സ്വകാര്യകാര്‍ സംസ്‌കാരത്തിന് അന്ത്യമായോ?

സ്വകാര്യകാര്‍ സംസ്‌കാരത്തിന് അന്ത്യമായോ?

ആളില്ലാ കാറുകളുടെ അപ്രായോഗികത സംബന്ധിച്ച് വാസ്തവമായ കാര്യങ്ങള്‍

കാറുകള്‍ സ്റ്റാറ്റസ് സിംബലായി മാറിയ കാലത്തില്‍ നിന്ന് അവശ്യവസ്തുക്കളായി മാറിയിരിക്കുന്ന സാമൂഹ്യ ചുറ്റുപാടിലാണ് ഇന്നു നാം ജീവിക്കുന്നത്. സമയത്തിനു കല്‍പ്പിക്കപ്പെടുന്ന വിലയാണ് ഇതില്‍ പ്രധാനം. ഔദ്യോഗിക വാഹനത്തിനു പുറമെ, വീട്ടുകാര്യങ്ങള്‍ക്കായും ഓഫ്‌റോഡ് ട്രിപ്പുകള്‍ക്കായി എസ്‌യുവിയും വാങ്ങുന്ന പ്രവണത ഇന്ന് കേരളത്തില്‍ പോലും വര്‍ധിച്ചിരിക്കുന്നു. എന്നാല്‍, ഇലക്ട്രിക് കാറുകളും യൂബര്‍, ഒലെ പോലുള്ള ആപ് അധിഷ്ഠിത ടാക്‌സികളും വന്നതോടെ സ്വന്തം കാറെന്ന സങ്കല്‍പ്പത്തിന് ചെറിയൊരു സങ്കോചമുണ്ടായി. കാര്‍ വാങ്ങിക്കാതെ തന്നെ അതിന്റെ എല്ലാ വിധ ഉപയോഗങ്ങളും പ്രാപ്യമായതോടെയാണിത്. ഇതിനു പുറമെ ഭാവിയില്‍ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറങ്ങുന്നതോടു കൂടി കാര്‍വിപണിയില്‍ വലിയ പ്രത്യാഘാതമുണ്ടാകും എന്നു നിരീക്ഷിക്കപ്പെടുന്നു.

യന്ത്രമനുഷ്യര്‍ നിയന്ത്രിക്കുന്ന ഡ്രൈവറില്ലാ കാറുകളുടെ പ്രവര്‍ത്തനച്ചെലവും കുറവായിരിക്കും. ഒരു കാര്‍ സ്വന്തമായി പരിപാലിക്കുന്നതിന്റെ വിഷമതകള്‍ ഒഴിവാക്കാം. ഈ പരിണാമം ഉടന്‍ കാണാം, ഏതാണ്ട് അഞ്ചു വര്‍ഷത്തിനകം നിരത്തുകളില്‍ ഇ- കാറുകള്‍ സര്‍വ്വസാധാരണമാകുമെന്നാണ് വാദം. ഇത്തരമൊരു ചിന്ത അതിരുകടന്നതാണെന്ന മറുവാദവും ഉയരുന്നുണ്ട്. ചിലരങ്കിലും ഇത് നടക്കുമോ എന്നു സംശയിക്കുന്നു. ഇത്തരം ആശങ്കകള്‍ പരിഗണിച്ച് വിദഗ്ധരെ തന്ന സമീപിച്ച് റിപ്പോര്‍ട്ട് തയാറാക്കുകയാണ് ഓട്ടോമൊബീല്‍ രംഗത്തെ അതികായര്‍. സ്വകാര്യ വാഹന ഉപയോഗത്തിന്റെ കാലഘട്ടം ഉടന്‍ അവസാനിക്കാന്‍ പോകുകയാണെന്ന് ഇവര്‍ ഇവര്‍ പറയുന്നു. വിപ്ലവാത്മകമായ ഒരു മാറ്റമായിരിക്കുമിത്. ഇതിനു വഴി തെളിക്കുന്ന ഘടകങ്ങള്‍ പ്രത്യേകം പരിശോധിക്കാം.

ഇ-കാറുകള്‍ ലാഭകരമാണോ?

