കേള്‍വിശക്തി കുറഞ്ഞവര്‍ക്കും കാറോടിക്കാം; ഹ്യുണ്ടായ് ഉണ്ട് കൂടെ..

കേള്‍വിശക്തി കുറഞ്ഞവര്‍ക്കും കാറോടിക്കാം; ഹ്യുണ്ടായ് ഉണ്ട് കൂടെ..

പുതിയ സാങ്കേതികവിദ്യയുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍

സോള്‍ : കേള്‍വിശക്തി കുറഞ്ഞ ഡ്രൈവര്‍മാര്‍ക്കായി ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു. സുരക്ഷിതമായി ഡ്രൈവിംഗ് നടത്തുന്നതിന് ശ്രവണ വൈകല്യമുള്ള ആളുകളെ സഹായിക്കുന്നതാണ് സാങ്കേതികവിദ്യ. കേള്‍വിശക്തി കുറഞ്ഞവരുടെ കാഴ്ച്ചശക്തിക്കും സ്പര്‍ശന ശേഷിക്കും പ്രാധാന്യം നല്‍കുകയാണ് ഹ്യുണ്ടായ് ചെയ്യുന്നത്. പുറമേനിന്നുള്ള ശബ്ദങ്ങളെ സ്പര്‍ശിക്കാന്‍ കഴിയുന്നതും കാണാവുന്നതുമാക്കി മാറ്റുകയാണ് ഹ്യുണ്ടായുടെ പുതിയ സാങ്കേതികവിദ്യ. വിവിധ ശബ്ദ പാറ്റേണുകള്‍ വിശകലനം ചെയ്യുന്നതിന് കൃത്രിമ ബുദ്ധി ഉപയോഗിക്കും.

ഓഡിയോ വിഷ്വല്‍ കണ്‍വേര്‍ഷന്‍ (എവിസി), ഓഡിയോ ടാക്റ്റില്‍ കണ്‍വേര്‍ഷന്‍ (എടിസി) എന്നീ രണ്ട് ഡ്രൈവര്‍ അസിസ്റ്റ് സംവിധാനങ്ങളാണ് ഹ്യുണ്ടായ് ഉപയോഗിക്കുന്നത്. ഈ രണ്ട് സംവിധാനങ്ങളും യോജിച്ച് പ്രവര്‍ത്തിച്ച് പരിമിതികള്‍ മറികടക്കുന്നതിന് കേള്‍വിശക്തി കുറഞ്ഞ ഡ്രൈവര്‍മാരെ സഹായിക്കും. ശ്രവണ വൈകല്യം നേരിടുന്ന ഡീഹൊ ലീ എന്ന ടാക്‌സി ഡ്രൈവറെ ഉപയോഗിച്ച് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിച്ചു. മറ്റ് വാഹനങ്ങളുടെ ഹോണ്‍ ശബ്ദങ്ങളും ആംബുലന്‍സ് പോലുള്ള എമര്‍ജന്‍സി വാഹനങ്ങളുടെ സൈറണുകളും കേള്‍ക്കാന്‍ കഴിയാത്ത ഡ്രൈവര്‍മാര്‍ക്ക് പുതിയ സാങ്കേതികവിദ്യ അനുഗ്രഹമാകും.

ശബ്ദങ്ങളെ ചിത്രലിപികളും (പിക്‌റ്റോഗ്രാം) ദൃശ്യചിത്രങ്ങളുമാക്കി കാറിന്റെ വിന്‍ഡ്‌സ്‌ക്രീനിലെ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കുകയാണ് എവിസി ചെയ്യുന്നത്. എമര്‍ജന്‍സി വാഹനങ്ങളുടെ ശബ്ദം, കാലാവസ്ഥാ സംബന്ധമായ വിവരങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും. ഡ്രൈവിംഗ് സമയങ്ങളില്‍ നാവിഗേഷന്‍ വിവരങ്ങള്‍ സൂചിപ്പിക്കുന്നതിന് സ്റ്റിയറിംഗ് വളയത്തില്‍ വിവിധ നിറങ്ങളിലുള്ള എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കും. കേള്‍വിശക്തി കുറഞ്ഞ ഡ്രൈവറും യാത്രക്കാരും തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്നതിന് പ്രത്യേക ആപ്ലിക്കേഷനും ഹ്യുണ്ടായ് വികസിപ്പിച്ചിട്ടുണ്ട്. പുറമേ നിന്നുള്ള വിവരങ്ങള്‍ ഡ്രൈവറെ അറിയിക്കുന്നതിന് സ്റ്റിയറിംഗ് വീലില്‍ വൈബ്രേഷന്‍ നല്‍കുകയാണ് എടിസി ചെയ്യുന്നത്.

Comments

comments

Categories: Auto
Tags: Hyundai