ആര്‍ബിഐ മുന്നറിയിപ്പ്; മുദ്ര വായ്പകളില്‍ നിഷ്‌ക്രിയാസ്തി കൂടുന്നു

ആര്‍ബിഐ മുന്നറിയിപ്പ്; മുദ്ര വായ്പകളില്‍ നിഷ്‌ക്രിയാസ്തി കൂടുന്നു

ന്യൂഡെല്‍ഹി: യുവാക്കള്‍ക്കും സംരംഭകര്‍ക്കും ഈടുകളില്ലാതെ സംരംഭക വായ്പകള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്ര പദ്ധതിയില്‍ (പിഎംഎംവൈ) നിഷ്‌ക്രിയാസ്തികള്‍ വര്‍ധിക്കുന്നതായി റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. വേണ്ടത്ര മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതി, കിട്ടാക്കടങ്ങളുടെ വന്‍ ബാധ്യത വരുതതി വെച്ചേക്കുമെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയതായി ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തിരിച്ചടവ് മുടങ്ങി നിഷ്‌ക്രിയാസ്തിയായി വിലയിരുത്താവുന്ന വായ്പകള്‍ 11,000 കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്ന് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങളാല്‍ വലയുന്ന പൊതുമേഖലാ ബാങ്കുകളെ കൂടുതല്‍ ശ്വാസം മുട്ടിക്കുന്നതായി മുദ്രാ വായ്പകള്‍ മാറാന്‍ അനുവദിക്കരുതെന്നാണ് കേന്ദ്ര ബാങ്കിന്റെ നിര്‍ദേശം. അടിസ്ഥാന സൗകര്യ വായ്പാ ദാതാക്കളായ ഐഎല്‍&എഫ്എസ് കമ്പനിയുടെ പ്രതിസന്ധി ബാങ്കുകളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്ര ബാങ്ക് വക ധനമന്ത്രാലയത്തിന് ജാഗ്രതാ നിര്‍ദേശം ലഭിക്കുന്നത്.

മുദ്രാ പദ്ധതിയുടെ 2017-18 ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2018 സാമ്പത്തിക വര്‍ഷത്തില്‍ 2.46 ട്രില്യണ്‍ രൂപയാണ് സംരംഭകര്‍ക്കായി വിതരണം ചെയ്തത്. തുകയുടെ 40 ശതമാനവും നല്‍കിയത് വനിതാ സംരംഭകര്‍ക്കാണ്. 33 ശതമാനം തുക സാമൂഹ്യ പരിപാടികള്‍ക്കായി നല്‍കി. ഇതേ വര്‍ഷം 4.81 കോടി സംരംഭകര്‍ക്കാണ് മൈക്രോ ഫിനാന്‍സ് രൂപത്തില്‍ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. 2015 ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്ത പദ്ധതി പ്രകാരം കൃത്യമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്ന ചെറുകിട സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെ ഈട് രഹിത വായ്പകളാണ് ബാങ്കുകള്‍ നല്‍കേണ്ടത്. ശിശു (50,000 രൂപ വരെ), കിഷോര്‍ (50,001-5,00,000 രൂപ വരെ), തരുണ്‍ (5,00,001-10,00,000 രൂപ വരെ) എന്നീ മൂന്ന് വിഭാഗങ്ങളിലാണ് വായ്പകള്‍ ലഭിക്കുക. ഉപാധി രഹിത വായ്പയെന്ന രീതിയിലുള്ള മുതലെടുപ്പ് നടക്കുന്നുണ്ടോയെന്ന ആശങ്കയാണ് ബാങ്കുകള്‍ പങ്കു വെക്കുന്നത്.

അതേസമയം മുദ്ര വായ്പകളില്‍ നിഷ്‌ക്രിയാസ്തി വര്‍ധിക്കുന്നതില്‍ കാര്യമായ ആശങ്ക വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിരീക്ഷണം. 2018 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 7,277.31 കോടി രൂപയാണ് തിരിച്ചടവ് മുടങ്ങിയ മുദ്ര വായ്പകള്‍. തൊട്ടു മുന്‍ വര്‍ഷം ഇത് 3,790.35 കോടി രൂപയായിരുന്നു. എന്‍പിഎയില്‍ വര്‍ധനവുണ്ടെന്നു തോന്നാമെങ്കിലും വായ്പകളും ഇക്കാലയളവില്‍ വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലാ ബാങ്കുകള്‍ ആകെ നല്‍കിയ മുദ്ര വായ്പകളുടെ 3.43 ശതമാനം മാത്രമാണ് നിഷ്‌ക്രിയാസ്തി ആയത്. അതേസമയം മറ്റ് വായ്പകളില്‍ നിന്നുള്ള ബാങ്കുകളുടെ കിട്ടാക്കടം 15.6 ശതമാനമാണ്.

Comments

comments

Categories: Business & Economy, Slider
Tags: Mudra loan, RBI