പാസഞ്ചര്‍ വാഹന വില്‍പ്പന ഇടിവ് നേരിട്ടു

പാസഞ്ചര്‍ വാഹന വില്‍പ്പന ഇടിവ് നേരിട്ടു

കഴിഞ്ഞ മാസം പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 0.43 ശതമാനം കുറഞ്ഞ് 238692 യൂണിറ്റിലെത്തി

ന്യൂഡെല്‍ഹി: വമ്പന്‍ ഡിസ്‌കൗണ്ടുകളുടെ സാഹായത്തോടെ റീട്ടെയ്ല്‍ വില്‍പ്പന നടന്നെങ്കിലും ഡിസംബറില്‍ രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പന ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. ഉല്‍സവ സീസണിനു ശേഷം കാര്‍ നിര്‍മാതാക്കള്‍ വാഹന വിലയില്‍ മാറ്റം കൊണ്ടുവന്നുവെങ്കിലും ഫലമുണ്ടായില്ല.

വാഹന നിര്‍മാതാക്കളുടെയും വാഹന എന്‍ജിന്‍ നിര്‍മാതാക്കളുടെയും സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്‌ച്വേഴ്‌സ്( സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 0.43 ശതമാനം കുറഞ്ഞ് 238692 യൂണിറ്റിലെത്തി. അതേസമയം, വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 7.80 ശതമാനം ഇടിഞ്ഞ് 75984 യൂണിറ്റായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇരുചക്ര വാഹനങ്ങളുടെ വിപണിയിലും മാന്ദ്യം നേരിട്ടു. ഡിസംബര്‍ മാസത്തില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 2.23 ശതമാനം ഇടിഞ്ഞ് 1259026 യൂണിറ്റിലെത്തി.

2018 ജൂലൈക്ക് ശേഷം നാല് മാസങ്ങളായി തുടര്‍ച്ചയായി പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവ് നേരിടുന്നുണ്ടായിരുന്നുവെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിച്ചിരുന്നു. ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ വര്‍ധന, പലിശനിരക്കുകളിലുണ്ടായ മാറ്റം, ഉയര്‍ന്ന ഇന്ധന വില, ഉപഭോക്തൃ ഡിമാന്‍ഡില്‍ ഉണ്ടായ കുറവ് എന്നിവയായിരുന്നു ഇടിവിനു കാരണമായത്.

എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ധനവിലയിലുണ്ടായ കുറവും വിപണിയിലുണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയും ഉപഭോക്തൃ ആവശ്യകതയില്‍ വര്‍ധനവുണ്ടാക്കുകയും വാഹന വിപണയില്‍ ഉണര്‍വുണ്ടാക്കുകയും ചെയ്യുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ മുഴുവന്‍ കലണ്ടര്‍ വര്‍ഷത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന അഞ്ച് ശതമാനം വര്‍ധിച്ച് 3394757 യൂണിറ്റിലെത്തിയിരുന്നു. വാണിജ്യ വാഹന വില്‍പ്പന 27 ശതമാനം വര്‍ധിച്ച് 1005380 യൂണിറ്റിലെത്തിയപ്പോള്‍ ഇരുചക്ര വാഹന വില്‍പ്പന 12.84 ശതമാനം ഉയര്‍ന്ന് 21645169 യൂണിറ്റിലെത്തി.

Comments

comments

Categories: Auto