ഹോണ്ട ജാസ് ഇവി ഇന്ത്യയില്‍ പരീക്ഷിക്കുന്നു

ഹോണ്ട ജാസ് ഇവി ഇന്ത്യയില്‍ പരീക്ഷിക്കുന്നു

ജാസ് എന്ന ബാഡ്ജിലാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം പരീക്ഷണ ഓട്ടം നടത്തുന്നത്

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വാഹന വിപണിയിലേക്ക് കൂടുതല്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ കടന്നുവരുന്നു. ഹോണ്ട ജാസിന്റെ ഇലക്ട്രിക് വേര്‍ഷന്‍ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതാണ് ഇതുസംബന്ധിച്ച പുതിയ വാര്‍ത്ത. 2023-24 ഓടെ ഇന്ത്യയില്‍ ആദ്യ ഇലക്ട്രിക് കാര്‍ പുറത്തിറക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഹോണ്ടയുടെ ഇലക്ട്രിക് കാര്‍ അതിനുമുന്നേ ഇന്ത്യയില്‍ എത്തുമോയെന്നാണ് ഇനി അറിയേണ്ടത്.

ജാസ് എന്ന ബാഡ്ജിലാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ ഫിറ്റ് എന്ന പേരിലാണ് ഹോണ്ട ജാസ് വില്‍ക്കുന്നത്. ഇലക്ട്രിക് വാഹനത്തിന് ജാസ് എന്ന ബാഡ്ജ് നല്‍കിയതിനാല്‍ ഇന്ത്യന്‍ വിപണി തന്നെയാണ് ലക്ഷ്യമെന്ന് കരുതാം. ഹോണ്ട ജാസ് ഇവി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.

പരീക്ഷണ ഓട്ടം നടത്തുന്ന കാറിന്റെ ഡിസൈന്‍, സ്‌റ്റൈലിംഗ്, ബോഡി കളര്‍ എന്നിവ ഹോണ്ട ഫിറ്റ് ഇലക്ട്രിക് കാറിന് സമാനമാണ്. റെഗുലര്‍ ജാസ് ഹാച്ച്ബാക്കില്‍നിന്ന് വ്യത്യസ്തമാണ് പരീക്ഷണ ഓട്ടം നടത്തുന്ന കാറിന്റെ പിന്‍ഭാഗം. റെഗുലര്‍ ജാസ് ഹാച്ച്ബാക്കില്‍ ലംബമായി നല്‍കിയിരിക്കുന്ന ടെയ്ല്‍ലാംപുകളാണെങ്കില്‍ ജാസ് ഇലക്ട്രിക് കാറിലേത് ചെറിയ റാപ്എറൗണ്ട് ടെയ്ല്‍ലാംപുകളാണ്. കൂടാതെ പരീക്ഷണം നടത്തുന്ന കാറില്‍ വലിയ സ്‌പോയ്‌ലര്‍ നല്‍കിയിരിക്കുന്നു. റിയര്‍ വിന്‍ഡ്ഷീല്‍ഡിന്റെ ഇരുവശങ്ങളിലേക്കും സ്‌പോയ്ല്‍ നീണ്ടതായി കാണാം. റിയര്‍ ബംപര്‍ കൂടുതല്‍ ദൃഢമാണ്. സ്‌പോര്‍ടി അലോയ് വീലുകള്‍ ലഭിച്ചു.

300 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന പുതിയ ഇലക്ട്രിക് മോട്ടോറിലായിരിക്കും ആഗോളതലത്തില്‍ പുതിയ ഹോണ്ട ജാസ് (ഫിറ്റ്) ഇവി വരുന്നത്. ഈ കാര്‍ ചൈനയില്‍ മാത്രമായിരിക്കും തല്‍ക്കാലം പുറത്തിറക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രിക് പവര്‍ ഉപയോഗിക്കുന്ന ഒരേയൊരു ഹോണ്ട മോഡല്‍ അക്കോര്‍ഡ് ഹൈബ്രിഡ് കാറാണ്. പൂര്‍ണ്ണമായി നിര്‍മ്മിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ്.

Comments

comments

Categories: Auto
Tags: Honda Jazz