പരിസ്ഥിതി മലിനീകരണത്തിന്റെ പ്രധാന കാരണമായ കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ ഇ- കാറുകളുടെ കണ്ടുപിടിത്തത്തിന് നിര്‍ണായകപ്രാധാന്യമുണ്ട്. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് സമീപഭാവിയില്‍ ഉണ്ടാകുമെന്നു കരുതുന്ന ക്ഷാമവും വൈദ്യുതിവാഹനങ്ങളുടെ അവശ്യകതയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇത്തരം കാറുകളെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം തന്നെ ഉയരുന്ന പ്രശ്‌നം ഇവ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഊര്‍ജസംഭരണ ബാക്റ്ററികള്‍ നിര്‍മിക്കാനാവശ്യമായ ലോഹങ്ങളായ ലിഥിയം, കൊബാള്‍ട്ട് എന്നിവ സുലഭമാണോയെന്നാണ്. അതിനു ക്ഷാമമില്ലെന്നാണ് ലണ്ടനില്‍ ശുദ്ധോര്‍ജ കണ്‍സള്‍ട്ടന്റായ മൈക്കല്‍ ലീബ്രീച്ച് പറയുന്നത്. എന്നാല്‍ ആഗോളതലത്തില്‍ ഇവ കുഴിച്ചെടുക്കാനുള്ള ശേഷി ഖനന വ്യവസായമേഖലയ്ക്ക് ഉണ്ടോയെന്നതാണ് പ്രധാന ചോദ്യം. ആവശ്യകത വര്‍ദ്ധിച്ചതോടെ ഈ മേഖലയില്‍ ഉയര്‍ന്ന നിക്ഷേപം ഉണ്ടായിരിക്കുന്നു.

ലോകം ഇ- കാറുകളുടെ കാലഘട്ടത്തിലേക്ക് ഇതിനകം പ്രവേശിച്ചതായാണ് ലീബ്രീച്ച് കണക്കുകള്‍ സഹിതം വ്യക്തമാക്കുന്നത്. നാലു മില്യണ്‍ ഇ- വാഹനങ്ങള്‍ ഇതിനകം വിറ്റഴിക്കപ്പെട്ടു. ആറുമാസത്തിനകം അടുത്ത ഒരു മില്യണ്‍ കാറുകള്‍ കൂടി നിരത്തിലിറങ്ങുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. 2030 ആകുമ്പോഴേക്കും ആഗോളതലത്തില്‍ നൂറ് മില്യണിലധികം ഇ- വാഹനങ്ങള്‍ ഉണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ലീബ്രീച്ചിന്റെ കണക്കില്‍ മൊത്തം ഏതാണ്ട് രണ്ട് ബില്യണ്‍ കാറുകള്‍ ഉണ്ടാകും, വളരെ നിര്‍ണായകമായ പുരോഗതിയാണ് ഈ മേഖലയ്ക്കുണ്ടാകുകയെന്ന് അദ്ദേഹം വിലയിരുത്തുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇ- കാറുകളുടെ വില യുഎസ്സില്‍ 30,000 ഡോളറായി കുറയുകയും വില്‍പ്പന അതിന്റെ പരമാവധിയിലേക്ക് എത്തുകയും ചെയ്യും. 2022 ആകുമ്പോഴേക്കും ഇലക്ട്രിക് ഇതര മോഡലുകളുടെ വില 20,000 യുഎസ് ഡോളറിലേക്ക് താഴും. ഈ ഒരു ഘട്ടം കൂടി കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരത്തുകളില്‍ നിന്ന് പൂര്‍ണ്ണമായി തുടച്ചുനീക്കപ്പെടും.

 

SAMSUNG

പൂര്‍ണരായും ഇ- കാറുകളെ ആശ്രയിക്കാനാകുമോ?

