പുതിയ വാഗണ്‍ആറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പുതിയ വാഗണ്‍ആറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ബുക്കിംഗ് സ്വീകരിക്കുന്നത് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഈ മാസം 23 നാണ് ലോഞ്ച്

ന്യൂഡെല്‍ഹി : പുതു തലമുറ മാരുതി സുസുകി വാഗണ്‍ആറിന്റെ കൂടുതല്‍ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്. പുതിയ വാഗണ്‍ആറിന്റെ പുതിയ വീഡിയോയും കൂടുതല്‍ ചിത്രങ്ങളുമാണ് പുറത്തുവന്നത്. രണ്ടാം തലമുറ വാഗണ്‍ആറിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഈ മാസം 23 നാണ് 2019 മോഡല്‍ വാഗണ്‍ആര്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ന്യൂ-ജെന്‍ വാഗണ്‍ആര്‍ ഹാച്ച്ബാക്കില്‍ വരുത്തിയ പ്രധാന പരിഷ്‌കാരങ്ങള്‍ പുതിയ വീഡിയോയില്‍ എടുത്തുപറയുന്നുണ്ട്. പുതിയ സ്വിഫ്റ്റ്, ഡിസയര്‍ മോഡലുകള്‍ ചെയ്തതുപോലെ ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമാണ് പുതിയ വാഗണ്‍ആര്‍ അടിസ്ഥാനമാക്കിയിരിക്കുന്നത്. കൂടുതല്‍ കരുത്തുറ്റ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നു.

പുതിയ പ്ലാറ്റ്‌ഫോം ലഭിച്ചതോടെ വാഗണ്‍ആറിന്റെ വലുപ്പം വര്‍ധിച്ചു. നീളം 60 എംഎം വര്‍ധിച്ച് 3,655 മില്ലി മീറ്ററും വീതി 145 എംഎം വര്‍ധിച്ച് 1,620 മില്ലി മീറ്ററുമായി മാറി. എന്നാല്‍ ഉയരം 25 എംഎം കുറഞ്ഞു. 1,675 മില്ലി മീറ്ററാണ് ഇപ്പോഴത്തെ ഉയരം. അതേസമയം വീല്‍ബേസ് 35 എംഎം വര്‍ധിച്ചു. ഇപ്പോള്‍ 2435 എംഎം. കാബിന്‍ കൂടുതല്‍ വിശാലമായിരിക്കും. കാഴ്ച്ചയില്‍, 2019 മാരുതി സുസുകി വാഗണ്‍ആര്‍ കൂടുതല്‍ പ്രീമിയമാണെന്ന് തോന്നുന്നു. പുതിയ ഗ്രില്‍, പുതിയ ഹെഡ്‌ലാംപുകള്‍, പ്ലാസ്റ്റിക് ക്ലാഡിംഗ് സഹിതം പുതിയ എയര്‍ഡാം എന്നിവ മുന്‍വശത്തെ വിശേഷങ്ങളാണ്.

പ്രൊഫൈല്‍ പരിശോധിക്കുമ്പോള്‍, നീളം കുറഞ്ഞ ഓവര്‍ഹാംഗുകള്‍ കണ്‍മുന്നില്‍പ്പെടും. കൂടാതെ പുതിയ ഫ്‌ളോട്ടിംഗ് റൂഫ്, പുതിയ പുറം കണ്ണാടികള്‍, പുതിയ വീല്‍ കവറുകള്‍ തുടങ്ങിയ സ്റ്റൈലിംഗ് പരിഷ്‌കാരങ്ങള്‍ കാണാം. പുതിയ ടെയ്ല്‍ഗേറ്റ്, ലംബമായി നല്‍കിയിരിക്കുന്ന ടെയ്ല്‍ലാംപുകള്‍, പുതിയ ബംപര്‍ എന്നിവയാണ് പിന്‍വശത്തെ സവിശേഷതകള്‍. സുപ്രീം വൈറ്റ്, സില്‍ക്കി സില്‍വര്‍, മാഗ്മ ഗ്രേ, മെറ്റാലിക് ബ്രൗണ്‍ എന്നിവ കൂടാതെ ഓട്ടം ഓറഞ്ച്, പൂള്‍സൈഡ് ബ്ലൂ എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലും മാരുതി സുസുകി വാഗണ്‍ആര്‍ ലഭിക്കും.

നിലവിലെ 1.0 ലിറ്റര്‍ കെ10ബി 3 സിലിണ്ടര്‍ പെട്രോള്‍ മോട്ടോര്‍ കൂടാതെ കൂടുതല്‍ കരുത്തുറ്റ 1.2 ലിറ്റര്‍ കെ12ബി 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലും പുതിയ വാഗണ്‍ആര്‍ ലഭിക്കും. സ്വിഫ്റ്റ് ഉപയോഗിക്കുന്ന 1,197 സിസി എന്‍ജിന്‍ 5,000 ആര്‍പിഎമ്മില്‍ 82 ബിഎച്ച്പി കരുത്തും 4,200 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 998 സിസി മോട്ടോര്‍ 5,500 ആര്‍പിഎമ്മില്‍ 67 എച്ച്പി കരുത്തും 3,500 ആര്‍പിഎമ്മില്‍ 90 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. രണ്ട് എന്‍ജിനുകളുമായും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേഡായി നല്‍കുന്നത്. 5 സ്പീഡ് എജിഎസ് (എഎംടി) ഓപ്ഷണലാണ്.

Comments

comments

Categories: Auto
Tags: New WagonR