അടുത്ത നാല് വര്‍ഷം യുഎഇ വളരുക 3.8 ശതമാനം

അടുത്ത നാല് വര്‍ഷം യുഎഇ വളരുക 3.8 ശതമാനം
  • നിക്ഷേപ ഒഴുക്ക് കൂടും. സ്വകാര്യ ഉപഭോഗത്തിലും വര്‍ധനയുണ്ടാകും
  • അടിസ്ഥാനസൗകര്യ മേഖലയില്‍ കുതിപ്പ് പ്രകടമാകും
  • എക്‌സ്‌പോ 2020 ദുബായിയുടെ ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായകമാകും

ദുബായ്: അടുത്ത നാല് വര്‍ഷത്തേക്ക് യുഎഇ മികച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. 2019 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ 3.8 ശതമാനം വളര്‍ച്ചാനിരക്കോട് യുഎഇ മുന്നേറുമെന്നാണ് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പുതിയ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നത്. നിക്ഷേപത്തില്‍ മികച്ച വര്‍ധനയുണ്ടാകും. ഒപ്പം സ്വകാര്യ ഉപഭോഗത്തിലും കുതിപ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

റീട്ടെയ്ല്‍ മാമാങ്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എക്‌സ്‌പോ 2020യോട് അനുബന്ധിച്ച് വരുന്ന വമ്പന്‍ അടിസ്ഥആനസൗകര്യ പദ്ധതികളും നിക്ഷേപവും യുഎഇ സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കുമെന്നും നിരീക്ഷണമുണ്ട്. സ്വകാര്യ ഉപഭോഗത്തില്‍ ഉടന്‍ തന്നെ തിരിച്ചുവരവ് പ്രകടമായേക്കുമെന്നാണ് സൂചന. വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍, ആരോഗ്യ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം മികച്ച മാറ്റം പ്രകടമാകും. ഇതിനോടൊപ്പം സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന പാക്കേജുകളും കൂടിയാകുമ്പോള്‍ മികച്ച വളര്‍ച്ച സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

2019-2023 കാലഘട്ടത്തില്‍ എണ്ണ ഇതര മേഖലയിലെ സാമ്പത്തിക വളര്‍ച്ച 4.1 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. 2014-18 കാലഘട്ടത്തില്‍ ഇത് കേവലം 2.8 ശതമാനം മാത്രമായിരുന്നു. ഗതാഗത മേഖലയും കമ്യൂണിക്കേഷന്‍ രംഗവും അടുത്ത അഞ്ച് വര്‍ഷത്തില്‍ വന്‍കുതിപ്പ് നടത്തും. ഈ മേഖലകളുടെ ജിഡിപി നിരക്ക് 7.9 ശതമാനമെന്ന മികച്ച സംഖ്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയുടെ വളര്‍ച്ച 4.2 ശതമാനവും റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ബിസിനസ് സര്‍വീസസ് രംഗത്തിന്റേത് 3.8 ശതമാനവുമായിരിക്കും.

യുഎഇയില്‍ ബിസിനസ് ചെയ്യുന്നതിന്റെ ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ രാജ്യത്തിനകത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഗുണകരമാകുമെന്നും ബിസിനസ് ലോകം പ്രതീക്ഷിക്കുന്നു.

യുഎഇയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം വരും വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തുമെന്ന് അടുത്തിടെ ലോകബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ഉയര്‍ന്ന നിക്ഷേപവും സര്‍ക്കാരിന്റെ പരിഷ്‌കരണ നയങ്ങളുമാണ് യുഎഇക്ക് മുതല്‍കൂട്ടാകുന്നതെന്ന് ലോകബാങ്ക് നിരീക്ഷിച്ചിരുന്നു.

2018ല്‍ രണ്ട് ശതമാനവും 2019ല്‍ മൂന്ന് ശതമാനവും വളരാന്‍ യുഎഇക്ക് സാധിക്കുമെന്നാണ് ലോകബങ്കിന്റെ പ്രതീക്ഷ. 2020ലും 2021ലും 3.2 ശതമാനത്തിന്റെ വളര്‍ച്ചയിലേക്ക് എത്താനും യുഎഇക്ക് സാധിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
യുഎഇയുടെ 2019ലെ പ്രതീക്ഷിത വളര്‍ച്ചാനിരക്കില്‍ കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ അന്താരാഷ്ട്ര നാണ്യനിധി വര്‍ധന വരുത്തുകയും ചെയ്തിരുന്നു.

Comments

comments

Categories: Arabia
Tags: UAE