സര്‍ക്കാരിനെ വലയ്ക്കുന്ന പൊതുമേഖലാകമ്പനികള്‍

സര്‍ക്കാരിനെ വലയ്ക്കുന്ന പൊതുമേഖലാകമ്പനികള്‍

ദുര്‍ബ്ബലമായ പൊതുമേഖലാ സംരംഭങ്ങള്‍ സര്‍ക്കാര്‍ വരുമാനം ഇടിക്കുന്നു

ഇന്ത്യയെപ്പോലുള്ള മിശ്രിതസമ്പദ് വ്യവസ്ഥയില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് നിര്‍ണായകപങ്കുണ്ട്. സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കി നിലനിര്‍ത്തുന്നതിനും വിഭവസമാഹരണത്തിന് ശക്തമായ അടിത്തറയിടുന്നതിനും സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സംരംഭങ്ങള്‍ കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്. 2018 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 339 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ (സിപിഎസ്ഇ) ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. കൃഷി, ഖനനം, നിര്‍മാണവും സംസ്‌കരണവും തുടങ്ങിയ മേഖലകളിലാണ് ഇവയില്‍ മിക്കവയും ഏര്‍പ്പെട്ടിരുന്നത്.

2017-18സാമ്പത്തികവര്‍ഷത്തിലെ പബ്ലിക് എന്റര്‍പ്രൈസസ് സര്‍വേ പ്രകാരം 17 പുതിയ സിപിഎസ്ഇകള്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ഈ പട്ടികയിലെ ഒമ്പതെണ്ണം വെട്ടിക്കളഞ്ഞു. അങ്ങനെ എട്ട് കമ്പനികളാണ് പുതിയതായി വന്നത്. 2017-18 കാലഘട്ടത്തില്‍ എക്‌സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, കോര്‍പറേറ്റ് ടാക്‌സ്, കേന്ദ്രസര്‍ക്കാര്‍ വായ്പാപലിശ, ലാഭവിഹിതം, കടപ്പത്രങ്ങള്‍, നികുതികള്‍ എന്നിവ വഴി കേന്ദ്രഖജനാവിലേക്ക് 350,052 കോടി രൂപ നല്‍കി. അതായത്, സിപിഇഎസ്‌കളെല്ലാം കൂടി പ്രതിദിനം ശരാശരി 960 കോടി രൂപ കേന്ദ്രസര്‍ക്കാരിലേക്ക് നിക്ഷേപിക്കുന്നു.

വലിയൊരു വിഭാഗംപൊതുമേഖലാ സ്ഥാപനങ്ങളും യഥാര്‍ഥത്തില്‍ ഖജനാവിനു ഭാരമായി തീര്‍ന്നിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ആവശ്യങ്ങള്‍ക്ക് അര്‍ഹരാണെന്നു തോന്നും വിധമാണ് അവയില്‍ പലതിന്റെയും പ്രവര്‍ത്തനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സംഭാവന 10,800 കോടി രൂപയായി കുറഞ്ഞു. 2016-17ല്‍ ഈയിനത്തില്‍ 360,815 കോടി രൂപയായിരുന്നു ഖജനാവിന് ലഭിച്ചത്. 2015-16ല്‍ 30 ശതമാനം വളര്‍ച്ച കൈവരിച്ച മേഖലയാണിത്. വെറും ഒരു വര്‍ഷത്തിനുള്ളിലാണ് ഈ മേഖലയില്‍ ഇടിവുണ്ടായത്.

സിപിഎസ്ഇകളുടെ മൊത്ത ലാഭം 2016-17ലെ പത്ത് ശതമാനത്തില്‍ നിന്ന് പോയ സാമ്പത്തികവര്‍ഷം 2.3 ശതമാനമായി കുറഞ്ഞു. അതേസമയം സിപിഎസ്ഇകളിലെ മൂലധനനിക്ഷേപം വര്‍ഷംതോറും ഉയര്‍ന്നു വരുകയാണ്. അതിനനുസരിച്ച ലാഭമിവ്വെന്നു മാത്രമല്ല ഖജനാവിലേക്കുള്ള സംഭാവനയില്‍ വന്‍ ഇടിവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സിപിഎസ്ഇകളിലെ മൂലധനനിക്ഷേപത്തില്‍ ഒറ്റ വര്‍ഷം കൊണ്ട് 1,36,000 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായതെന്നു കാണാം. കുറഞ്ഞത് 51% ഓഹരി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരിക്കണമെന്ന വ്യവസ്ഥ ഉള്ളതുകൊണ്ട് സര്‍ക്കാരിന് ഭീമമായ പണനഷ്ടമുണ്ടാകുന്നു.

