ആധുനിക വൈദ്യ ശാസ്ത്രവുമായി ആയുഷ് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കണമെന്ന് ശുപാര്‍ശ

ആധുനിക വൈദ്യ ശാസ്ത്രവുമായി ആയുഷ് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കണമെന്ന് ശുപാര്‍ശ

ഈ മേഖലയിലെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യ പ്രചാരണങ്ങളും അവകാശ വാദങ്ങളും ഒഴിവാക്കപ്പെടണം

ന്യൂഡെല്‍ഹി: ശാസ്ത്രീയവും ആധികാരികവുമായ ബദല്‍ വൈദ്യ സമ്പ്രദായമായുള്ള ആയുഷ് വൈദ്യ സമ്പ്രദായങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് ആധുനിക വൈദ്യശാത്രവുമായുള്ള സഹകരണം വര്‍ധിപ്പിക്കണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. ആയുഷ് മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്ഥിരം സമിതിയാണ് ഇതു സംബന്ധിച്ച ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ആരോഗ്യ മന്ത്രാലയവുമായി ആയുഷ് മന്ത്രാലയം സഹകരണം വര്‍ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ആയുര്‍വേദം ഉള്‍പ്പടെയുള്ള ആയുഷ് വൈദ് സമ്പ്രദായങ്ങളുടെ വിശ്വസ്തത വര്‍ധിപ്പിക്കുന്നതിന് ശാസ്ത്രീയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കണം. ആയുഷ് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കര്‍ക്കശമായ പരിശോധനകള്‍ ആവശ്യമാണെന്നും സമിതി ചൂണ്ടിക്കാണിക്കുന്നു. ആധുനിക വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന ധാരണകള്‍ പാരമ്പര്യ ചികിത്സകര്‍ക്കും പാരമ്പര്യ വൈദ്യസമ്പ്രദായങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആധുനിക വൈദ്യ ശാസ്ത്ര പഠിതാക്കളും ലഭ്യമാക്കുന്ന തരത്തില്‍ പാഠ്യ പദ്ധതികളില്‍ മാറ്റങ്ങള്‍ നടപ്പാക്കണമെന്ന് നേരത്തേ സമിതി ശുപാര്‍ശ ചെയ്തിരുന്നു.

ഇന്ത്യന്‍ വൈദ്യ സമ്പ്രദായങ്ങളെയും ഹോമിയോപതിയെയും സംബന്ധിച്ച 2022 വരെയുള്ള ദേശീയ നയത്തെയും സമിതി റിപ്പോര്‍ട്ട് പിന്തുണച്ചു. നയം മുന്നോട്ടുവെക്കുന്ന നടപടികള്‍ മുഖ്യധാര ആരോഗ്യ സേവന രംഗവുമായി ഈ വൈദ്യസമ്പ്രദായങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യുനാനി മെഡിസിന്‍സ്, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപതി പോലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചുമായി കൂടിച്ചേര്‍ന്നുള്ള ഗവേഷണ പദ്ധതികള്‍ ആയുഷ് മരുന്നുകളില്‍ നടപ്പാക്കേണ്ടതുണ്ട്. ആയുഷ് മരുന്നുകള്‍ക്ക് ശാസ്ത്രീയമായ പുനര്‍ മൂല്യവത്കരണം നടത്തുന്നതിനും കൃത്യമായ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനും നടപടികളുണ്ടാകണമെന്നും സമിതി പറയുന്നു.

നിലവാരം കുറഞ്ഞ ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകളുടെ വില്‍പ്പന തടയുന്നതിന് ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് നിയമ നിര്‍മാണം നടത്തണമെന്നും ശുപാര്‍ശയുണ്ട്. ഈ മേഖലയിലെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യ പ്രചാരണങ്ങളും അവകാശ വാദങ്ങളും ഒഴിവാക്കപ്പെടണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

Comments

comments

Categories: FK News
Tags: Ayush

Related Articles