കേന്ദ്രം ശരിയായ ദിശയില്‍; എഡിബി

കേന്ദ്രം ശരിയായ ദിശയില്‍; എഡിബി

യുബിഐ പദ്ധതി പ്രകാരമുള്ള ധനസഹായം ആധാര്‍ കാര്‍ഡ് മുഖേന ഗുണഭോക്താവിന്റെ എക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാന്‍ സാധിക്കുന്ന ഇന്ത്യയിലെ സാഹചര്യം പ്രശംസിനീയമെന്ന് എഡിബി ഡയറക്ടര്‍

ന്യൂഡെല്‍ഹി: സാര്‍വ്വത്രിക അടിസ്ഥാന വരുമാന(യുബിഐ) പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് പദ്ധതി സംബന്ധിച്ച് കേന്ദ്രം വിശദമായ ആലോചന നടത്തണമെന്ന് ഏഷ്യന്‍ വികസന ബാങ്ക്(എഡിബി). പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് കൂടുതല്‍ വിലയിരുത്തലുകള്‍ ആവശ്യമാണെന്നാണ് എഡിബിയുടെ ഇന്ത്യയിലെ ഡയറക്ടര്‍ കെനിച്ചി യോകോയാമ അഭിപ്രായപ്പെട്ടത്. അതേസമയം പദ്ധതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ശരിയായ ദിശയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുബിഐ പദ്ധതി സംബന്ധിച്ച് രാജ്യത്ത് നിരവധി സംവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്ന സാഹചര്യത്തിലാണ് എഡിബി മേധാവിയുടെ അഭിപ്രായപ്രകടനം.

യുബിഐ പദ്ധതി പ്രകാരമുള്ള ധനസഹായം ആധാര്‍ കാര്‍ഡ് മുഖേന ഗുണഭോക്താവിന്റെ എക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാന്‍ സാധിക്കുന്ന ഇന്ത്യയിലെ സാഹചര്യത്തെ എഡിബി ഡയറക്ടര്‍ അഭിനന്ദിച്ചു. രാജ്യത്ത് നിന്നും ദാരിദ്ര്യം തുടച്ച് നീക്കാന്‍ സഹായകമാകുമെങ്കില്‍ ഏകദേശം 10 കോടി നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം 3,000 രൂപ വീതം നല്‍കുമെന്ന് ബിജെപി എംപി നിശികാന്ത് ദൂബെ കഴിഞ്ഞ ദിവസം ലോക്‌സഭയെ അറിയിച്ചിരുന്നു. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി കേന്ദ്രം യുബിഐ പദ്ധതി നടപ്പിലാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

യുബിഐ പദ്ധതി അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും മുഖ്യ വാഗ്ധാനമായിരിക്കുമെന്ന് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ പദ്ധതി രാജ്യത്തെ സമ്പദ്‌മേഖലയ്ക്ക് അനുയോജ്യമായ ആശയമാണെന്നും ദാരിദ്ര്യനിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കിയുള്ള നിലവിലെ സാമൂഹ്യക്ഷേമ പരിപാടികള്‍ക്ക് പകരമായി യുബിഐ നടപ്പിലാക്കാമെന്നും 2017ലെ സാമ്പത്തിക സര്‍വ്വേയിലും കണ്ടെത്തിയിരുന്നു.

ഇതിനിടെ 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുബിഐ പദ്ധതി തങ്ങളുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് സിക്കിമിലെ ഭരണകക്ഷിയായ, സിക്കിം ജനാധിപത്യ മുന്നണി പ്രഖ്യാപിച്ചു. 2022ഓടെ പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കി. നടപ്പിലായാല്‍, യുബിഐ പദ്ധതി രാജ്യത്ത് ആദ്യം നടപ്പിലാക്കുന്ന സംസ്ഥാനമെന്ന നേട്ടം സിക്കിമിന് സ്വന്തമാകും.

അതേസമയം കടമെഴുതി തള്ളല്‍ കര്‍ഷകപ്രശ്‌നത്തെ നേരിടാനുള്ള ഫലപ്രദമായ മാര്‍ഗമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയമാണെന്നും പക്ഷേ, സാമ്പത്തിക സിദ്ധാന്തപ്രകാരം കടമെഴുതി തള്ളല്‍ കര്‍ഷകരുടെ നിരാശ കുറയ്ക്കാനുള്ള ശരിയായ മാര്‍ഗമല്ലെന്നുമാണ് കെനിച്ചി യോകോയാമ പറഞ്ഞത്.

എന്താണ് സാര്‍വ്വത്രിക അടിസ്ഥാന വരുമാന പദ്ധതി

ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ എല്ലാ പൗരന്മാര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് സാര്‍വ്വത്രിക അടിസ്ഥാന വരുമാന പദ്ധതി. ഗുണഭോക്താവിന്റെ വരുമാനം, സാമൂഹിക നിലവാരം, തൊഴില്‍ എന്നിവ ഈ പദ്ധതിയില്‍ മാനദണ്ഡമല്ല. എല്ലാ പൗരന്മാരും അടിസ്ഥാന വരുമാനത്തിന് അര്‍ഹരാണെന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് അവര്‍ നല്‍കുന്ന സംഭാവന അവിടെ ബാധകമല്ലെന്നുമാണ് പദ്ധതിക്ക് പിന്നിലെ ആശയം.

Comments

comments

Categories: FK News
Tags: ADB