ഇത്തിഹാദ് തന്നെ ജെറ്റിന്റെ രക്ഷകന്‍; ഗോയല്‍ വഴങ്ങി

ഇത്തിഹാദ് തന്നെ ജെറ്റിന്റെ രക്ഷകന്‍; ഗോയല്‍ വഴങ്ങി
  • ജെറ്റ് എയര്‍വേസിലുള്ള ഓഹരി ഇത്തിഹാദ് 49 ശതമാനമായി ഉയര്‍ത്തും
  • നിലവില്‍ 24% ശതമാനം ഓഹരിയാണ് അബുദാബി കമ്പനിക്ക് ജെറ്റിലുള്ളത്
  • ഗോയലിന്റെ ഓഹരി 51 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയും

അബുദാബി: യുഎഇയിലെ പ്രമുഖ വിമാനകമ്പനിയായ ഇത്തിഹാദ് ഇന്ത്യയുടെ ജെറ്റ് എയര്‍വേസിന്റെ രക്ഷകനാകാനായി. വന്‍പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേസ് നിലിവിലെ നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ ധനസമാഹരണം നടത്താനുള്ള പദ്ധതിയിലായിരുന്നു. ജെറ്റില്‍ ഇത്തിഹാദിനുള്ള ഓഹരി 49 ശതമാനമായി ഉയരും. ഇതോടെ ഇന്ത്യയിലെ പ്രമുഖ വിമാനകമ്പനിയുടെ നിലനില്‍പ്പ് സുഗമമാകും.

അബുദാബി കേന്ദ്രമാക്കിയ ഇത്തിഹാദിന് ജെറ്റ് എയര്‍വേസില്‍ 24 ശതമാനം ഓഹരിയാണ് നിലവിലുള്ളത്. ഇത് വര്‍ധിപ്പിക്കാനുള്ള ശ്രമമായിരുന്നു നരേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ജെറ്റ് നടത്തിവന്നത്. എന്നാല്‍ തങ്ങളുടെ നിബന്ധനകള്‍ക്ക് അനുസരിച്ചല്ലാതെ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ഇത്തിഹാദ് സ്വീകരിച്ചത്.

ജെറ്റിനുള്ള വായ്പയ്ക്ക് ഈടായി തങ്ങളുടെ ഓഹരികള്‍ നല്‍കില്ലെന്നും ഇത്തിഹാദ് വ്യക്തമാക്കിയിരുന്നു. ജെറ്റിന്റെ സ്ഥാപക ചെയര്‍മാനായ നരേഷ് ഗോയലിന് കമ്പനിയിലുള്ള ഓഹരി ഉടമസ്ഥാവകാശം 51 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കി കുറയ്ക്കുക, തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം അദ്ദേഹത്തില്‍ നിന്നെടുത്തു മാറ്റുക തുടങ്ങിയ നിബന്ധനകളും കൂടുതല്‍ നിക്ഷേപം നടത്തുന്നതിനായി ഇത്തിഹാദ് മുന്നോട്ടുവച്ചിരുന്നു. ഇത്തിഹാദ് പുതുതായി നടത്തുന്ന നിക്ഷേപത്തിന്റെ ഇരട്ടി തുക വായ്പയായി ജെറ്റ് എയര്‍വേസിന് നല്‍കാന്‍ ബാങ്കുകള്‍ തയാറായേക്കും എന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത്തിഹാദിന്റെ കടുത്ത നിബന്ധനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ഗോയല്‍ സ്വീകരിച്ചത്. ജെറ്റിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിന് കളമൊരുങ്ങിയിരിക്കുന്നത്.

ജെറ്റ് എയര്‍വേസ് ബോര്‍ഡില്‍ നിന്ന് നരേഷ് ഗോയല്‍ രാജിവെക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ ജെറ്റിന്റെ ഓഹരിവിലയില്‍ ഇന്നലെ 17.15 ശതമാനം വര്‍ധനയുണ്ടായി. കമ്പനിയിലെ തന്റെ ഓഹരി പങ്കാളിത്തം 20 ശതമാനമായി ഗോയല്‍ കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2018 സെപ്റ്റംബര്‍ അവസാനം വരെ 13,000 കോടി രൂപയുടെ നഷ്ടമാണ് ജെറ്റ് എയര്‍വേസിനുള്ളത്. വായ്പാ ബാധ്യതയാകട്ടെ 8,000 കോടി രൂപയും. 2021 സാമ്പത്തിക വര്‍ഷത്തിന് മുമ്പ് ഇതിലെ 6,000 കോടി രൂപ ജെറ്റ് തിരിച്ചടയ്‌ക്കേണ്ടതാണ്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 2,880 കോടി രൂപയാണെന്നും കണക്കാക്കപ്പെടുന്നു.

വിപണിവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയാണ് ജെറ്റ് എയര്‍വേസ്. കമ്പനിയുടെ 25 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വമ്പന്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. ജീവനക്കാരുടെ ശമ്പളം വൈകുന്നതുള്‍പ്പടെയുള്ള നിരവധി ബുദ്ധിമുട്ടുകളാണ് കമ്പനി അനുഭവിക്കുന്നത്.

നേരത്തെ നിക്ഷേപത്തിനായി ജെറ്റ് സമീപിച്ച പല കമ്പനികളും നരേഷ് ഗോയലിന്റെ നിയന്ത്രണാധികാരത്തില്‍ വിട്ടുവീഴ്ച്ച വേണമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ഇത്തിഹാദിന്റെ നിബന്ധനകള്‍ ജെറ്റ് അംഗീകരിക്കുന്ന വേളയില്‍ അബുദാബി കമ്പനിക്ക് ഇന്ത്യയില്‍ ഒരു ആഭ്യന്തര പങ്കാളിയെ കണ്ടെത്തേണ്ടി വരും. ഒരു വിദേശ കമ്പനിക്ക് ഒരിന്ത്യന്‍ വിമാന കമ്പനിയെ പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധ്യമല്ല. ടാറ്റ ഗ്രൂപ്പ് ജെറ്റിനെ ഏറ്റെടുത്തേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഇത്തിഹാദ് മുന്നോട്ടുവെച്ചതിന് സമാനമായി തന്നെയായിരുന്നു ടാറ്റയുടെ നിബന്ധനകളുമെന്നതിനാല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. വീണ്ടും ടാറ്റ ഗ്രൂപ്പിനെ ജെറ്റ് സമീപിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇത്തിഹാദ് തന്നെ ഇന്ത്യന്‍ വിമാന കമ്പനിയുടെ രക്ഷയ്ക്ക് എത്തിയത്.

ഇത്തിഹാദും പ്രതിസന്ധിയില്‍

ഏവിയേഷന്‍ രംഗത്തെ പ്രതിസന്ധികളും ചില ഏറ്റെടുക്കലുകള്‍ പാളിപ്പോയതും കാരണം കുറച്ചുകാലമായി ഇത്തിഹാദും പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായി ഇത്തിഹാദ് പുതിയ വിമാനങ്ങള്‍ക്കായി നല്‍കിയ ഓര്‍ഡര്‍ കഴിഞ്ഞ ദിവസം റദ്ദ് ചെയ്തിരുന്നു. 50 ഓളം പൈലറ്റുമാരുടെ തസ്തിക വെട്ടിച്ചുരുക്കാന്‍ പദ്ധതിയുണ്ടെന്നും കമ്പനി ജീവനക്കാര്‍ക്ക് സൂചന നല്‍കി. വന്‍ നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ചെലവുചുരുക്കല്‍ നടപടികളിലേക്ക് ഇത്തിഹാദ് തീരുമാനമെടുത്തത്.

പത്തോളം എ320 നിയോ സിംഗിള്‍-ഐല്‍ ജെറ്റ് വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ക്കായുള്ള ഓര്‍ഡറാണ് കമ്പനി റദ്ദ് ചെയ്തിരിക്കുന്നത്. ജീവനക്കാര്‍ക്കയച്ച കത്തിലാണ് പൈലറ്റുമാരെ പിരിച്ചുവിടാനുള്ള തീരുമാനം കമ്പനി സൂചിപ്പിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഇവരെ കമ്പനിയില്‍ നിന്നും പുറത്താക്കിയേക്കുമെന്ന സൂചനയാണ് കത്ത് നല്‍കുന്നത്. ടോണി ഡഗ്ലസാണ് ഇത്തിഹാദ് ഗ്രൂപ്പ് സിഇഒ. പ്രതിസന്ധിയിലായ കമ്പനിയെ കര കയറ്റുകയെന്ന ദൗത്യവുമായാണ് പോയവര്‍ഷം അദ്ദേഹം കമ്പനിയുടെ സാരഥ്യം ഏറ്റെടുത്തത്. ജെറ്റില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതോടെ പ്രവര്‍ത്തനരീതിയില്‍ ഏത് തരത്തിലുള്ള മാറ്റമാണ് ഇത്തിഹാദ് നടത്തുകയെന്നതാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്.

Comments

comments

Categories: Arabia

Related Articles