ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് ബുക്കിംഗ് ആരംഭിച്ചു

ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് ബുക്കിംഗ് ആരംഭിച്ചു

ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് മോട്ടോര്‍സൈക്കിളിന്റെ പരിഷ്‌കരിച്ച വേര്‍ഷനാണ് ആര്‍ 1250 ജിഎസ്

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് ഈ മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഫഌഗ്ഷിപ്പ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാണ് ആര്‍ 1250 ജിഎസ്. ഒരുപക്ഷേ ലോകത്തെ ബെസ്റ്റ് സെല്ലിംഗ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളായ ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ്സിന് പകരമാണ് പുതിയ ബൈക്ക് വിപണിയിലെത്തുന്നത്. 2018 ഐക്മയിലാണ് (മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ) ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് ആദ്യം പ്രദര്‍ശിപ്പിച്ചത്. ആര്‍ 1200 ജിഎസ് മോട്ടോര്‍സൈക്കിളിന്റെ പരിഷ്‌കരിച്ച വേര്‍ഷനാണ് ആര്‍ 1250 ജിഎസ്.

പുതിയ 1254 സിസി, ബോക്‌സര്‍ ട്വിന്‍ എന്‍ജിനാണ് 2019 മോഡലായി അരങ്ങേറുന്ന ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് കരുത്തേകുന്നത്. ‘ഷിഫ്റ്റ്കാം ടെക്‌നോളജി’ എന്ന് ബിഎംഡബ്ല്യു വിശേഷിപ്പിക്കുന്ന വേരിയബിള്‍ വാല്‍വ് ടൈമിംഗ് (വിവിടി) ഇപ്പോള്‍ എന്‍ജിന്റെ സവിശേഷതയാണ്. നീളമേറിയ സ്‌ട്രോക്ക്, വലിയ ബോര്‍ എന്നിവയോടെയാണ് എന്‍ജിന്‍ വികസിപ്പിച്ചിരിക്കുന്നത്. ഇതോടെ കരുത്ത് ഒമ്പത് ശതമാനവും ടോര്‍ക്ക് 14 ശതമാനവും വര്‍ധിച്ചു. ബോക്‌സര്‍ ട്വിന്‍ എന്‍ജിന്‍ ഇപ്പോള്‍ 7750 ആര്‍പിഎമ്മില്‍ 136 ബിഎച്ച്പി കരുത്തും 6250 ആര്‍പിഎമ്മില്‍ 143 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

മോട്ടോര്‍സൈക്കിള്‍ പരിഷ്‌കരിച്ചപ്പോള്‍ ഇലക്ട്രോണിക് പാക്കേജ് ഇപ്പോള്‍ കൂടുതല്‍ ആകര്‍ഷകമാണ്. റൈഡിംഗ് മോഡുകള്‍ (റോഡ്, റെയ്ന്‍), എബിഎസ്, ഓട്ടോമാറ്റിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ബിഎംഡബ്ല്യുവിന്റെ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം), ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍ എന്നിവ ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് മോട്ടോര്‍സൈക്കിളില്‍ സ്റ്റാന്‍ഡേഡാണ്. ‘ഓട്ടോമാറ്റിക് ലോഡ് കോമ്പന്‍സേഷന്‍’ സവിശേഷതയോടെ സെമി ആക്റ്റിവ് ഇലക്ട്രോണിക് സസ്‌പെന്‍ഷന്‍ പരിഷ്‌കരിച്ചു. ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് പ്രോ, ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍ പ്രോ, ഡൈനാമിക് ബ്രേക്ക് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന റൈഡിംഗ് മോഡ് പ്രോ സിസ്റ്റം ഓപ്ഷണലായി ലഭിക്കും.

6.5 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയോടുകൂടി മള്‍ട്ടി ഫംഗ്ഷണല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, പുതുക്കിയ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് എന്നിവ മറ്റ് ഫീച്ചറുകളാണ്. പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്ധന ടാങ്ക്, ഇന്‍ടേക്ക് പോര്‍ട്ടുകള്‍, ബ്രഷ്ഡ് അലുമിനിയം റേഡിയേറ്റര്‍ ഗാര്‍ഡ്, പുതിയ ഗ്രാഫിക്‌സ് എന്നിവ ആദ്യം കണ്ണിനുമുന്നില്‍ ഓടിയെത്തുന്നവയാണ്. മാറ്റ് ഗ്രേ, ബ്ലാക്ക് എന്നിവ കൂടാതെ സ്വര്‍ണ്ണ വര്‍ണ്ണ റിമ്മുകളോടെ വൈറ്റ്, ബ്ലൂ, റെഡ് ത്രിവര്‍ണ്ണ എച്ച്പി കളര്‍ സ്‌കീമാണ് മൂന്നാമത്തെ കളര്‍ ഓപ്ഷന്‍.

Comments

comments

Categories: Auto
Tags: BMW R 1250