ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീമിനെ പ്രണോയ് ഹാല്‍ദര്‍ നയിച്ചേക്കും

ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീമിനെ പ്രണോയ് ഹാല്‍ദര്‍ നയിച്ചേക്കും

ഏഷ്യാ കപ്പ് ഗ്രൂപ്പ് എയില്‍ നിര്‍ണായക മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിനെ പ്രണോയ് ഹാല്‍ദര്‍ നയിച്ചേക്കും. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്‌നാണ് ഹാല്‍ദാര്‍ ആയിരിക്കും ബഹറൈനെ നേരിടുന്ന ഇന്ത്യയുടെ കപ്പിത്താനെന്ന് സൂചന നല്‍കിയത്.

തായ്‌ലാന്‍ഡ്, യുഎഇ എന്നിവര്‍ക്കെതിരെ നടന്ന ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യന്‍ മധ്യനിരയുടെ ശക്തിയായിരുന്നു അത്‌ലറ്റിക്കോ കൊല്‍ക്കത്ത താരമായ ഹാല്‍ദാര്‍.

ആദ്യ മത്സരത്തില്‍ ഗോള്‍ കീപ്പര്‍ ഗുല്‍പ്രീത് സന്ധുവായിരുന്നു ക്യാപ്റ്റന്‍. രണ്ടാം മത്സരത്തില്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിക്കായിരുന്നു ടീമിനെ നയിക്കാനുള്ള ചുമതല. ക്യാപ്റ്റന്‍സി റൊട്ടേഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. ആദ്യമായിട്ടാണ് ഹാല്‍ദാറിന് ഇന്ത്യന്‍ ടീമിന്റെ ആം ബാന്‍ഡ് അണിയാനുള്ള അവസരം കൈവന്നിരിക്കുന്നത്.

ഷാര്‍ജ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴുമണിക്കാണ് ഇന്ത്യയുടെ നിര്‍ണായക പോരാട്ടം. തോല്‍ക്കാതിരുന്നാല്‍ ഇന്ത്യന്‍ സംഘം പ്രീ ക്വാര്‍ട്ടറില്‍ കടക്കും. 1964നുശേഷം ഇന്ത്യ ഒന്നാം റൗണ്ട് കടന്നിട്ടില്ല. ഇത്തവണ ചരിത്രനേട്ടത്തിലേക്കാണ് ഛേത്രിയും സംഘവും ബൂട്ടു കെട്ടുന്നത്.

ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് നോക്കൗട്ടിലേക്ക് യോഗ്യത ഉറപ്പാക്കാം. സമനിലയായാലും സാധ്യത നിലനില്‍ക്കുന്നു. അതേസമയം, പരാജയപ്പെട്ടാല്‍ ഇന്ത്യയ്ക്ക് മറ്റു ടീമുകളുടെ മത്സരഫലങ്ങള്‍കൂടി ആശ്രയിക്കേണ്ടി വരും.

Comments

comments

Categories: Sports