പുതിയ വ്യാപാര ലൈസന്‍സുകളില്‍ വന്‍വര്‍ധന

പുതിയ വ്യാപാര ലൈസന്‍സുകളില്‍ വന്‍വര്‍ധന

2018ല്‍ 248,769 വ്യവസായ രജിസ്‌ട്രേഷനുകളും ലൈസന്‍സിംഗ് ഇടപാടുകളുമാണ് ഡിഇഡിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ബിസിനസ് മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്

ദുബായ്: പോയവര്‍ഷം ദുബായിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇകണോമിക് ഡെവലപ്‌മെന്റ് (ഡിഇഡി) 20,467 പുതിയ വ്യാപാര ലൈസന്‍സുകള്‍ അനുവദിച്ചു. സുസ്ഥിരമായ വ്യവസായ വളര്‍ച്ചയ്ക്കനുകലമായ പ്രദേശമെന്നത് പോലെ ദുബായിയോടുള്ള താല്‍പ്പര്യം നിക്ഷേപകരില്‍ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് കൂടുതല്‍ കമ്പനികള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചിരിക്കുന്നത്.

ഡിഇഡിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ബിസിനസ് മാപ്പില്‍ 2018ല്‍ 248,769 വ്യവസായ രജിസ്‌ട്രേഷനുകളും ലൈസന്‍സിംഗ് ഇടപാടുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ട് മുന്‍ വര്‍ഷമായ 2017നെ അപേക്ഷിച്ച് 4.6 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി ഈ കണക്കുകള്‍ പറയുന്നു.

കൂടുതല്‍ ബിസിനസുകള്‍ക്കും നിക്ഷേപകര്‍ക്കും ദുബായിയുടെ മല്‍സരക്ഷമതയുടെ ഫലങ്ങള്‍ പ്രയോജനപ്പെടുത്താനാകുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. വൈവിധ്യമാര്‍ന്ന സാമ്പത്തിക മേഖലകളിലെ അവസരങ്ങള്‍ പോയ വര്‍ഷം വര്‍ധിക്കുകയും ചെയ്തു. 128,965 ലൈസന്‍സ് പുതുക്കല്‍ ഇടപാടുകളാണ് 2018ല്‍ നടന്നത്. അതേസമയം 24,859 ഇടപാടുകള്‍ ബിസിനസുകളുടെ പ്രാഥമിക അംഗീകാരവുമായി ബന്ധപ്പെട്ടതായിരുന്നു. ട്രേഡ്‌നെയിം പരിരക്ഷയുമായി ബന്ധപ്പെട്ട 35,563 ഇടപാടുകള്‍ നടന്നു.

ഓട്ടോ റിന്യൂവല്‍ ഇടപാടുകളായി 50,148 എണ്ണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദുബായ് സര്‍ക്കാര്‍ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന് പ്രാധാന്യം കൊടുത്തുള്ള നടപടികളാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്. അതിനാല്‍ തന്നെ വിവിധ മേഖലകളില്‍ ലൈസന്‍സിംഗുമായി ബന്ധപ്പെട്ട ആവശ്യകത കൂടി വരികയാണ്. പുതിയ ലൈസന്‍സ് അനുവദിച്ചതില്‍ 63.2 ശതമാനം വാണിജ്യലൈസന്‍സുകളും 34.5 ശതമാനം പ്രൊഫഷണല്‍ ലൈസന്‍സുകളുമാണ്. ടൂറിസവുമായി ബന്ധപ്പെട്ട ലൈസന്‍സുകള്‍ 1.1 ശതമാനമാണ്.

ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ അനുവദിക്കപ്പെട്ട മേഖല ബര്‍ ദുബായിയാണ്. 11435 ലൈസന്‍സുകളാണ് ഇവിടങ്ങളിലെ സംരംഭങ്ങള്‍ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് ദെയ്‌റയാണ്. മൂന്നാം സ്ഥാനത്ത് ഹാറ്റയും. കൂടുതല്‍ ബിസിനസ് സൗഹൃദ നടപടികള്‍ കൈക്കൊള്ളുന്നതിലേക്ക് ഈ വര്‍ഷവും ദുബായ് നീങ്ങാനാണ് സാധ്യത.

Comments

comments

Categories: Arabia