ചൈന-പാക് സാമ്പത്തിക ഇടനാഴിയില്‍ സൗദിയും

ചൈന-പാക് സാമ്പത്തിക ഇടനാഴിയില്‍ സൗദിയും
  • 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ പാക്കിസ്ഥാനില്‍ സൗദിയുടെ ഓയില്‍ റിഫൈനറി
  • ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡിന്റെ ഭാഗമാണ് സാമ്പത്തിക ഇടനാഴി
  • പദ്ധതി വരുന്നത് തന്ത്രപ്രധാനമായ ഗ്വാദര്‍ തുറമുഖ പ്രദേശത്ത്

ഗ്വാദര്‍: നവകൊളോണിയല്‍ ശക്തിയാകാന്‍ ചൈന നടപ്പാക്കുന്ന അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡിന്റെ ഭാഗമാകാന്‍ സൗദി അറേബ്യയും. ബെല്‍റ്റ് റോഡിന്റെ നട്ടെല്ലായ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാകാനാണ് സൗദി അറേബ്യ ഒരുങ്ങുന്നത്. ഇതിനായി 10 ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ എണ്ണ ശുദ്ധീകരണശാല നിര്‍മിക്കുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

ബലൂചിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തുള്ള ഗ്വാദര്‍ തുറമുഖ പ്രദേശത്താണ് സൗദിയുടെ വമ്പന്‍ റിഫൈനറി വരുന്നത്. പാക്കിസ്ഥാന്‍ അധീന കശ്്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് ഇതെന്നതിനാല്‍ ഇന്ത്യ ജാഗ്രതയോടെയാകും സൗദിയുടെ പുതിയ നീക്കത്തെ നോക്കിക്കാണുക.

വളരെ തന്ത്രപ്രധാനമാണ് ഗ്വാദര്‍ തുറമുഖത്തിന്റെ കിടപ്പ്. 2013 ഫെബ്രുവരിയിലാണ് ഇതിന്റെ നടത്തിപ്പ് ചുമതല ചൈനയ്ക്ക് കൈമാറാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. സുഡാന്‍ തുറമുഖം വരെയുള്ള കടല്‍പ്പാതയിലെ വിനിമയ ബന്ധം സജീവമാക്കാനും എണ്ണകൊണ്ടുവരുന്നതിനും ചൈനയ്ക്ക് ഇത് വലിയ തോതില്‍ പ്രയോജനപ്പെടുമെന്നതിനാല്‍ വലിയ വ്യാപാരമാനം ആ തീരുമാനത്തിനുണ്ടായിരുന്നു. ഗ്വാദര്‍ തുറമുഖത്തെ ക്രമേണ നാവികസേനാ താവളമായി വികസിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. പാക്കിസ്ഥാന്റെ താല്‍പ്പര്യവും അതുതന്നെ.

സൗദിയുടെ അകമഴിഞ്ഞ സഹായം

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പാക്കിസ്ഥാന് കൈയഴിഞ്ഞ സഹായം നല്‍കുകയാണ് സൗദി അറേബ്യ. അടുത്തിടെ ആറ് ബില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ പുതിയ റിഫൈനറി വരുന്നത്.

പാക്കിസ്ഥാന്റെ സാമ്പത്തിക വികസനം സ്ഥിരതയാര്‍ന്നതാക്കാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് ഓയില്‍ റിഫൈനറി നിര്‍മിക്കുന്നത്. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാകുന്നതിന് പിന്നിലെ കാരണവും അതുതന്നെ-സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിയുടെ വാക്കുകള്‍ ഇങ്ങനെ വായിച്ചെടുക്കാം.

ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കുന്നതിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നും ഖാലിദ് അല്‍ ഫാലി പറഞ്ഞു. ഇതുകൂടാതെ പാക്കിസ്ഥാന്റെ വികസനത്തിന് സഹായിക്കുന്ന നിരവധി മേഖലകളില്‍ വമ്പന്‍ നിക്ഷേപം നടത്താനാണ് സൗദി അറേബ്യയുടെ പദ്ധതി.

ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി(സിപിഇസി)ക്കായി ബെയ്ജിംഗ് 60 ബില്ല്യണ്‍ ഡോളറാണ് നീക്കിവച്ചിരിക്കുന്നത്. വലിയ ഊര്‍ജ്ജ നിലയങ്ങളുടെ സ്ഥാപനം, വമ്പന്‍ ഹൈവേകള്‍, റെയ്ല്‍ സംവിധാനങ്ങള്‍, ഉയര്‍ന്ന ശേഷിയുള്ള തുറമുഖങ്ങള്‍ തുടങ്ങി വലിയ തോതിലുള്ള അടിസ്ഥാനസൗകര്യ പദ്ധതികളിലൂടെ പടിഞ്ഞാറന്‍ ചൈനയെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന മാര്‍ഗ്ഗമായി പാക്കിസ്ഥാനെ മാറ്റുകയാണ് സിപിഇസിയിലൂടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് ഉദ്ദേശിക്കുന്നത്.

ഗ്വാദറില്‍ എണ്ണ സംസ്‌കരണശാല സ്ഥാപിക്കുന്നതിലൂടെ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ പ്രധാനഭാഗമായി സൗദി അറേബ്യയും മാറുകയാണ്-പാക്കിസ്ഥാന്‍ പെട്രോളിയം മന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍ പറഞ്ഞു. സൗദി ഊര്‍ജ്ജ ഗുലാം സര്‍വാറുമായും പാക്കിസ്ഥാന്‍ മന്ത്രിസഭയിലെ അലി സയ്ദിയുമായും ഗ്വാദറില്‍ വെച്ച് ചര്‍ച്ച നടത്തിയതായി സൗദി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനിലെ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകള്‍ക്ക് ഫാലി അന്തിമരൂപം നല്‍കിയ ശേഷമായിരിക്കും ധാരണാപത്രം ഒപ്പുവെക്കുക.

എണ്ണ ശുദ്ധീകരണശാല, പെട്രോകെമിക്കല്‍സ്, പുനരുപയോഗ ഊര്‍ജ്ജം, മൈനിംഗ് തുടങ്ങിയ നാല് മേഖലകളിലാണ് സൗദി അറേബ്യക്ക് പാക്കിസ്ഥാനിലുള്ള നിക്ഷേപ താല്‍പ്പര്യമെന്ന് പാക്കിസ്ഥാന്റെ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ചെയര്‍മാന്‍ ഹറൂണ്‍ ഷറീഫ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ചുമതലയേറ്റ ശേഷം സൗദി അറേബ്യ, യുഎഇ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വലിയ തോതിലുള്ള സാമ്പത്തിക സഹായം നേടിയെടുക്കുന്നതില്‍ പാക്കിസ്ഥാന്‍ വിജയിച്ചിരുന്നു. പാക്കിസ്ഥാന് സഹായമായി 6.2 ബില്ല്യണ്‍ ഡോളര്‍ നല്‍കാനാണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്.

ഫാസിസത്തിന്റെ ബെല്‍റ്റ് റോഡ്

സിപിഇസി പോലുള്ള പദ്ധതികളില്‍ സൗദി അറേബ്യ അത്യുല്‍സാഹം കാണിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കയുളവാക്കുന്ന കാര്യമാണ്

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ സ്വപ്‌ന പദ്ധതിയായാണ് ബെല്‍റ്റ് റോഡ് വിലയിരുത്തപ്പെടുന്നത്. നിരവധി രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ളതാണ് ഈ അടിസ്ഥാനസൗകര്യ നിക്ഷേപ പ്രൊജക്‌റ്റെങ്കിലും ചൈനയുടെ രാഷ്ട്രീയ സ്വാധീനം മറ്റ് രാജ്യങ്ങളില്‍ വര്‍ധിപ്പിക്കുക എന്നതിനായിരിക്കും ബെല്‍റ്റ് റോഡിന്റെ മുന്‍ഗണനയെന്ന് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികപരമായി ഈ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന നേട്ടങ്ങളേക്കാള്‍ ചൈനയുടെ ശ്രദ്ധ ബെല്‍റ്റ് റോഡിലൂടെ രാഷ്ട്രീയ സ്വാധീനം നേടിയെടുക്കുന്നതിനായിരിക്കും. യഥാര്‍ത്ഥത്തില്‍ ഈ പദ്ധതി കൊണ്ട് ചൈന ഉദ്ദേശിക്കുന്നത് അത് മാത്രമാണ് എന്നതാണ് വസ്തുത.

ലോകപൊലീസാകാനുള്ള ചൈനയുടെ മോഹമാണ് ബെല്‍റ്റ് റോഡിന്റെ പ്രധാന മൂലധനം. പുതിയ മാവോ ആയി ഷി ജിന്‍പിംഗിനെ അവരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്നും പറയാം. അതുകൊണ്ടാണ് ബെല്‍റ്റ് റോഡ് പദ്ധതി ഭരണഘടനയുടെ ഭാഗമായി തന്നെ മാറ്റാന്‍ ചൈന തയാറായത്. എന്ത് വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്നാണ് ഷി ജിന്‍പിംഗ് വ്യക്തമാക്കിയിരിക്കുന്നത്. ബെല്‍റ്റ് റോഡിനെതിരെ ആഗോള തലത്തില്‍ തന്നെ എതിര്‍പ്പുന്നയിച്ച പ്രധാന രാജ്യം ഇന്ത്യയാണ്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ബെല്‍റ്റ് റോഡ് ഫോറത്തിന്റെ ആദ്യ ഉച്ചകോടിയില്‍ പങ്കെടുത്തപ്പോള്‍ ചൈനയുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് ഇന്ത്യ അതില്‍ നിന്നും വിട്ടുനിന്നു.

ബെല്‍റ്റ് റോഡിന്റെ പ്രധാന ഭാഗമെന്ന് പറയാവുന്ന ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക്കിസ്ഥാന്‍ അധീന കശ്മീരിലൂടെയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന പദ്ധതി കൂടിയാണിത്. ഇതിനെതിരെ ഇന്ത്യ നിലപാടെടുക്കാനുള്ള പ്രധാന കാരണവും അതുതന്നെയാണ്. ഈ വമ്പന്‍ പദ്ധതി ചൈനയുടെ അധിനിവേശ ശ്രമങ്ങളുടെ ഭാഗമായാണെന്ന ഇന്ത്യയുടെ നിലപാട് ശരിവെക്കുന്ന നിലപാടാണ് ഇപ്പോള്‍ പലരും കൈക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ സൗദി അറേബ്യ കൂടി ചൈനയും പാക്കിസ്ഥാനുമൊപ്പം ഈ പദ്ധതിയുടെ പ്രധാന ഭാഗമാകുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യന്തം ജാഗ്രത വേണ്ട വിഷയമാണ്. സൗദിയുമായുള്ള ബന്ധം ശക്തമാക്കുന്ന നിലപാടണ് അടുത്തിടെയായി ഇന്ത്യ സ്വീകരിച്ചുപോരുന്നത്. സിപിഇസി പോലുള്ള പദ്ധതികളില്‍ അത്യുല്‍സാഹം കാണിക്കുന്ന പ്രവണതയാണെങ്കില്‍ ഇന്ത്യ നിലപാട് മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതാകും നല്ലത്. സൗദിയുടെ പ്രധാന ശത്രുവായ ഇറാനോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ പുതിയ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മാറ്റമുണ്ടാകുമോയെന്നതും ചിലര്‍ ഉറ്റുനോക്കുന്നുണ്ട്.

Comments

comments

Categories: Arabia
Tags: China-Pak