വ്യവസായ നയം വിതരണ ശൃംഖലകള്‍ ബന്ധിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കും: സുരേഷ് പ്രഭു

വ്യവസായ നയം വിതരണ ശൃംഖലകള്‍ ബന്ധിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കും: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പുതിയ വ്യവസായ നയം രാജ്യത്തെ ആഗോള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ളതായിരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു. ഇരു പക്ഷത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതായിരിക്കും പുതിയ വ്യവസായ നയമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

മറ്റ് രാഷ്ട്രങ്ങളുമായി സഹകരണമുണ്ടെങ്കിലെ ബിസിനസുകള്‍ക്ക് വളരാന്‍ കഴിയുകയുള്ളു. മാനുഫാക്ച്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ ഒരു രാജ്യത്ത് മാത്രം കേന്ദ്രീകരിച്ച് നടത്താനാകില്ല. ആഗോള വിതരണ ശൃംഖലയുടെ ഭാഗമാണിതെന്നും സുരേഷ് പ്രഭു പറഞ്ഞു. അതുകൊണ്ട് പുതിയ വ്യവസായ നയം സംബന്ധിച്ച ചര്‍ച്ചകളില്‍ ഇക്കാര്യം പരിഗണിച്ചിട്ടുണ്ടെന്നും, പരസ്പര സഹകരണത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന മൂല്യ-വിതരണ ശൃംഖല വികസിപ്പിക്കുന്നതില്‍ നയം ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ട്രില്യണ്‍ ഡോളറിന്റെ മാനുഫാക്ച്ചറിംഗ് ജിഡിപി രാജ്യത്തിനുണ്ടെങ്കില്‍ അതിന്റെ നല്ലൊരു ഭാഗം കയറ്റുമതി ചെയ്യാനും നിരവധി രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും കഴിയും. സേവന മേഖലയില്‍ പന്ത്രണ്ട് മേഖലകളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും സുരേഷ് പ്രഭു പറഞ്ഞു. ഇന്ത്യയുടെ പ്രധാന കയറ്റുമതി വിഭാഗങ്ങളിലൊന്നാണ് സേവന മേഖല.

കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിന് സര്‍ക്കാര്‍ കാര്‍ഷിക കയറ്റുമതി നയം അവതരിപ്പിച്ചിട്ടുണ്ട്. കര്‍ഷകരുടെ വരുമാനം മെച്ചപ്പടുത്താന്‍ ഇത് സഹായിച്ചിട്ടുണ്ട്. താഴെതട്ടില്‍ നിന്നുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. താഴെ തട്ട് മുതല്‍ ആഗോള തലം വരെ, മാനുഫാക്ച്ചറിംഗ് മുതല്‍ സേവന മേഖല വരെ, എഫ്ഡിഐ മുതല്‍ ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നതുവരെയുള്ള പുരോഗതിയാണ് വ്യവസായ നയത്തിന്റെ അജണ്ടയെന്നും മന്ത്രി വിശദീകരിച്ചു.

ഇന്ത്യയില്‍ നിന്നുള്ള ചരക്ക് സാധനങ്ങളുടെ കയറ്റുമതിയില്‍ ഇടിവുണ്ടാകുകയും ആഗോള വ്യാപാര യുദ്ധം ശക്തിപ്രാപിക്കുകയും ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) നിലനില്‍പ്പില്‍ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുരേഷ് പ്രഭു ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡബ്ല്യുടിഒയുടെ മിക്ക അംഗ രാഷ്ട്രങ്ങള്‍ക്കുമെതിരെ ട്രംപ് ഭരണകൂടം സ്വീകരിച്ചിട്ടുള്ള വ്യാപാര വിരുദ്ധ നടപടികള്‍ സംഘടനയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ലോകത്തിലെ രണ്ട് വന്‍ സാമ്പത്തിക ശക്തികളാണ് യുഎസും ചൈനയും. ഇവര്‍ തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കുമേല്‍ ഇരുട്ട് നിറയ്ക്കുന്നുണ്ട്.

Comments

comments

Categories: Business & Economy, Slider