ചികിത്സയില്ലാത്ത ഉത്കണ്ഠകള്‍

ചികിത്സയില്ലാത്ത ഉത്കണ്ഠകള്‍

നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തേക്ക് ഉത്കണ്്ഠയുടെയും അതിന്റെ അടുത്ത പടിയായ വിഷാദ രോഗത്തിന്റെയും വ്യാപനം ഇന്ത്യന്‍ സമൂഹത്തില്‍, വിശേഷിച്ച് മലയാളികള്‍ക്കിടയില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. നാലില്‍ ഒരാള്‍ ഉത്കണ്ഠാ രോഗത്തിന്റെ പിടിയിലാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. അവരില്‍ അഞ്ചില്‍ രണ്ടുപേര്‍ വിഷാദ രോഗത്തിന് ചികിത്സയിലുമാണ്. ഇന്ത്യയെ സംബന്ധിച്ച് ഇതൊരു ആശങ്കപ്പെടുത്തുന്ന വലിയ കണക്കാണ്. എല്ലാക്കാര്യങ്ങളിലും അനാവശ്യമായി തലയിടുകയും അടികൂടുകയും അമിതമായ ആഗ്രഹങ്ങള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു

‘പൊഴിയുന്നു കരിയിലകള്‍ നാഴിക വിനാഴികകള്‍
കഴിയുന്നു നിറമുള്ള കാലം
വിറകൊള്‍വു മേഘങ്ങള്‍ പറകനീയമൃതമോ
വിഷമോ വിഷാദമോ സന്ധ്യേ?
ഇനി വരും കൂരിരുള്‍ക്കയമോര്‍ത്തു നീ പോലും
കനിയുമെന്നൂഹിച്ച നാളില്‍
നിന്റെയീനിഴലൊക്കെയഴലെന്നു കരുതിയെന്‍
തന്ത്രികളെ നിന്‍ വിരലില്‍ വെച്ചു.
അറിയുന്നു ഞാ,നിന്നു നിന്റെ വിഷമൂര്‍ച്ഛയില്‍
പിടയുന്നുവെങ്കിലും സന്ധ്യേ,
ചിരിമാഞ്ഞുപോയൊരെന്‍ ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെയൊരു സൗഹൃദത്തിന്റെ
മൃതിമുദ്രനീയതില്‍ കാണും’

– ‘പകലുകള്‍ രാത്രികള്‍’, അയ്യപ്പപ്പണിക്കര്‍

ആപത്ത് മണത്തറിയുവാന്‍ സഹായിക്കുക എന്ന വലിയ കര്‍ത്തവ്യമാണ് ഉത്കണ്ഠ എന്ന മാനസിക ഭാവത്തിന് ഉള്ളത്. അപകടകരമായ ചുറ്റുപാടുകളില്‍ നിന്ന് നമ്മെ മാറ്റിനിര്‍ത്തുന്നത് നമ്മുടെ ഉത്കണ്ഠകളാണ്. ജീവസ്പന്ദനങ്ങള്‍ക്കിടയില്‍ പ്രകൃതി ഘടിപ്പിച്ചുവെച്ച ഒരു ചുവപ്പ് വെളിച്ചം. ചിലപ്പോള്‍ പച്ചവെളിച്ചം തെളിയിക്കാന്‍ അനുവദിക്കാതെ ചുവപ്പ് മാത്രം കത്തിനില്‍ക്കുന്നു. ഒരു പരിധിക്കപ്പുറം ഉത്കണ്ഠ തോന്നിത്തുടങ്ങിയാല്‍ നാട്ടുഭാഷയില്‍ അതിനെ ‘നൊസ്സ്’ എന്ന് പറയുന്നു. മനസ്സിന്റെ താളവും സമനിലയും ഇത്തിരി വഴിമാറി സഞ്ചരിക്കുന്നു. തന്റെ സുഹൃത്ത് സ്വാമിനാഥന് ബോധോദയം സംഭവിച്ചു എന്നാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള വിശ്വസിച്ചത്. ഒരു കണക്കില്‍ അതാവും ശരി. ബോധമില്ലാത്തവര്‍ പല സത്യങ്ങളും തന്നില്‍ നിന്നും, പരസ്പരവും മറച്ച് പിടിക്കുന്നു. ബോധോദയം വരുമ്പോള്‍ അവയെല്ലാം തുറന്ന് പ്രകടിപ്പിക്കുന്നു. അതിനെ ചിത്തഭ്രമം എന്ന് വിളിക്കുന്നത് തലയില്‍ വെളിച്ചം കയറാത്തവരാണ്.

ബോധനിലവാരം അധികരിച്ചവരെ ചികില്‍സിക്കാന്‍ നെല്ലിക്കാത്തളം മുതല്‍ നിരവധി പ്രയോഗങ്ങളുണ്ട്. ഒന്നും കാര്യമായി ഫലിക്കാറില്ല എന്ന് മാത്രം. എന്ന് മാത്രമല്ല, അസാരം പാര്‍ശ്വഫലങ്ങള്‍ അന്യൂനം വരുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ ‘പാര്‍ശ്വഫലം’ എന്ന ഭാഷ തന്നെ തെറ്റാണ്. ഫലം രസാനുഭവവേദ്യമായിരിക്കണം. ഇത് തിരിച്ചാണ്. ഇരട്ടപെറ്റാണ് തിരിച്ച് വരവ്.

തലച്ചോറിനകത്തെ അനേകം കോശങ്ങളില്‍ പണി പതിനെട്ടും പയറ്റിയാണ് ഇതുവരെ അമിതോല്‍ക്കണ്ഠയ്ക്ക് ചികിത്സ ചെയ്തിരുന്നത്. കൊളംബിയ, കാലിഫോര്‍ണിയ സര്‍വ്വകലാശാലകളുടെ സംയുക്ത ഗവേഷണം ഈ കോശങ്ങളുടെ പൊരുള്‍ തേടി ഒരുപാടലഞ്ഞു. അലച്ചിലിനൊടുവില്‍ ബോധോദയം. തലച്ചോറിനെ താങ്ങിനിര്‍ത്തുന്ന തണ്ടിനോട് ഏറ്റവും അടുത്തുള്ള ഹൈപ്പോകാമ്പസിലെ ചില പ്രത്യേക കോശങ്ങളാണ് ഉത്കണ്ഠ ഉണ്ടാക്കുന്നത് എന്നവര്‍ കണ്ടെത്തി. ഹൈപ്പോകാമ്പസ് ആണ് വികാരവിചാരങ്ങളെ വിരല്‍ തൊട്ടുണര്‍ത്തുന്നത്. എലികളിലാണ് പതിവ് പോലെ ഗവേഷണഫലം പരീക്ഷിച്ചത്. ഭയത്തിന് കാരണമായേക്കാവുന്ന ഇടങ്ങളില്‍ എലികളെ വിന്യസിച്ചപ്പോള്‍ ഈ കോശങ്ങള്‍ തലച്ചോറിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ജാഗ്രതാസന്ദേശം പുറപ്പെടുവിച്ചു, പഴയ പുസ്തകത്താളില്‍ പഠിച്ചപോലെ: ലോകം അവസാനിക്കാന്‍ പോകുന്നു; ജീവനില്‍ കൊതിയുള്ളവര്‍ ഏതെങ്കിലും പൊത്തിലോ പോട്ടിലോ പോയി ഒളിച്ചുകൊള്ളുക. ഇതാദ്യമായാണ് ശാസ്ത്രജ്ഞര്‍ ഈ കോശങ്ങളെ അടുത്തറിയുന്നത്. ഇവയുടെ ലോലമായ പദവിന്യാസങ്ങളെ നിയന്ത്രിക്കാനാവുമ്പോള്‍ നമുക്ക് ഉത്കണ്ഠ, ഭയം എന്നീ വികാരങ്ങളെയും അടക്കിനിര്‍ത്തുവാന്‍ കഴിയുന്നു. പ്രത്യേകം അടയാളപ്പെടുത്തുവാന്‍ കഴിഞ്ഞ ഈ കോശങ്ങളെ ‘തുറക്കുവാനും അടയ്ക്കുവാനും കഴിയുന്ന ഉപകരണങ്ങള്‍’ നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

