ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത ഇന്ത്യ

ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത ഇന്ത്യ

988 ദശലക്ഷം ഇന്ത്യക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നതാണ്. അടിയന്തപ്രാധാന്യമുള്ള വിഷയമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെ പരിഗണിക്കേണ്ടതാണ്

ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാര്യത്തില്‍ ഏറെ പുറകിലാണ് രാജ്യമെന്ന വിലയിരുത്തലുകള്‍ വീണ്ടും സജീവമാകുകയാണ്. ഇന്ത്യ സ്‌പെന്‍ഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 988 മില്ല്യണ്‍ ഇന്ത്യക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. അതായത് മൊത്തം ഇന്ത്യക്കാരില്‍ 75 ശതമാനത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് സാരം. യൂറോപ്പിലെ മൊത്തം ജനസംഖ്യയെക്കാള്‍ വരും ഇന്ത്യയിലെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ എണ്ണമെന്നത് നമ്മുടെ വികസന സങ്കല്‍പ്പങ്ങളെ തന്നെ ചോദ്യം ചെയ്യുകയാണ്.

ഒരു കുടുംബത്തിന്റെ വരുമാനസ്രോതസ്സായ വ്യക്തി മരിച്ചാല്‍, അതിനെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ആഘാതത്തില്‍ നിന്ന് മുക്തി നേടാനുള്ള പരിരകക്ഷ പോലും മിക്കവര്‍ക്കും ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. വരുമാനം കൊണ്ടുവരുന്ന വ്യക്തിയുടെ അപ്രതീക്ഷിത മരണം കുടുംബങ്ങള്‍ക്ക് അതിഭയാനകമായ സാമ്പത്തിക അസ്ഥിരതയാണ് സമ്മാനിക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സിന്റെ അഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അസംഘടിത മേഖലയിലാണ് ഇത് രൂക്ഷമായിരിക്കുന്നത്. ഇന്ത്യയുടെ മൊത്തം തൊഴില്‍ ശക്തിയുടെ 82 ശതമാനനവും അസംഘടിത മേഖലയിലാണെന്നത് ഈ റിപ്പോര്‍ട്ടിന്റെ ഗൗരവം കൂട്ടുന്നു. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 392.3 മില്ല്യണ്‍ തൊഴിലാളികളും അവരുടെ കുടുംബങ്ങളും എന്നും ജീവിക്കുന്നത് സാമ്പത്തിക ഭീഷണിയുടെ നിഴലിലാണ്. ഒന്നുകില്‍ പരിരക്ഷയില്ല, അല്ലെങ്കില്‍ എടുത്ത ഇന്‍ഷുറന്‍സിന്റെ കവറേജ് അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും തികഞ്ഞേക്കില്ല-ഇതാണ് അവസ്ഥ.

2017ലെ കണക്കുകള്‍ പ്രകാരം 328 ദശലക്ഷം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളാണ് ഇന്ത്യയിലുള്ളത്. ഒരാള്‍ക്ക് ഒരു പോളിസി എന്ന കണക്കുവെച്ച് നോക്കിയാല്‍ തന്നെ 25 ശതമാനം ജനവിഭാഗത്തിന് മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളൂ. ഒന്നിലധികം പോളിസി എടുത്തവര്‍ നിരവധിയുണ്ടാകം. ആ കണക്കുകൂടി നോക്കിയാല്‍ പരിരക്ഷയില്ലാത്തവരുടെ എണ്ണം ഇനിയും കൂടും. ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് തന്നെ പ്രശ്‌നങ്ങളുമുണ്ട്. നേരത്തെ പറഞ്ഞ പോലെ വരുമാനമുണ്ടാക്കുന്ന വ്യക്തി മരിച്ചാല്‍ അതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടത്തിന്റെ 15 ശതമാനം പോലും നികത്താന്‍ ഇന്‍ഷുറന്‍സ് പരിരരക്ഷ കൊണ്ട് സാധിക്കുന്നില്ലെന്നത് പരിതാപകരമാണ്. പല ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും എന്‍ഡോവ്‌മെന്റ് പ്രൊഡക്റ്റ്‌സാണെന്നതാണ് ഇതിന് കാരണം. പരിരക്ഷയ്‌ക്കൊപ്പം നിക്ഷേപ ഗുണങ്ങളുള്ള പദ്ധതികളാകുമത്. എന്നാല്‍ പ്യുവര്‍ പ്രൊട്ടക്ഷന്‍ പ്ലാനിന്റെയത്ര കവറേജ് മുകളില്‍ പറഞ്ഞതിന് ലഭിക്കില്ല. ഇന്‍ഷുറന്‍സ് ഏജന്റിന്റെ ഉപദേശം മാത്രം കേട്ട് പോളിസിയെടുക്കുന്നതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്. പലപ്പോഴും അവര്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുന്ന പോളിസികളാകാം ഉപഭോക്താക്കളെ കൊണ്ട് എടുപ്പിക്കുന്നത്.

ഇന്ത്യയിലെ സാധാരണക്കാരിലേക്ക് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ ഗുണമെത്തിക്കാന്‍ കമ്പനികള്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കേണ്ടതുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ തന്നെ ഇതിന് നേതൃത്വം വഹിക്കുകയും വേണം. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതിന്റെ പേരില്‍ മാത്രം ദുരിതക്കയങ്ങളിലേക്ക് തള്ളിയിടപ്പെടുന്ന അനേകമനേകം കുടുംബങ്ങളാണ് രാജ്യത്തുള്ളത്.

Comments

comments

Categories: Editorial, Slider