ഫ്യൂച്ചര്‍ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത് 1000 കോടി രൂപയുടെ ഓണ്‍ലൈന്‍ വില്‍പ്പന

ഫ്യൂച്ചര്‍ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത് 1000 കോടി രൂപയുടെ ഓണ്‍ലൈന്‍ വില്‍പ്പന

സര്‍ക്കാരിന്റെ പുതിയ ഇ- കൊമേഴ്‌സ് നയം വലിയ മാറ്റങ്ങളുള്ളതാണെന്ന് കരുതുന്നില്ലെന്ന് കിഷോര്‍ ബിയാനി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ വില്‍പ്പന ഓണ്‍ലൈനില്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ കിഷോര്‍ ബിയാനി. ഇ- കൊമേഴ്‌സിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തുകയാണ്. ഫാഷന്‍ മേഖലയിലെ തങ്ങളുടെ ഫാഷന്‍ ഡിസികൗണ്ട് റീട്ടെയ്ല്‍ ശൃംഖലയായ ബ്രാന്‍ഡ് ഫാക്റ്ററിക്ക് ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഓണ്‍ലൈന്‍ വില്‍പ്പനയുണ്ടാകുമെന്നും ബിയാനി അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഓണ്‍ലൈന്‍ വില്‍പ്പനയുടെ മൂല്യം വെളിപ്പെടുത്താന്‍ മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കവേ ബിയാനി തയാറായില്ല.

നിലവില്‍ എഫ്ബിബി, ഫ്യൂച്ചര്‍ ലൈഫ്‌സ്റ്റൈല്‍ എന്നീ ബ്രാന്‍ഡുകളിലൂടെ ഫാഷന്‍ വിഭാഗത്തിലെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ബ്രാന്‍ഡ് ഫാക്റ്ററിയിലൂടെ തങ്ങളുടെ ഇ- കൊമേഴ്‌സ് സാന്നിധ്യം ശക്തമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നേരത്തേ ഫാബ് ഫര്‍ണിഷ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ സ്റ്റോര്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് ഉണ്ടായിരുന്നു.
സര്‍ക്കാരിന്റെ പുതിയ ഇ- കൊമേഴ്‌സ് നയം വലിയ മാറ്റങ്ങളുള്ളതാണെന്ന് കരുതുന്നില്ലെന്നാണ് ബിയാനി അഭിപ്രായപ്പെടുന്നത്. നിലവിലുണ്ടായിരുന്ന നയത്തിലെ പല കാര്യങ്ങള്‍ക്കും വ്യക്തത വരുത്തുകയാണ് പുതിയ നയത്തിലൂടെ ഉണ്ടായിട്ടുള്ളത്. പുതിയ നയം പരമ്പരാഗത സ്റ്റോറുകളെ സഹായിക്കുന്നതാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ-കൊമേഴ്‌സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ കടുപ്പിച്ചിരുന്നു. ഇതുപ്രകാരം വിദേശ നിക്ഷേപമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക്് അവയുടെ ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാവില്ല. ഒരു പ്ലാറ്റ്‌ഫോമിലൂടെ മാത്രമുള്ള എക്‌സ്‌ക്ലൂസിവ് വില്‍പ്പനയും അവസാനിപ്പിക്കും. നയത്തിലെ മാറ്റങ്ങള്‍ സംഭവിച്ചാലും ഇല്ലെങ്കിലും തങ്ങളുടെ ഡിജിറ്റല്‍ യാത്ര മുന്നോട്ടു കൊണ്ടുപോകുമെന്നാണ് കിഷോര്‍ ബിയാനി പറയുന്നത്.

ഫ്യൂച്ചര്‍ റീട്ടെയ്‌ലില്‍ 9.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ യുഎസ് ആസ്ഥാനമായ ആമസോണ്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളോടെ കിഷോര്‍ ബിയാനി പ്രതികരിച്ചില്ല.

Comments

comments

Categories: FK News
Tags: Future Group