ഡ്രൈവിംഗ് ലഹരി ഒരു യന്ത്രമനുഷ്യനു വെച്ചുമാറാന്‍ ആരെങ്കിലും ആഗ്രഹിക്കുമയെന്ന ചോദ്യം സവിശേഷ പ്രധാന്യമര്‍ഹിക്കുന്നു. ഇക്കാര്യത്തില്‍ പലരും പ്രതികരിച്ചത് ഒരു പ്രത്യേക രീതിയിലാണ്. ഡ്രൈവിംഗ് വളരെ സ്വച്ഛമായ അനുഭവം പ്രദാനം ചെയ്യുമെങ്കിലും എല്ലാവരും എപ്പോഴും ഇത് ചെയ്യുമെന്ന് അര്‍ത്ഥമില്ല, ഇത് ഒരു സുരക്ഷാ പ്രശ്‌നമായിരിക്കുമെന്നാണ് ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ മാര്‍ക്കസ് അഭിപ്രായപ്പെടുന്നത്. ഡ്രൈവര്‍ഇല്ലാ കാറുകള്‍ ഡ്രൈവറുള്ളവയേക്കാള്‍ സുരക്ഷിതമാകുന്ന ഒരു ദിനം ഭാവിയില്‍ ഉണ്ടാകുക തന്ന ചയ്യുമന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. എങ്കിലും ഒരു വലിയ പക്ഷേ ഇവിട നില്‍ക്കുന്നുണ്ട്.
കുറഞ്ഞത് അടുത്ത 10 വര്‍ഷത്തേക്കെങ്കിലും ഡ്രൈവറില്ലാ കാറുകള്‍ക്ക് വലിയ സാങ്കേതിക പരിണാമം വരാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സുരക്ഷിതമായ ഒരു ഡ്രൈവറില്ലാകാര്‍ നിരത്തിലിറക്കുകയെന്ന വെല്ലുവിളി സ്വീകരിക്കുന്നതിന് രണ്ടു ദശാബ്ദമെങ്കിലും എടുക്കുമെന്ന് അദ്ദേഹം പറയുന്നു.

ഡ്രൈവറില്ലാ കാറുകളുടെ നിയന്ത്രണത്തില്‍ നിര്‍മ്മിതബുദ്ധി (എഐ)യാണ് ഏറ്റവും വലിയ പ്രാമുഖ്യം നിര്‍വ്വഹിക്കുന്നത്. ഗൂഗിളിന്റെ എഐ പദ്ധതിയായ ഡീപ്പ് മൈന്‍ഡ് ആല്‍ഫ സീറോ പോലുള്ള ലോകത്തിലെ മികച്ച ചെസ്സ് കംപ്യൂട്ടറുകള്‍ ഉദാഹരണം. ചെസ്സ് താരങ്ങളെ രണ്ടു മണിക്കൂറിനുള്ളില്‍ അടിയറവു പറയിക്കാന്‍ ഈ കംപ്യൂട്ടറുകള്‍ക്കു കഴിയും. എന്നാല്‍ ഇത്തരം കിടയറ്റ സാങ്കേതികവിദ്യകള്‍ കൊണ്ടു മാത്രം കാറുകളുടെ നിയന്ത്രണം ഏകപക്ഷീയമായി ഇവയിലേക്ക് മറ്റാനാകില്ലെന്ന് പ്രൊഫ. മാര്‍ക്കസ് പറയുന്നു. കാരണം ഡ്രൈവിംഗ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും ചെസ്സ് കളിയേക്കാള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്തതുമാണ്.

സംപൂര്‍ണ യാന്ത്രികതയുടെ പ്രശ്‌നം

ഇ- കാറുകളെ കംപ്യൂട്ടറുകളുടെ പൂര്‍ണനിയന്ത്രണത്തില്‍ ആക്കുകയെന്ന ചിന്ത ഏറെ വിപ്ലവകരമാണ്. നിലവില്‍ ഐഐ സാങ്കേതികവിദ്യയുടെ പരിമിതികള്‍ പരിഗണിച്ചാലും ഇത് ഉചിതമാണ്. ബുദ്ധിമാനായ മനുഷ്യര്‍ ചെയ്യുന്നതിനേക്കാള്‍ വിദഗ്ധമായി ചിലകാര്യങ്ങള്‍ ചെയ്യാന്‍ യന്ത്രമനുഷ്യര്‍ക്കാകും. അതേസമയം, ഇതിന്റെ മറുവശം കൂടി പരിഗണിക്കേണ്ടതുണ്ട്. പമ്പരവിഡ്ഢിയായ മനുഷ്യനു നേരെയാക്കാന്‍ കഴിയുന്ന ദൗത്യം പോലും ചിലപ്പോള്‍ യന്ത്രങ്ങള്‍ക്കാകില്ല. ഡ്രൈവിംഗ് പോലെ മനുഷ്യജീവന്‍ വെച്ചു കളിക്കുന്ന പ്രവര്‍ത്തനത്തിലാകട്ടെ ഇത്തരമൊരു സാഹസികത ഒട്ടും അനുവദിക്കാനുമാകില്ല. എത്ര മികച്ച സാങ്കേതികവിദ്യയുണ്ടെന്നു പറഞ്ഞാലും മനുഷ്യന്റെ വിവേചനശേഷിക്കു തത്തുല്യമാണെന്ന് കരുതാനാകില്ല. 99.99 ശതമാനം പ്രവര്‍ത്തനക്ഷമത പ്രകടിപ്പിച്ചാലും ഡ്രൈവറില്ലാ കാറിനെ 0.01 ശതമാനം പോലും വിശ്വാസത്തിലെടുക്കാനാകാത്ത ചില ഘട്ടങ്ങളുണ്ട്, പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിടുമ്പോഴോ വഴിപോക്കനെ ഇടിച്ചു വീഴ്ത്തുന്ന ഘട്ടത്തിലോ ഇതു നിര്‍ണായകമാകും.

