രാഷ്ട്രീയ പരസ്യ നിയമങ്ങള്‍ ശക്തമാക്കുമെന്ന് ഫേസ്ബുക്ക്

രാഷ്ട്രീയ പരസ്യ നിയമങ്ങള്‍ ശക്തമാക്കുമെന്ന് ഫേസ്ബുക്ക്

കാലിഫോര്‍ണിയ: രാഷ്ട്രീയ പരസ്യ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഫേസ്ബുക്ക്. ഇന്ത്യ, നൈജീരിയ, ഉക്രൈന്‍, യുറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ചാണ് ഫേസ്ബുക്കിന്റെ നീക്കം.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഉപകരണമായി ഫേസ്ബുക്കിനെ ഉപയോഗിച്ചേക്കാമെന്ന ആശങ്കകള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയമം കൂടുതല്‍ ശക്തമാക്കുന്നത്.

രാഷ്ട്രീയക്കാരും പരസ്യക്കാരും വ്യാജവാര്‍ത്തയും അജണ്ടകളും പ്രചരിപ്പിക്കാന്‍ ജനപ്രിയ സാമൂഹിക മാധ്യമമെന്ന നിലയില്‍ ഫേസ്ബുക്കിനെ ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്ക് പരസ്യങ്ങള്‍ വാങ്ങുന്നതു വഴി ഇത്തരം കാര്യങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കാനുമാകുന്നു. അത് പലപ്പോഴും തെരഞ്ഞെടുപ്പ് ചട്ടങ്ങളെയും കമ്പനി നയങ്ങളെയും ലംഘിക്കുന്നതുമായിരിക്കും.

അതാതു രാജ്യങ്ങളിലെ പരസ്യക്കാര്‍ക്ക് മാത്രമേ രാഷ്ട്രീയ പരസ്യങ്ങള്‍ അനുവദിക്കൂവെന്നാണ് ഫേസ്ബുക്കിന്റെ നിലപാട്. ബുധനാഴ്ച മുതല്‍ ഇത് നൈജീരിയയില്‍ നടപ്പിലാക്കുമെന്ന് ഫേസ്ബുക്ക് പറഞ്ഞു.

നൈജീരിയില്‍ ഫെബ്രുവരിയിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 31ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഉക്രൈനില്‍ ഫെബ്രുവരി മുതല്‍ ഈ നിലപാട് പ്രാവര്‍ത്തികമാക്കും.

മേയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ത്യയില്‍ അടുത്തമാസം മുതലും പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. പരസ്യങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കും. ഏഴുവര്‍ഷത്തേക്ക് പരസ്യങ്ങള്‍ ലൈബ്രറിയില്‍ സൂക്ഷിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു.

Comments

comments

Categories: Tech
Tags: Facebook