രാജ്യം ഉല്‍പ്പാദന വളര്‍ച്ചയുടെ പാതയിലെന്ന് പിഡബ്ല്യുസി-ഫിക്കി റിപ്പോര്‍ട്ട്

രാജ്യം ഉല്‍പ്പാദന വളര്‍ച്ചയുടെ പാതയിലെന്ന് പിഡബ്ല്യുസി-ഫിക്കി റിപ്പോര്‍ട്ട്

76 ശതമാനം ഉല്‍പ്പാദകരും സമ്പദ് വ്യവസ്ഥയില്‍ കുതിച്ചു ചാട്ടം ഉണ്ടാകുമെന്ന് വിലയിരുത്തുന്നു; അടുത്ത അഞ്ച് വര്‍ഷത്തിനിടെ കയറ്റുമതി 80 ശതമാനത്തിലധികം ഉയരുമെന്നും വ്യവസായികള്‍

ന്യൂഡെല്‍ഹി: വരുന്ന 12 മാസങ്ങളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരുത്തുറ്റ വളര്‍ച്ചയോടെ മുന്നേറുമെന്ന ശുഭാപ്തി വിശ്വാസവുമായി രാജ്യത്തെ വ്യവസായലോകം. ആഗോള കണ്‍സള്‍ട്ടിംഗ് കമ്പനിയായ പിഡബ്ല്യുസിയും വ്യവസായ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് വ്യവസായ ലോകത്തിന്റെ വിലയിരുത്തല്‍. ആഭ്യന്തര ഉപഭോഗം ശക്തമാകുന്നതും കയറ്റുമതി വര്‍ധിക്കുന്നതുമാവും വ്യവസായ വളര്‍ച്ചക്ക് കരുത്താവുകയെന്ന് ‘ഇന്ത്യ മാനുഫാക്ച്ചറിംഗ് ബാരോമീറ്റര്‍’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊതുമേഖലയുടെ പിന്തുണയോടെയുള്ള അടിസ്ഥാന സൗകര്യ വികസനം, ബിസിനസ് സുഗമാവുന്ന രീതിയില്‍ നിയമ നിയന്ത്രണങ്ങളില്‍ വരുന്ന അയവ്, വിവിധ മേഖലകളില്‍ വിദേശ നിക്ഷേപത്തിനായി തുറന്നു കൊടുത്തത്, വമ്പന്‍ വിദേശ നിക്ഷേപ നിയമങ്ങളില്‍ വരുത്തിയ ഇളവുകള്‍ സൃഷ്ടിച്ച ആത്മവിശ്വാസം എന്നിവയെല്ലാം ചേര്‍ന്ന് വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിന് മുകളില്‍ നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

രാജ്യത്തിന്റെ ഉല്‍പ്പാദക ജിഡിപിയിലേക്ക് 12 ശതമാനം സംഭാവന ചെയ്യുന്ന ഉല്‍പ്പാദക കമ്പനികളെ നിരീക്ഷിച്ചാണ് റിപ്പോര്‍ട്ടിന് രൂപം കൊടുത്തിരിക്കുന്നത്. ഓട്ടോമൊബീല്‍, ഇലക്ട്രിക്കല്‍ മെഷീനറി, കെമിക്കല്‍, ടെക്‌സ്‌റ്റൈല്‍ തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് പ്രധാനമായും സര്‍വേയുടെ കേന്ദ്ര ബിന്ദുവായത്. 76 ശതമാനം ഉല്‍പ്പാദകരും സമ്പദ് വ്യവസ്ഥയില്‍ കുതിച്ചു ചാട്ടം ഉണ്ടാകുമെന്ന് വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരമൊരു ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച ഉല്‍പ്പാദകര്‍ 63 ശതമാനം മാത്രമായിരുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തോട്് അന്താരാഷ്ട്ര നാണയനിധിയും (ഐഎംഎഫ്) യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കരുത്ത് വീണ്ടെടുക്കുകയാണെന്നും വളര്‍ച്ചാ പ്രതീക്ഷകള്‍ ഏറെ തെളിഞ്ഞതാണെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.

ഡിജിറ്റല്‍വത്കരണം, ഓട്ടോമേഷന്‍, ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തല്‍, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കുന്ന പണം വര്‍ധിപ്പിക്കല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് ആഭ്യന്ത വിപണിയെ വിപൂലീകരിക്കുക. സമ്പദ് വ്യവസ്ഥക്ക് ഊര്‍ജം പകരാന്‍ ജിഎസ്ടിക്ക് സാധിച്ചെന്ന് 66 ശതമാനം വ്യവസായികളും അഭിപ്രായപ്പെടുന്നു. പുതിയ വ്യവസായ മേഖലകളിലേക്കടക്കം വിദേശ, സ്വദേശി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നികുതി പരിഷ്‌കരണ നടപടികള്‍ക്ക് സാധിച്ചെന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്. ‘ഭാവിയില്‍ ആഭ്യന്തര വിപണി പ്രധാന വരുമാന സ്രോതസാവുമെങ്കിലും കയറ്റുമതിക്കും വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നതില്‍ സുപ്രധാനമായ പങ്ക് ഉണ്ടായിരിക്കും,’ പിഡബ്ല്യുസി ഇന്ത്യയുടെ പാര്‍ട്ണര്‍ ആന്‍ഡ് ലീഡറായ ബിമല്‍ തന്ന അഭിപ്രായപ്പെടുന്നു.

ആഭ്യന്തര-വിദേശ ആവശ്യകത

അടുത്ത അഞ്ച് വര്‍ഷത്തിനിടെ കയറ്റുമതി 80 ശതമാനത്തിലധികം ഉയരുമെന്ന കാര്യത്തില്‍ രാജ്യത്തെ ഭൂരിപക്ഷം വ്യവസായികളും അത്യധികം ശുഭപ്രതീക്ഷ പ്രകടിപ്പിക്കുന്നു. ടെക്‌സ്റ്റൈല്‍സ്, ഓട്ടോമോട്ടീവ്, കെമിക്കല്‍സ്, ലെതര്‍, ലോഹങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം കയറ്റുമതി മേഖലയില്‍ ഇന്ത്യക്ക് കരുത്ത് കാട്ടാനാവും. അഞ്ച് ട്രില്യണ്‍ വലിപ്പമുള്ള സമ്പദ് വ്യവസ്ഥയാകാന്‍, ഉല്‍പ്പാദക മല്‍സരക്ഷമതയെ പിന്തുണക്കുന്ന നയങ്ങള്‍ വേണമെന്ന് മേഖല ആവശ്യപ്പെടുന്നു

Comments

comments

Categories: Business & Economy, Slider
Tags: PWC- Fikki