ഡ്രൈവറില്ലാകാര്‍ വിപ്ലവത്തിന് ഏറ്റവും വലിയ തടസം, നേേരയുള്ള വാഹനപാത പോലെ പൂര്‍ണസുരക്ഷിതമല്ലാത്ത പാതകളില്‍ അവയില്‍ സുരക്ഷിതയാത്ര സാധ്യമാകുമോയെന്ന ആശങ്കയാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് യൂബര്‍. ഡ്രൈവറില്ലാ കാര്‍ സാങ്കേതികവിദ്യയില്‍ കോടിക്കണക്കിനു നിക്ഷേപം നടത്തിയിട്ടുണ്ട് കമ്പനി. 2014 ല്‍ കമ്പനിയുടെ അന്നത്തെ മേധാവി, ട്രാവിസ് കലാനിക്ക്, സ്വയം-ഡ്രൈവിംഗ് കാറുകള്‍ ഡ്രൈവര്‍മാരെ ഇല്ലാതാക്കുമെന്ന്് പ്രവചിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പനി ശ്രമിക്കുന്നത് ഒരു ഹെബ്രിഡ് നെറ്റ് വര്‍ക്ക് പുറത്തിറക്കാനാണ്. ഡ്രൈവറില്ലാ കാറുകള്‍ക്ക് സ്വീകാര്യത ലഭിക്കുന്ന ചില മേഖലകളും ഇടങ്ങളുമുണ്ടാകാം. ഒപ്പംതന്നെ ഒരു ഡ്രൈവര്‍ക്കു മാത്രം കൈകാര്യം ചെയ്യാന്‍ പറ്റുന്ന സാഹചര്യങ്ങള്‍, സ്ഥലങ്ങള്‍, സമയങ്ങള്‍, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളുമുണ്ടാകും. യുബര്‍ ഇന്നത്ത പോലെ കുറച്ചു നാളും കൂടി തുടരുമെന്ന് കമ്പനിയുടെ ഗതാഗത നയ- ഗവേഷണമേഖലാ തലവന്‍ ആന്‍ഡ്രൂ സാല്‍സ് ബര്‍ഗ് വ്യക്തമാക്കുന്നു.

വാഹനങ്ങള്‍ ഗ്രാമീണര്‍ക്കു പ്രാപ്യമോ?

നഗരത്തിനു പുറത്തേക്ക് ആളില്ലാ വാഹനങ്ങളുടെ സാധ്യത കുറവാണെന്ന ധാരണയാണു പൊതുവേയുള്ളത്. എന്നാല്‍ ഈ വിമര്‍ശനത്തോടുള്ള സാല്‍സ്‌ബെര്‍ഗിന്റെ പ്രതികരണം നിങ്ങളെ അത്ഭുതപ്പെടുത്തും. കാലിഫോര്‍ണിയയിലെ ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമൊക്കെ യൂബറിന് വളരയധികം നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞതയി അദ്ദേഹം അവകാശപ്പെടുന്നു. യൂബര്‍ ഓഫിസ് നില്‍ക്കുന്ന നഗരഹൃദയത്തേക്കാള്‍ അതിവിദൂരതയിലുള്ള പ്രദേശത്ത് ടാക്‌സി പിടിക്കാന്‍ ശ്രമിക്കുകയെന്നത് ആദ്യ കാലങ്ങളില്‍ മുഷിപ്പിക്കുന്ന ഏര്‍പ്പാടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ചോ പത്തോ മിനുറ്റ് ഇടവിട്ട് ടാക്‌സി ലഭിക്കാന്‍ ഒരു പ്രയാസവുമില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വിപുലമായ കമ്പനി നെറ്റ്‌വര്‍ക്കാണ് ഇതിനു കാരണം. കുറഞ്ഞ ജനസംഖ്യയുള്ള സാന്ദ്രത കുറഞ്ഞ പ്രദേശങ്ങളില്‍ പോലും മുന്നേറ്റം നടത്താന്‍ മതിയായ ഉപഭോക്താക്കള്‍ ഇവിടെ യൂബറിന് ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