നടപ്പ് കാലത്ത് ഈ പരീക്ഷണവിജയത്തിന് പ്രസക്തിയേറുന്നു. പൂന്താനം പാടിയത് പോലെ ‘പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍..’ എന്ന രീതിയില്‍ മദമാത്സര്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന കലികാലത്ത് നാലിലൊന്ന് ഇന്ത്യക്കാര്‍ ഉത്കണ്ഠാരോഗത്തിന് അടിമകളാണെന്ന് കണ്ടെത്തിയത് ടൈംസ് ഓഫ് ഇന്ത്യയിലെ മാലതി അയ്യരാണ്. അതില്‍ അഞ്ചില്‍ രണ്ട് ഭാഗത്തിന് വിഷാദരോഗം മൂര്‍ച്ഛിച്ചിരിക്കുന്നുവത്രെ. അതായത് ഉത്തമാ, പത്തിലൊന്ന് ഭാരതീയര്‍ മനഃശാസ്ത്രജ്ഞന്റെ ചികിത്സയിലാണ്. എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും എന്നതാണ് കാരണം. അവര്‍ വീരഭദ്രശാലകളില്‍, മാധുര്യകായകല്പ ഖനികളില്‍, ശരീരസൗന്ദര്യവര്‍ദ്ധക യന്ത്രങ്ങളില്‍, ആള്‍ദൈവങ്ങളില്‍, ദിവ്യബാബമാര്‍ ജപിച്ചരുളുന്ന രത്‌നമോതിരങ്ങളില്‍ അഭയം തേടുന്നു. കോര്‍ട്ടിസോള്‍, കോര്‍ട്ടികോട്രോപിന്‍ തുടങ്ങി വികാരവിക്ഷോഭങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഹോര്‍മോണുകള്‍ ഒടുവിലൊടുവില്‍ സമ്മര്‍ദ്ദത്തിലായി ഉത്കണ്ഠകളുടെ പാരമ്യതകളിലേയ്ക്ക് നയിക്കുന്നു എന്ന വിഷമാത്ഭുതസ്ഥിതി സംജാതമാവുന്നു, നമ്മളില്‍ മുപ്പത് കോടിയിലധികം പേരുടെ തലച്ചോറിലും മനസ്സിലും.

ഉത്കണ്ഠയ്ക്ക് കാരണമാവുന്നതില്‍ പ്രധാന പങ്ക് ആര്‍ത്തിയ്ക്കാണ്. സാമ്പത്തികവും രാഷ്ട്രീയവും വിശ്വാസവും ലൗകികതയും ലൈംഗികതയുമായെല്ലാം ബന്ധപ്പെട്ട ആര്‍ത്തികള്‍ തീര്‍ത്താല്‍ തീരാത്തവയാണ്. അനന്തമായ സാഗരത്തില്‍ നിന്ന് തനിക്കൊരു കൈക്കുമ്പിള്‍ ജലം പോലും നിറച്ച് ലഭിക്കുന്നില്ല, ജീവിതമാണെങ്കില്‍ പെട്ടെന്ന് ഓടിത്തീരുന്നു, എന്ന തോന്നലാണ് ആര്‍ത്തിയ്ക്ക് പിന്നില്‍. ഒരു സിനിമയില്‍ ജഗതിയുടെ കഥാപാത്രം പറയുന്ന പോലെ ആര്‍ത്തി മൂത്ത് ഭ്രാന്താവുകയാണ്. വിഷാദരോഗം ഭ്രാന്തിന്റെ ഒരു ചെറിയ രൂപമാണ്; ആളുപദ്രവം ഉണ്ടാവില്ല എന്ന് മാത്രം.

ക്ഷോഭം ഉത്കണ്ഠയ്ക്കും വിഷാദരോഗത്തിനും ഒരു മൂലഹേതു ആണ്. എന്തിനൊക്കെയാണ് നമ്മള്‍ ക്ഷോഭിക്കുന്നത്! ലോകത്ത് നടക്കുന്ന സകല കാര്യങ്ങള്‍ക്കും നമ്മള്‍ ക്ഷോഭിച്ച് വശാവുന്നു. ഒരാളെയോ ഒരു സമൂഹത്തെയോ യാതൊരു സഹിഷ്ണുതയോ മര്യാദയോ മാത്രമല്ല, ഉളുപ്പുപോലുമില്ലാതെ അവഹേളിക്കാന്‍ നമുക്കിന്ന് മടിയില്ലാതായതിന് ഈ ഇടുങ്ങിയ പക്ഷപാതങ്ങളും അഹന്തകളുമാണ് കാരണം, അതില്‍ നിന്നുറഞ്ഞ ക്ഷോഭവും.