ഫലത്തില്‍, സിപിഎസ്ഇകളുടെ എണ്ണം കുതിച്ചുയരുകയാണെങ്കിലും അവയുടെ ലാഭം കുറയുകയാണ്. അതുവഴി ഖജനാവിലേക്കു ലഭിക്കേണ്ട വരുമാനത്തിലും കുറവുണ്ടാകുന്നു. ഈ സാമ്പത്തികവര്‍ഷം പൊതുമേഖലാ കമ്പനികളിലെ മൂലധനനിക്ഷേപം ഉയര്‍ന്നിട്ടും ഖജനാവിലേക്കുള്ള അവരുടെ സംഭാവന ഇടിയുകയായിരുന്നു. അതിനര്‍ത്ഥം നികുതിദായകരുടെ പണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പോയ സാമ്പത്തികവര്‍ഷം കൂടുതല്‍ നഷ്ടപ്പെട്ടുവെന്നാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് അവയെ പുനക്രമീകരിക്കേണ്ടതുണ്ട്. പുതുക്കിയ കമ്പനികള്‍ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ചെയ്തില്ലെങ്കില്‍, അവ അപ്രസക്തമാവുകയും നഷ്ടം ഉണ്ടാക്കുകയും ചെയ്യും.

നഷ്ടത്തിലിഴയുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ കാര്യത്തില്‍ പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ഒരേയൊരു വിമാന കമ്പനി, എയര്‍ ഇന്ത്യയും മുന്നില്‍ നില്‍ക്കുന്നതായി കാണാം. 2017-18ല്‍ അവ ഭീമമായ നഷ്ടത്തിലായി. ഈ മൂന്നു കമ്പനികളും കൂടി ആകെ വരുത്തിയ നഷ്ടം മൊത്തം പൊതുമേഖലാസ്ഥാപനങ്ങള്‍ വരുത്തിയ നഷ്ടത്തിന്റെ പകുതിയോളം വരും. 16,000 കോടി രൂപയാണ് ഇവരുടെ ആകെ നഷ്ടം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ മൂന്ന് സിപിഎസ്ഇകളുടെയും പോയവര്‍ഷത്തെ പ്രതിദിനനഷ്ടം 44 കോടി രൂപയാണ്.

എയര്‍ഇന്ത്യയുടെ ഓഹരി വാഗ്ദാനങ്ങള്‍ അനാകര്‍ഷകമായതിനാല്‍ നിക്ഷേപകര്‍ വാങ്ങാന്‍ വിമുഖത കാട്ടിയതും ടെലികോം മേഖലയില്‍ ഓഹരിവില്‍പ്പനയ്ക്ക് സര്‍ക്കാര്‍ തിടുക്കം കാട്ടാത്തതും മൂലം ഓഹരിവിപണിയില്‍ കഴിഞ്ഞ വര്‍ഷം ഈ കമ്പനികളുടെ ഓഹരികള്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാനുമായില്ലന്നതാണു വാസ്തവം. പൊതുമേഖലാസ്ഥാപനങ്ങളുടെ സുസ്ഥിരതയ്ക്കും നഷ്ടത്തിലായ വ്യവസായങ്ങളെ രക്ഷപെടുത്താനും വിഭവങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇടത്തരം, ദീര്‍ഘകാല നയങ്ങള്‍ രൂപകല്‍പ്പന ചെയ്യേണ്ടത് അനിവാര്യമാണ്.

ഇതിന് വിവിധ മാര്‍ഗങ്ങള്‍ പിന്തുടരാവുന്നതാണ്. സ്വകാര്യവത്കരണമാണ് ആദ്യ നടപടി. രണ്ടാമത്തേത് നിലവിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതി മാറ്റുകയും, കാലത്തിനനുസരിച്ച് മല്‍സരക്ഷമതയുള്ളവരാക്കുകയുമാണ്. സ്വകാര്യ ടെലികോം സേവനദാതാക്കളോടു മല്‍സരിക്കുന്ന ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനും അവരുടെ നിലവിലെ മാതൃകകള്‍ അഭിലഷണീയമല്ല. ഇവ നവീകരിക്കാത്ത പക്ഷം ഇവരുടെ നഷ്ടം കുമിഞ്ഞുകൂടുകയേ ഉള്ളൂ. സംസ്ഥാന, കേന്ദ്ര തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.

1950കളിലും 60കളിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ആധിപത്യം വഹിച്ചിരുന്നത് പൊതുമേഖലയായിരുന്നു. കാരണം രാജ്യത്തിന്റെ വിഭവങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്നു. ക്രമേണ, കുത്തകയായി മാറിയ പൊതുമേഖലാസ്ഥാപനങ്ങള്‍ മാത്രം ലാഭം കൈവരിക്കാന്‍ തുടങ്ങി. ഇതോടെ പൊതുമേഖലാ മേഖല നിഷ്‌ക്രിയതയുടെ പര്യായമായി അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ നിയന്ത്രണത്തിന്റെയും വിലക്കയറ്റത്തിന്റെയും സാഹചര്യങ്ങള്‍ തുടര്‍ന്നും നിലനില്‍ക്കുന്നു. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ആസ്തികള്‍ വില്‍ക്കാനോ പാട്ടത്തിനു കൊടുക്കാനോ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥ കരകയറാന്‍ ഏറെ ബുദ്ധിമുട്ടും.

Comments

comments

Categories: Current Affairs