രാജ്യത്ത് ഇന്ധന വില വര്‍ധന തുടരും

രാജ്യത്ത് ഇന്ധന വില വര്‍ധന തുടരും

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധന വിലയില്‍ 28-31 പൈസയുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്

ന്യൂഡെല്‍ഹി: ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തികൊണ്ട് തുടര്‍ച്ചയായി ആറാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു. രാജ്യ തലസ്ഥാന നഗരമായ ഡെല്‍ഹിയില്‍ ഇന്നലെ പെട്രോള്‍ വിലയില്‍ 28 പൈസയുടെ വര്‍ധനയുണ്ടായി. 70.41 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. ഡീസല്‍ വില ലിറ്ററിന് 29 പൈസ വര്‍ധിച്ച് 64.47 രൂപയായി.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ഇന്ധന വില ഉയരാന്‍ കാരണമായത്. 28-31 പൈസയുടെ വര്‍ധനയാണ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്നലെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഉണ്ടായത്. സാമ്പത്തിക തലസ്ഥാന നഗരമായ മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 76.05 രൂപയും ഡീസല്‍ ലിറ്ററിന് 67.49 രൂപയുമായിരുന്നു ഇന്നലെ വില. തിങ്കളാഴ്ച 75.77 രൂപയ്ക്കാണ് നഗരത്തില്‍ പെട്രോള്‍ വില്‍പ്പന നടന്നത്. കൊച്ചിയില്‍ 72.36 രൂപയാണ് ഇന്നലെ പെട്രോള്‍ വില. ഡീസലിന് 68.021 രൂപയും.

ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ പെട്രോള്‍ ലിറ്ററിന് യഥാക്രമം 28 പൈസയും 29 പൈസയും വര്‍ധിച്ചു. ഡീസല്‍ വിലയില്‍ 31 പൈസയുടെയും 29 പൈസയുടെയുമാണ് വര്‍ധന രേഖപ്പെടുത്തിയത്. 2018ന്റെ അവസാന ആഴ്ചകളില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ജനുവരി ഏഴ് മുതല്‍ രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു തുടങ്ങി.

തിങ്കളാഴ്ച അസംസ്‌കൃത എണ്ണ വില ബാരലിന് 60 ഡോളറില്‍ താഴേക്ക് പോയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വ്യാപാര ശക്തിയായ ചൈനയുടെ ഇറക്കുമതിയിലും കയറ്റുമതിയിലും മാന്ദ്യം നേരിട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് ക്രൂഡ് വിലയില്‍ പ്രതിഫലിച്ചത്. 59.89 ഡോളറായിരുന്നു തിങ്കളാഴ്ച ക്രൂഡ് വില. എങ്കിലും ഡോളറിനെതിരെ 70.48 എന്ന നിലവാരത്തിലാണ് രൂപ വ്യാപാരം നടത്തുന്നത്.

Comments

comments

Categories: Current Affairs
Tags: fuel price