നമ്മുടെ കണ്ണിലെ മാത്രം ശരിതെറ്റുകളും ന്യൂസ് അവറുകളും അന്തിചര്‍ച്ചകളും കാളകൂട സീരിയലുകളും വാട്‌സ്ആപ്പും ഫേസ്ബുക്ക് കുറിപ്പുകളും അവയ്ക്കുള്ള തരംതാഴ്ന്ന മറുപടികളും അവയെല്ലാം മനസ്സിനകത്ത് ഉയര്‍ത്തിയടിക്കുന്ന ക്ഷോഭത്തിരമാലകളും വികാരവിക്ഷോഭങ്ങളും കെടുത്തുന്നത് നമ്മുടെ ഉറക്കമാണ്. ഇന്‍സോമ്‌നിയ എന്ന് മനഃശ്ശാസ്ത്രജ്ഞന്മാര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഈ മനോരോഗം പലയളവുകളിലായി 93% ഭാരതീയരെ ബാധിച്ചുകഴിഞ്ഞു. മാര്‍ച്ച് 13 ലോക ഉറക്കദിനം ഒക്കെയായി ആചരിക്കുന്നത് ജനങ്ങളെ ഉറക്കക്കുറവിന്റെ വിപത്തുകളെപ്പറ്റി ബോധവല്‍ക്കരിക്കുവാനാണ്. എന്നിട്ടും ഉറക്കചികിത്സ എന്ന വ്യവസായം പ്രതിവര്‍ഷം 20% വീതം വളര്‍ന്ന് ഇന്ന് എണ്‍പത് കോടി രൂപയുടെ വിപണിയായി മാറി. വിപണികള്‍ വലുതാവുന്നതാണല്ലോ രാജ്യപുരോഗതിയുടെ ഒരു ലക്ഷണം!

എല്ലാക്കാര്യത്തിനും നമുക്ക് അമിതാവേശമാണ്. ആദ്യം കിട്ടിയില്ലെങ്കില്‍ പിന്നെ കിട്ടാതായാലോ എന്ന വേവലാതി. കല്യാണസദ്യയ്ക്ക് കേരളീയര്‍ (സത്യം പറയട്ടെ, കേരളീയര്‍ മാത്രം) ഇടിയ്ക്കുന്ന ഇടിയെല്ലാം ഈ വേവലാതിയുടെ പ്രത്യക്ഷ സാക്ഷിപത്രങ്ങള്‍ ആണ്. വളഞ്ഞ വഴിയിലൂടെ ചുളുവില്‍ കാര്യം നേടിയെടുക്കുന്നത് ഗമയായി കാണുന്ന സമൂഹമാണ് നമ്മുടേത്. (ഓണ്‍ലൈന്‍ വഴി തീവണ്ടി ടിക്കറ്റ് കിട്ടാറായിട്ടും പോര്‍ട്ടര്‍ വഴി കാശുകൊടുത്ത് ‘ബര്‍ത്തൊപ്പിക്കുന്ന’ ശീലം മലയാളി മാറ്റിയിട്ട് അധികകാലമായില്ല. ഇന്നത്തെക്കാലത്തും വിമാന ടിക്കറ്റ് ്ട്രാവല്‍ ഏജന്റ് മുഖേന വാങ്ങുന്നവര്‍ ഏറെയുള്ളത് കേരളത്തില്‍ തന്നെ). റോഡില്‍ ഇരച്ചുപായുന്നതും കവലകളില്‍ പച്ചവെളിച്ചം കാത്തുനില്‍ക്കുന്ന വണ്ടിയുടെ പുറകില്‍ പോയി നിന്ന് ഹോണടിക്കുന്നതും എല്ലാം ഈ അമിതാവേശത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ ആണ്. ആട്-തേക്ക്-മാഞ്ചിയം തുടങ്ങി ബാങ്ക് ഒടിപി തട്ടിപ്പില്‍ വരെ മലയാളി വീണുപോകുന്നതും ഇതേ മനോനില മൂലമാണ്. അമിതാവേശം അടക്കാനായില്ലെങ്കില്‍ അത് ഉത്കണ്ഠയായി മാറുന്നു.

ആള്‍ക്കൂട്ടത്തില്‍ തനിയെ നടക്കുന്ന സ്വഭാവം ഇന്ത്യക്കാര്‍ക്ക് പൊതുവെ ഉള്ളതാണ്. ബസ്സിലും തീവണ്ടിയിലും വിമാനങ്ങളിലും മസിലുപിടിച്ച് ‘മിസ്റ്റര്‍ ഇന്ത്യ’ എന്നുള്ള ഭാവത്തിലുള്ള ഘനഗൗരവത്തിലുള്ള ഇരിപ്പ് വീട്ടിലും നാട്ടിലും തുടരുന്നു. പരസ്പരം പുഞ്ചിരിക്കാത്ത ഈ മനുഷ്യന്‍ അടുത്ത കാലത്ത് പരിണാമം സിദ്ധിച്ചതാണ്; ഫ്‌ളാറ്റ് ജീവിതത്തില്‍ നിന്ന്. പണ്ടിങ്ങനെയായിരുന്നില്ല നമ്മള്‍. ‘മനസ്സിനക്കരെ’യിലെ അമ്മച്ചിയെപ്പോലെ നമ്മള്‍ വഴിയില്‍ കാണുന്ന സകല അപ്പയോടും കുറുന്തോട്ടിയോടും വര്‍ത്തമാനം പറയുമായിരുന്നു. ഇന്ന് നമ്മള്‍ സ്വയം തീര്‍ക്കുന്ന ചുറ്റുമതിലിനകത്ത് ഏകാന്തത തളം കെട്ടുന്നു. മനശ്ചാഞ്ചല്യങ്ങള്‍ക്ക് ഏകാന്തത പോലെ മറ്റൊരു ഫലഭൂയിഷ്ഠതയില്ല.

