ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം ഖത്തര്‍

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം ഖത്തര്‍

ദോഹ: ലോകരാഷ്ട്രങ്ങള്‍ക്കിടയിലും അറബ് ലോകത്തും ഏറ്റവും സുരക്ഷിതമായ രാജ്യം ഖത്തര്‍. നുംബിയോ ഏജന്‍സി പുറത്തുവിട്ട ക്രൈം സൂചിക 2019ലാണ് ഖത്തറിനെ ഏറ്റവും സുരക്ഷിതമായ രാജ്യമായി അടയാളപ്പെടുത്തിയിരിക്കുന്നത്.

ജീവിതച്ചെലവ്, ആരോഗ്യ പരിരക്ഷ, ഗതാഗതം, കുറ്റകൃത്യം, മലിനീകരണം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഏജന്‍സി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാറുള്ളത്.

118 രാജ്യങ്ങളില്‍ നിന്നാണ് ഖത്തറിനെ സുരക്ഷിതമായ രാജ്യമായി തെരഞ്ഞെടുത്തത്.കുറ്റകൃത്യ സൂചികയില്‍ ഏറ്റവും കുറവ് കാണിക്കുന്ന 13.26 സ്‌കോര്‍ നേടിയാണ് ഖത്തര്‍ മുന്നിലെത്തിയിരിക്കുന്നത്.

2015-2019 കാലയളവില്‍ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്തും പ്രത്യേകിച്ച് അറബ് ലോകത്തും ഖത്തര്‍ തന്നെയായിരുന്നു മുന്നില്‍. 2017ലും 2019ലും ഖത്തര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സുരക്ഷയിലും സംരക്ഷണത്തിലും ഖത്തര്‍ കാണിക്കുന്ന പ്രതിബദ്ധതയും ഈ കാലയളവിലെ കുറ്റകൃത്യങ്ങളിലെ വലിയ തോതിലുള്ള കുറവുമാണ് പുതിയ റിപ്പോര്‍ട്ടിലൂടെ പ്രതിഫലിക്കുന്നത്.

വിവാദങ്ങളും ഉപരോധങ്ങളും ബാധിക്കാതെ ഖത്തര്‍ മുന്നോട്ടു കുതിക്കുകയാണ്. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലടക്കം പോയ വര്‍ഷം വന്‍ നേട്ടമാണ് ഖത്തറിനുണ്ടായത്.

അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനിടയിലും തളരാതെ വളര്‍ച്ച രേഖപ്പെടുത്തിയ ഖത്തറിന്റെ സമ്പദ്ഘടനയെ പ്രശംസിച്ച് അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളും രംഗത്ത് വന്നിരുന്നു. ഈ കുതിപ്പ് പുതിയ വര്‍ഷവും തുടരുകയാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയായി ഖത്തര്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Comments

comments

Categories: World
Tags: Qatar