താഴെത്തട്ട്

ഡ്രൈവറില്ലാ കാര്‍ വിപ്ലവത്തിന്റെ മൂന്നു സുപ്രധാന ഘടകങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍, മൊബീല്‍ ആപ്ലിക്കേഷനുകള്‍, ഓട്ടോമേഷന്‍ എന്നിവയാണ്. ഇതില്‍ ഏറ്റവും പ്രമുഖം ഓട്ടോമേഷനാണ്. ഒരു ഇ-കാര്‍ എന്നു പറയുമ്പോള്‍ വാഹനം ഓടിക്കുന്നതില്‍ കിട്ടുന്ന ആവേശം കിട്ടണമെന്നില്ല. കാരണം വളയമുണ്ടെങ്കിലും അതു നിയന്ത്രിക്കുന്നത് നിങ്ങളില്ല. വെറുതെ സ്റ്റിയറിംഗില്‍ കൈവെച്ചാല്‍ മതി, മോട്ടോര്‍ വാഹനപാതയിലൂടെ യന്ത്രനിയന്ത്രണത്താല്‍ ഓടിക്കോളും. ഒരു ബോട്ടില്‍ സ്രാങ്കിന്റെ ജോലി മാത്രമേ ഡ്രൈവര്‍ക്കുള്ളൂ. സംപൂര്‍ണഓട്ടോമേറ്റഡ് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഏതായാലും 10 വര്‍ഷത്തിലേറെ സമയമെടുക്കും, അതുകൊണ്ട് റോബോ ടാക്‌സി വിപ്ലവം തുടങ്ങാന്‍ സമയമെടുക്കും. തീര്‍ച്ചയായും
അത് സംഭവിക്കുക തന്നെ ചെയ്യും, അവശ്യമായ സമയം എടുക്കുമെന്നു മാത്രം.

കാറുകളുടെ ദിനം എണ്ണപ്പെട്ടു

ഇതിനിടയില്‍ ഓട്ടോമൊബീല്‍ വ്യചവസായത്തിനു തുരങ്കം വെക്കുന്ന സാഹചര്യങ്ങളുമുണ്ട്. യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ കഴിഞ്ഞ മാസം യൂബര്‍ ഓഹരികള്‍ ഫ്‌ളോട്ടിംഗ് തുടര്‍ന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായിരിക്കും ഇത്. പിന്നിട്ട മൂന്നു മാസത്തിനുള്ളില്‍ ഒരു ബില്യണ്‍ നഷ്ടം വരുത്തിയിട്ടും കമ്പനിയുടെ മൂല്യം 120 ബില്യണ്‍ ഡോളറായി, എന്തിനാണ് കമ്പനി ഇത്രയും വലിയൊരു വിലനിലവാരം കൊണ്ടുവരുന്നത്? ഭാവിയിലെ ഏറ്റവും വലിയ ബിസിനസ് ഗതാഗതമാണെന്ന് അവര്‍ മനസിലാക്കിയിരിക്കുന്നു. ബിസിനസില്‍ ഉണ്ടാകാനിരിക്കുന്ന മാറ്റത്തിന്റ ലക്ഷണങ്ങള്‍ കാര്‍വിപണിയില്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്. ആഡംബരകാറുകളുടെ കാലം കഴിയാന്‍ പോകുന്നു. പ്രായപൂര്‍ത്തിയാകുമ്പള്‍ത്തന്നെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ മുതിരുന്നവരുടെ തിരക്ക് കുറയുന്നു. സ്വന്തമായി കാര്‍ വാങ്ങുന്നതിനേക്കാള്‍
ചെലവു ുറഞ്ഞതും കാര്യക്ഷമവുമായ പുതിയ മാര്‍ഗങ്ങള്‍ എല്ലാവരും തേടുന്നു. അങ്ങനെ റോബോ ടാക്‌സി വിപ്ലവം പുരോഗമിക്കുമ്പോള്‍ത്തന്നെ സ്വന്തമായി കാര്‍ വാങ്ങാതിരിക്കാനുള്ള സംവിധാനവും വികസിക്കുന്നുവെന്നു ചുരുക്കം.

Comments

comments

Categories: Top Stories
Tags: Private car