നമുക്കൊരുത്തരം മാനസിക ഷണ്ഡത്വം ബാധിക്കുന്നുണ്ട്. നമ്മുടെ തലകൊണ്ടല്ല നമ്മള്‍ ചിന്തിക്കുന്നത്; അത് നമ്മള്‍ ഔട്‌സോഴ്‌സ് ചെയ്യുകയാണ്. എന്താണ് ‘ഇക്കാര്യത്തില്‍ നമ്മുടെ പാര്‍ട്ടിയുടെ / ജാതിയുടെ വ്യക്തമായ നിലപാട്’ എന്ന് മനസ്സിലാക്കി മാത്രമേ നമ്മള്‍ ബാക്കി ചിന്തിക്കുന്നുള്ളൂ. തലകൊണ്ടല്ലാതെ വക്ഷോജം കൊണ്ടും ലിംഗം കൊണ്ടും ചിന്തിക്കുന്നവരെ അടുത്തകാലത്ത് കാണുന്നു. തനിക്ക് ആശിച്ചതെല്ലാം കരഗതമാവാത്തത് കഴിവുകുറവ് കൊണ്ടാണ് എന്ന അപകര്‍ഷതാബോധം വീണ്ടും ബാക്കി. നെരിപ്പോട് പുകയുന്നു.

വഴിയേ പോയ അനാവശ്യമായ സമ്മര്‍ദ്ദത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത് ഒരു വലിയ കഴിവാണ്. പണ്ട് ‘എവറെഡി’ ബാറ്ററിയുടെ പരസ്യത്തില്‍ ‘9’ എന്ന അക്കത്തിലെ ദ്വാരത്തിലൂടെ പകുതി ഉടല്‍ കടത്തിയ പൂച്ചയുടെ ചിത്രം വരുമായിരുന്നു. എനിക്ക് തോന്നുന്നത് അത് എല്ലാ കാര്യത്തിലും തലയിടുന്ന ഒരു ശരാശരി മലയാളിയുടെ ചിത്രമാണെന്നാണ്. ഈ സ്വഭാവം ഇല്ലായിരുന്നെങ്കില്‍, ഒരു ഉദാഹരണത്തിന്, നമുക്ക് സിനിമാതാരങ്ങളുടെ പേരില്‍ അടികൂടേണ്ടി വരുമായിരുന്നില്ല.

കാര്യങ്ങള്‍ ഇങ്ങനെ പോകുകയാണെങ്കില്‍ ഹൈപ്പോകാമ്പസിലെ കോശങ്ങള്‍ക്ക് അടച്ചുതുറക്കാനാവുന്ന ഒരു വാല്‍വ് പിടിപ്പിക്കുന്നത് നല്ലതാണ്. ചികിത്സയില്ലാത്ത നമ്മുടെ ഉത്കണ്ഠകള്‍ക്ക് അങ്ങിനെ ഒരു ഇടവേള കിട്ടുമെങ്കില്‍ ആവട്ടെ. അല്ലെങ്കില്‍, ഈ ഫേസ്ബുക്ക് കാലത്ത് (ഒടുക്കാന്‍കാലത്ത്!) ആ വിഷമൂര്‍ച്ഛയില്‍ പിടഞ്ഞ് ചിരിമാഞ്ഞ് പോയ ചുണ്ടിന്റെ കോണിലൊരു പരിഹാസമുദ്ര, ജീവിതത്തിന്റെയും സൗഹൃദത്തിന്റെയും മൃതിമുദ്ര, മാത്രമേ കാണാന്‍ ബാക്കിയുണ്ടാവൂ.

Comments

comments

Categories: FK Special, Slider
Tags: depression