വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണ

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണ

ഈ മാസം 18 ന് പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് വൈദ്യുതി നിയന്ത്രണ കമ്മീഷന്‍ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്രശതമാനം നിരക്ക് വര്‍ധിപ്പിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല.

ഡിസംബര്‍ 31 ന് പ്രഖ്യാപിക്കേണ്ടിയിരുന്നതായിരുന്നു പുതിയ നിരക്ക്. എന്നാല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് (കെഎസ്ഇബി)സമര്‍പ്പിച്ച നിരക്ക് വര്‍ധന സംബന്ധിച്ച പട്ടികയില്‍ പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് പ്രഖ്യാപനം വൈകിയത്. ഈമാസം 18 ന് പുതിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവിലുള്ള നിരക്കിന്റെ പ്രാബല്യം മാര്‍ച്ച് മാസം വരെ നീട്ടിയിട്ടുണ്ട്. 18ന് പ്രഖ്യാപിക്കുന്ന പുതിയ നിരക്കിന് ഈ മാസം ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനും സാധ്യതയുണ്ട്.

നിരക്ക് വര്‍ധന സംബന്ധിച്ച് കമ്മീഷനില്‍ ചര്‍ച്ച തുടരുകയാണ്. എന്നാല്‍ വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടയത്രയും വര്‍ധന അനുവദിക്കാനിടയില്ലെന്നാണ് സൂചന.

പുതിയ നിരക്ക് വര്‍ധന അടുത്ത നാല് വര്‍ഷത്തേക്കാണ്. രണ്ട് തവണയായി ഏഴായിരം കോടി രൂപയുടെ അധികവരുമാനം ലഭിക്കുന്ന വിധം നിരക്ക് കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്‌സഡ് ചാര്‍ജ് കൂട്ടുന്നതും ഉള്‍പ്പെടെയാണിത്. ഈ വര്‍ഷവും അടുത്ത വര്‍ഷവും 10 ശതമാനം നിരക്കും 2020-21 വര്‍ഷത്തില്‍ ഏഴ് ശതമാനം ഉയര്‍ന്ന നിരക്കുമാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്.

കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ ഉപഭോക്താക്കള്‍ നിരക്ക് കൂട്ടുന്നതിനെതിരെ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ നഷ്ടം കണക്കിലെടുത്ത് നിരക്ക് വര്‍ധിപ്പിക്കുമെന്നതാണ് കമ്മീഷന്റെ നിലപാട്.

Comments

comments

Categories: FK News

Related Articles