കോടീശ്വരന്മാരുടെ നഗരത്തില്‍ 45കോടിയുടെ രണ്ട് വീടുകള്‍ വാങ്ങാനൊരുങ്ങി സച്ചിന്‍ ബന്‍സാല്‍

കോടീശ്വരന്മാരുടെ നഗരത്തില്‍ 45കോടിയുടെ രണ്ട് വീടുകള്‍ വാങ്ങാനൊരുങ്ങി സച്ചിന്‍ ബന്‍സാല്‍

1 ബില്യണ്‍ ഡോളറാണ് ഫഌപ്പ്കാര്‍ട്ട് ഇടപാടിലൂടെ സച്ചിന്‍ ബന്‍സാല്‍ സ്വന്തമാക്കിയത്

ബെംഗലൂരു ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ഇടപാടിലൂടെ കോടീശ്വരനായ ഫളിപ്പ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ ബെഗംലൂരുവിലെ ആഢംബര നഗരിയില്‍ രണ്ട് വീടുകള്‍ വാങ്ങാനൊരുങ്ങുന്നു. 45 കോടി രൂപയ്ക്കാണ് ബില്യണയര്‍മാരുടെ ഇഷ്ടനഗരമെന്ന് അറിയപ്പെടുന്ന കോറമംഗളയില്‍ സച്ചിന്‍ ബന്‍സാല്‍ വീടുകള്‍ വാങ്ങാനൊരുങ്ങുന്നത്.

ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ഫഌപ്പ്കാര്‍ട്ടിനെ ആഗോള ഭീമനായ വാള്‍മാര്‍ട്ട് ഏറ്റെടുത്തത് കഴിഞ്ഞ വര്‍ഷം മെയ്മാസത്തിലാണ്. 1.08 ലക്ഷം കോടി രൂപയുടെ ഈ ഇടപാട് ഇന്ത്യന്‍ വ്യാവസായിക ലോകത്തില്‍ പുതിയ ചരിത്രമാണ് ഉണ്ടാക്കിയത്. ഏകദേശം 1 ബില്യണ്‍ ഡോളറാണ് ഫഌപ്പ്കാര്‍ട്ട് ഇടപാടിലൂടെ സച്ചിന്‍ ബന്‍സാലിന് ലഭിച്ചതെന്നാണ് കണക്ക്.

ശതകോടീശ്വരന്മാരുടെ നഗരമെന്ന് അറിയപ്പെടുന്ന കോറമംഗളയില്‍ ഇപ്പോഴുള്ള സ്വന്തം വീടിന് പുറമേയാണ് സച്ചിന്‍ മറ്റ് രണ്ട് വീടുകള്‍ കൂടി വാങ്ങാന്‍ ഒരുങ്ങുന്നത്. 5,800 ചതുരശ്ര അടി, 5,000 ചതുരശ്ര അടി വീതം വലുപ്പമുള്ള വീടുകളാണ് സച്ചിന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.ചതുരശ്ര അടിക്ക് 44,000 രൂപ, 38,000 രൂപ നിരക്കിലാണ് വീടുകള്‍ വാങ്ങുന്നത്. എന്നാല്‍ ഈ വാര്‍ത്ത സംബന്ധിച്ച പതികരണത്തിന് സച്ചിന്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ബെംഗലൂരുവിലെ റെസിഡന്‍ഷ്യല്‍ മേഖലകളില്‍ ഭീമന്‍ ഇടപാടുകള്‍ സാധാരണമാകുകയാണ്. വ്യവസായ പ്രമുഖരും ന്യൂജെന്‍ സംരംഭകരുമാണ് വലിയ തുകകള്‍ക്ക് ബെംഗലൂരുവില്‍ ആഢംബര സൗധങ്ങള്‍ സ്വന്തമാക്കുന്നത്. കോറമംഗളയും ലാവെല്ല റോഡുമാണ് പുത്തന്‍ പണക്കാരുടെ പ്രിയഇടങ്ങള്‍. സ്വന്തം അധ്വാനത്തിലൂടെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ച ഇന്‍ഫോസിസ് സഹസ്ഥാപകരായ നന്ദന്‍ നിലേഖനി, ക്രിസ് ഗോപാലകൃഷ്ണന്‍, നാരായണ ഹെല്‍ത്ത് സ്ഥാപകനായ ഡോ. ദേവി ഷെട്ടി, ബിപിഎല്‍ മൊബീല്‍ സ്ഥാപകന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കം നിരവധി സമ്പന്നര്‍ താമസിക്കുന്ന സ്ഥലമാണ് കോറമംഗള.

ഫഌപ്പ്കാര്‍ട്ട് സഹസ്ഥാപകനായ ബിന്നി ബന്‍സാല്‍ മൂന്ന് വര്‍ഷം മുമ്പ് കോറമംഗളയില്‍ 32 കോടി രൂപയുടെ പതിനായിരം ചതുരശ്ര അടി വലിപ്പത്തിലുളള വീട് സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: FK News