ദുബായ് ഹോള്‍ഡിംഗിന് ഹോട്ടലുകള്‍ വില്‍ക്കാന്‍ തുര്‍ക്കിഷ് ശതകോടീശ്വരന്‍

ദുബായ് ഹോള്‍ഡിംഗിന് ഹോട്ടലുകള്‍ വില്‍ക്കാന്‍ തുര്‍ക്കിഷ് ശതകോടീശ്വരന്‍

യൂറോപ്പിലെ പ്രസിദ്ധമായ ചില ആഡംബര ഹോട്ടലുകള്‍ ദുബായ് ഹോള്‍ഡിംഗിന് വില്‍ക്കുന്നതിനെകുറിച്ചാണ് ശതകോടീശ്വരസംരംഭകന്‍ ഫെരിറ്റ് സഹെന്‍ക് ആലോചിക്കുന്നത്

ദുബായ്: വായ്പാ പുനക്രമീകരണത്തിന്റെ ഭാഗമായി യൂറോപ്പിലെ പ്രസിദ്ധമായ ചില അത്യാഡംബര ഹോട്ടലുകള്‍ ദുബായ് ഹോള്‍ഡിംഗിന് വില്‍ക്കാന്‍ തുര്‍ക്കിഷ് ശതകോടീശ്വരസംരംഭകന്‍ ഫെരിറ്റ് സഹെന്‍ക് തയാറെടുക്കുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദുബായ് ഭരണാധികാരിയുടെ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനമാണ് ദുബായ് ഹോള്‍ഡിംഗ്.

ഇറ്റലിയിലെ ചരിത്രപ്രാധാന്യമുള്ള കാപ്രി പാലസ്, റോമിലെ അല്‍ദ്രോവന്‍ഡി വില്ല ബോര്‍ഗീസ്, ഇസ്താന്‍ബുളിലെ ഗ്രാന്‍ഡ് ഹയാത്ത് തുടങ്ങിയ പ്രശസ്ത ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള പ്രോപ്പര്‍ട്ടികളാകും വില്‍ക്കുകയെന്നാണ് സൂചന. വളരെ ചെലവേറിയ ഹോട്ടലുകളാണ് ഇവയെല്ലാം. കാപ്രി പാലസില്‍ ആകെയുള്ളത് 68 അത്യാഡംബര റൂമുകളാണ്. രണ്ട് മിഷെലിന്‍ സ്റ്റാര്‍ഡ് റെസ്റ്ററന്റുകളും. സ്വകാര്യ സ്വിമ്മിംഗ് പൂളോട് കൂടിയതാണ് ഇവിടുത്തെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്. ഒരു രാത്രിക്കുള്ള നിരക്ക് 9,427 ഡോളര്‍ വരും.

ദുബായ് ഹോള്‍ഡിംഗിന്റെ ഉടമസ്ഥതയിലുള്ള ജുമയ്‌റ ഗ്രൂപ്പായിരിക്കും വാങ്ങുന്ന ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുക. ലണ്ടന്‍, മാലദ്വീപ്, മല്ലോര്‍ക്ക എന്നിവിടങ്ങളില്‍ ജുമയ്‌റ ഗ്രൂപ്പ് ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നുണ്ട്.

അതേസമയം ഈ ഹോട്ടലുകളുടെ ഇപ്പോഴത്തെ ഉടമസ്ഥാവകാശം കൈയാളുന്ന സഹെന്‍കിന്റെ ഡോഗസ് ഹോള്‍ഡിംഗ് കമ്പനി വാര്‍ത്തയോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല. ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിയന്ത്രണത്തിലുള്ള ദുബായ് ഹോള്‍ഡിംഗിന്റെ വക്താവും ഏറ്റെടുക്കല്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

ഒരു കാലത്ത് തുര്‍ക്കിയിലെ ഏറ്റവും സമ്പന്നനായിരുന്ന സഹെന്‍ക് വളരെ വലിയ നിക്ഷേപമാണ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ന് ഗ്രൂപ്പിന് വായ്പാ ബാധ്യതകള്‍ കൂടുതലാണ്. ഇതിനെ തുടര്‍ന്നാണ് വില്‍പ്പനയെന്ന് വിലയിരുത്തപ്പെടുന്നു.

ഇക്കഴിഞ്ഞ ഡിസംബറില്‍ വായ്പയുമായി ബന്ധപ്പെട്ട് പ്രാദേശിക ബാങ്കുകളുമായി ഡോഗസ് ഹോള്‍ഡിംഗ് ധാരണയിലെത്തിയിരുന്നു. എന്നാല്‍ ചില ആസ്തികളെങ്കിലും ഡോഗസ് വില്‍ക്കേണ്ടതുണ്ടെന്ന നിബന്ധന ബാങ്കുകള്‍ മുന്നോട്ട് വെച്ചതായാണ് റിപ്പോര്‍ട്ട്. മാഡ്രിഡിലെ വില്ല മഗ്ന ഹോട്ടല്‍ മെക്‌സിക്കോയിലെ ആര്‍എല്‍എച്ച് പ്രോപ്പര്‍ട്ടീസിന് വില്‍ക്കാന്‍ ഡോഗസ് നവംബറില്‍ ധാരണയായിരുന്നു. 241 മില്ല്യണ്‍ ഡോളറിന്റേതായിരുന്നു ഇടപാട്. ഡി മറിനാസ് ബിവിയിലെ 25 ശതമാനം ഓഹരി ഡോഗസ് വില്‍ക്കുകയും ചെയ്തു.
ഏകദേശം 5.7 ബില്ല്യണ്‍ ഡോളറോളം വരും ഡോഗസിന്റെ മൊത്തം കടബാധ്യതയാണെന്നാണ് റിപ്പോര്‍ട്ട്.

  • ഫെരിറ്റ് സഹെന്‍കിന്റെ കുടുംബ കമ്പനിയാണ് ഡോഗസ് ഹോള്‍ഡിംഗ്. ഫെരിറ്റാണ് പ്രസിഡന്റ്
  • ടൂറിസം റിയല്‍ എസ്റ്റേറ്റ്, മീഡിയ, ധനകാര്യ സേവനങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്
  • 2013ലാണ് അത്യാഡംബര ടൂറിസത്തെ ഗ്രൂപ്പ് ലക്ഷ്യമിട്ടത്. അതിനു ശേഷം ഗ്രീസ്, ഇറ്റലി, സ്‌പെയിന്‍, ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലായി ഏഴ് വന്‍കിട ഹോട്ടലുകള്‍ വാങ്ങി

 

Comments

comments

Categories: Arabia
Tags: Dubai Hotel