ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളെ വായ്പയില്‍ സഹായിക്കാന്‍ നയം വരുന്നു

ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളെ വായ്പയില്‍ സഹായിക്കാന്‍ നയം വരുന്നു

വായ്പാ തുകയില്‍ 50 ശതമാനത്തിന് വരെ ഗ്യാരണ്ടി നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്

ന്യൂഡെല്‍ഹി: ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് കമ്പനികളുടെ ദീര്‍ഘകാല വായ്പകള്‍ക്ക് പലിശ സബ്‌സിഡിയും ഗ്യാരണ്ടിയും നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി തയാറാക്കുന്നതായി റിപ്പോര്‍ട്ട്. പരമാവധി 100 കോടി രൂപ വരെ മൂല്യമുള്ള വായ്പകള്‍ക്ക് ഗ്യാരണ്ടിയും 1000 കോടി രൂപ വരെ മൂല്യമുള്ള വായ്പകള്‍ക്ക് പലിശ സബ്‌സിഡിയും നല്‍കുന്നതിനാണ് പദ്ധതിയിടുന്നത്.

വായ്പാ ഗാരണ്ടി ഫണ്ട്, പലിശ സഹായ പദ്ധതി എന്നിവയ്ക്കായുള്ള ശുപാര്‍ശ പുതിയ ഇലക്ട്രോണിക്‌സ് നയത്തിനു കീഴില്‍ നടപ്പാക്കുന്നതിന് ഇലക്ട്രോണിക്‌സ്- ഐടി മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. രാജ്യത്തെ ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതില്‍ ഉണര്‍വേകാന്‍ ഈ നടപടികള്‍ക്ക് സാധിക്കുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്.
ഒരു യൂണിറ്റിനായുള്ള 100 കോടിരൂപ വരെയുള്ള വായ്പയ്ക്ക് സര്‍ക്കാരില്‍ നിന്ന് ഗാരണ്ടി ലഭിക്കുന്നതോടെ, ഏതെങ്കിലും തരത്തിലുള്ള ഈടില്ലാതെയും മൂന്നാംകക്ഷി ഗാരണ്ടി ഇല്ലാതെയും പുതിയ ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് യൂണിറ്റ് സ്ഥാപിക്കാനും നിലവിലുള്ള പ്ലാന്റ് വിപുലീകരിക്കാനും സാധിക്കും. ഗാരണ്ടി പരിരക്ഷ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വായ്പയിലും വ്യത്യസ്തമായിരിക്കും. വായ്പാ തുകയുടെ 50 ശതമാനത്തിന് വരെയാണ് പരമാവധി പരിരക്ഷ ലഭിക്കുക.

വായ്പാ ഗാരണ്ടി പദ്ധതി നടപ്പാക്കുന്നതിനായി ഇലക്ട്രോണിക്‌സ്- ഐടി മന്ത്രാലയം ഒരു പ്രത്യേക ഫണ്ടും നോഡല്‍ ഏജന്‍സിയും രൂപീകരിക്കും. തങ്ങളുടെ ബജറ്റ് വിഹിതത്തില്‍ നിന്ന് പദ്ധതിക്കായുള്ള തുക മുന്‍കൂറായി നോഡല്‍ ഏജന്‍സിക്ക് നല്‍കും. 1000 കോടി രൂപയുടെ പ്രാഥമിക മൂലധനത്തിലാണ് ഫണ്ട് സ്ഥാപിക്കുക. രണ്ടു വര്‍ഷത്തില്‍ പദ്ധതിയുടെ അവലോകനം നടത്തും.
ദീര്‍ഘകാല വായ്പകള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകൃതമായ നിരക്കുകളില്‍ ലഭ്യമാക്കുന്നതിനായാണ് മന്ത്രാലയം ശ്രമിക്കുന്നത്. നിലവില്‍ 11-12 ശതമാനം പലിശയാണ് ദീര്‍ഘകാല വായ്പകളില്‍ ഇലക്ട്രോണിക്‌സ് വ്യവസായം നല്‍കുന്നത്. മറ്റ് രാഷ്ട്രങ്ങളിലിത് 5-7 ശതമാനം മാത്രമാണ്. അതിനാല്‍ പലിശ നിരക്ക് കുറയ്ക്കാന്‍ നടപടികളുണ്ടാകണമെന്ന് ഏറെക്കാലമായി വ്യാവസായിക പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.
അടയ്ക്കുന്ന പലിശ ഭാഗികമായി തിരികെ നല്‍കുന്ന തരത്തിലുള്ള ( റീ ഇംബേര്‍സ്) ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗിന്റെ എല്ലാ മേഖലയുമായി ബന്ധപ്പെട്ട വായ്പയ്ക്കും ഇത് ബാധകമാക്കും. 10 വര്‍ഷം വരെ വായ്പാ കാലാവധിയുള്ള 1000 കോടി രൂപ വരെ പരമാവധി മൂല്യമുള്ള വായ്പകള്‍ക്കായാണ് പലിശ സബ്‌സിഡി നടപ്പാക്കുക. ഇന്ത്യയുടെ മാനുഫാക്ചറിംഗ് മേഖലയെ ആഗോള തലത്തില്‍ മല്‍സരക്ഷമമാക്കാന്‍ നിര്‍ദിഷ്ട പദ്ധതികള്‍ക്ക് സാധിക്കുമെന്നാണ് ഈ മേഖലയിലെ പ്രമുഖ കമ്പനികള്‍ പ്രതികരിച്ചിട്ടുള്ളത്.

Comments

comments

Categories: Business & Economy
Tags: electronics