പുതിയ വാഗണ്‍ആര്‍ 23 ന്; ബുക്കിംഗ് ആരംഭിച്ചു

പുതിയ വാഗണ്‍ആര്‍ 23 ന്; ബുക്കിംഗ് ആരംഭിച്ചു

ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ മുഖേനയും 11,000 രൂപ നല്‍കി ബുക്കിംഗ് നടത്താം

ന്യൂഡെല്‍ഹി : 2019 മോഡല്‍ മാരുതി സുസുകി വാഗണ്‍ആറിന്റെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ബുക്ക് ചെയ്യാം. മാരുതി സുസുകി ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ മുഖേനയും ബുക്കിംഗ് നടത്താം. മൂന്നാം തലമുറ വാഗണ്‍ആര്‍ ഈ മാസം 23 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ആറ് നിറങ്ങളിലും രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലും പുതിയ മാരുതി സുസുകി വാഗണ്‍ആര്‍ ലഭിക്കും. ഹ്യുണ്ടായ് സാന്‍ട്രോ, ടാറ്റ ടിയാഗോ എന്നിവയോടാണ് വിപണിയില്‍ മല്‍സരിക്കേണ്ടത്.

വിപണിയില്‍നിന്ന് പുറത്തുപോകുന്ന വാഗണ്‍ആറിനേക്കാള്‍ വലുപ്പമുള്ളവനായിരിക്കും പുതിയ വാഗണ്‍ആര്‍. അതുകൊണ്ടുതന്നെ കൂടുതല്‍ വിശാലമായ കാബിന്‍ പ്രതീക്ഷിക്കാം. 3,655 എംഎം നീളം, 1,620 എംഎം വീതി, 1,675 എംഎം ഉയരം എന്നിങ്ങനെയാണ് 2019 മാരുതി സുസുകി വാഗണ്‍ആറിന്റെ വലുപ്പം സംബന്ധിച്ച അളവുകള്‍. 2,435 മില്ലി മീറ്ററാണ് വീല്‍ബേസ്. അതായത് മുന്‍ഗാമിയേക്കാള്‍ 19 എംഎം നീളവും 145 എംഎം വീതിയും 5 എംഎം ഉയരവും പുതു തലമുറ വാഗണ്‍ആറിന് കൂടുതലാണ്. കാബിനില്‍ കൂടുതല്‍ ഹെഡ്‌റൂം, ലെഗ്‌റൂം എന്നിവ ലഭിക്കും.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ പുതിയ മാരുതി സുസുകി വാഗണ്‍ആര്‍ വിപണിയിലെത്തും. എല്‍എക്‌സ്‌ഐ എന്ന ബേസ് വേരിയന്റില്‍ 998 സിസി, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കും. ഈ മോട്ടോര്‍ 67 എച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം ഇസഡ്എക്‌സ്‌ഐ, ഇസഡ്എക്‌സ്‌ഐ എജിഎസ് എന്നീ ടോപ് വേരിയന്റുകള്‍ 1,197 സിസി, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കും. ഈ എന്‍ജിന്‍ 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം സുസുകി കണക്റ്റ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കാബിന്‍ സവിശേഷതയാണ്. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി) എന്നിവ സുരക്ഷാ ഫീച്ചറുകളായിരിക്കും. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, ഇസഡ്എക്‌സ്‌ഐ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും പുതിയ വാഗണ്‍ആര്‍ വിപണിയിലെത്തുന്നത്. വിഎക്‌സ്‌ഐ, ഇസഡ്എക്‌സ്‌ഐ എന്നീ വേരിയന്റുകളില്‍ മാത്രം ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) ഓപ്ഷന്‍ നല്‍കും. ബേസ് വേരിയന്റിന് 3.7 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വിലയെന്ന് പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Auto
Tags: Wagon R