ലംബോര്‍ഗിനി ഉറുസിനെ വെല്ലാന്‍ ബെന്റയ്ഗ സ്പീഡ്

ലംബോര്‍ഗിനി ഉറുസിനെ വെല്ലാന്‍ ബെന്റയ്ഗ സ്പീഡ്

6.0 ലിറ്റര്‍, ട്വിന്‍ ടര്‍ബോ, ഡബ്ല്യു12 എന്‍ജിന്‍ കരുത്തേകും

ലണ്ടന്‍ : ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബെന്റ്‌ലി മോട്ടോഴ്‌സ് അടുത്ത ബിഗ് ലോഞ്ചിന് ഒരുങ്ങുന്നു. ബെന്റയ്ഗ സ്പീഡ് എന്ന ഹൈ-പെര്‍ഫോമന്‍സ് എസ്‌യുവിയാണ് ബെന്റ്‌ലി മോട്ടോഴ്‌സ് വിപണിയിലെത്തിക്കുന്നത്. ബെന്റ്‌ലി ബെന്റയ്ഗ എന്ന അള്‍ട്രാ-ലക്ഷ്വറി ക്രോസ്ഓവര്‍ എസ്‌യുവിക്ക് മുകളിലായിരിക്കും പുതിയ മോഡലിന് സ്ഥാനം. വൈകാതെ വിപണിയിലെത്തിക്കും.

6.0 ലിറ്റര്‍, ട്വിന്‍ ടര്‍ബോ, ഡബ്ല്യു12 എന്‍ജിനായിരിക്കും ബെന്റ്‌ലി ബെന്റയ്ഗ സ്പീഡിന് ബെന്റ്‌ലി മോട്ടോഴ്‌സ് നല്‍കുന്നത്. ഈ മോട്ടോര്‍ 600 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. എന്നാല്‍ 650 എച്ച്പി ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്‌തേക്കും. ലംബോര്‍ഗിനി ഉറുസിനേക്കാള്‍ ഒമ്പത് കുതിരശക്തി കരുത്ത് കൂടിയവനായിരിക്കും ബെന്റ്‌ലി ബെന്റയ്ഗ സ്പീഡ്. ലംബോര്‍ഗിനി ഉറുസിലെ 4.0 ലിറ്റര്‍ എഫ്എസ്‌ഐ ട്വിന്‍ ടര്‍ബോ എന്‍ജിന്‍ 641 എച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്.

താരതമ്യപ്പെടുത്തുമ്പോള്‍, കൂടുതല്‍ കരുത്തുറ്റ എസ്‌യുവികള്‍ വിപണിയിലുണ്ട്. ഉദാഹരണത്തിന് 707 എച്ച്പി കരുത്തില്‍ കുതിക്കുന്ന ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീ ട്രാക്ക്‌ഹോക് ഹെല്‍ക്യാറ്റ്. എന്നാല്‍ പെര്‍ഫോമന്‍സ് എന്നതിനേക്കാള്‍ ആഡംബരത്തിന് പ്രാധാന്യം നല്‍കുന്നവരെ തൃപ്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് 650 കുതിരശക്തിയായി ബെന്റ്‌ലി ബെന്റയ്ഗ സ്പീഡിന്റെ കരുത്ത് പരിമിതപ്പെടുത്തുന്നത്.

പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ബെന്റയ്ഗ സ്പീഡിന് നാല് സെക്കന്‍ഡില്‍ താഴെ സമയം മതിയാകും. മണിക്കൂറില്‍ 304 കിലോമീറ്ററാണ് ടോപ് സ്പീഡ്. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍, മെഴ്‌സേഡീസ് ബെന്‍സ് ജിഎല്‍ഇ 63, വരാനിരിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ് എന്നിവയാണ് എതിരാളികള്‍. ഈ വര്‍ഷം പകുതിക്കുമുന്നേ ബെന്റയ്ഗ സ്പീഡ് അനാവരണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto