവസ്ഥ ചെയ്യുന്നത്.

സര്‍ക്കാര്‍ ഉത്തരവ് വിശദമായി അവലോകനം ചെയ്യുന്നതായി ആമസോണ്‍ വക്താവ് അറിയിച്ചു. ന്യായവും വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതുമായ നിയമങ്ങളെ പിന്തുണയ്ക്കുന്നതിന് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അത് വളര്‍ന്നുവരുന്ന ഇ-കൊമേഴ്‌സ് മേഖലയുടെ പുരോഗതിക്ക് വഴിയൊരുക്കുമെന്നും ഫ്‌ളിപ്കാര്‍ട്ട് വക്താവ് പ്രതികരിച്ചു.

വിദേശ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ നിലവിലുള്ള എഫ്ഡിഐ നിയമം ലംഘിക്കുന്നതായി തദ്ദേശീയ ബ്രിക്-ആന്‍ഡ് മോര്‍ട്ടാര്‍ വ്യാപാരികളും ചില്ലറ വില്‍പ്പനക്കാരും പരാതികളുന്നയിച്ചതിനെ തുടര്‍ന്നാണ് നയം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉല്‍പ്പന്നങ്ങളുടെ വിലയില്‍ സ്വാധീനം ചെലുത്തിയും വന്‍ വിലക്കിഴിവ് ഓഫറുകള്‍ നല്‍കിയും തങ്ങളുടെ തന്നെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍പ്പന നടത്തുന്നതിലൂടെയും ഇ-കൊമേഴ്‌സ് കമ്പനികള്‍ എഫ്ഡിഐ നയം ലംഘിക്കുന്നതായാണ് തദ്ദേശീയ കച്ചവടക്കാരുടെ ആരോപണം.

Comments

comments

Categories: Business & Economy, Slider
Tags: Amazon, FDI, Flipkart