ഇറാനിയന്‍ എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച് ഇന്ത്യ

ഇറാനിയന്‍ എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച് ഇന്ത്യ

ന്യൂഡെല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വീണ്ടും വെട്ടിക്കുറച്ച് ഇന്ത്യ. ഡിസംബറില്‍ 41 ശതമാനം ഇടിവാണ് ഇന്ത്യയുടെ പ്രതിദിന ഇറാനിയന്‍ എണ്ണ ഇറക്കുമതിയില്‍ രേഖപ്പെടുത്തിയത്. പ്രതിദിനം 302,000 ബാരല്‍ ഇറാനിയന്‍ എണ്ണയാണ് കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇറാനെതിരെയുള്ള ഉപരോധം യുഎസ് പുനഃസ്ഥാപിച്ചതാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തിയത്.

ഇറാനെ സാമ്പത്തികമായി തകര്‍ക്കുകയും മറ്റ് രാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നവംബറില്‍ യുഎസ് ഉപരോധം പുനഃസ്ഥാപിച്ചത്. ഇറാനിയന്‍ ഓയിലിന്റെ ഇറക്കുമതി നിര്‍ത്തലാക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ആറ് മാസത്തേക്ക് കൂടി എണ്ണ ഇറക്കുമതി തുടരാന്‍ ഇന്ത്യ അടക്കം എട്ട് രാഷ്ട്രങ്ങള്‍ക്ക് യുഎസ് അനുമതി നല്‍കുകയും ചെയ്തു.

പ്രതിമാസം 1.25 മില്യണ്‍ ടണ്‍ ഇറാനിയന്‍ എണ്ണ വാങ്ങുന്നതിനാണ് ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. പ്രതിദിനം ഇത് 3,00,000 ബാരല്‍ വരും. ഡിസംബറിലെ കണക്ക് പ്രകാരം ഇന്ത്യയുടെ ആറാമത്തെ വലിയ എണ്ണ വിതരണക്കാരാണ് ഇന്ത്യ. മുന്‍ വര്‍ഷം ഡിസംബറില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി സ്രോതസ്സായിരുന്നു ഇറാന്‍. രാജ്യത്തെ മൊത്തം എണ്ണ ഇറക്കുമതിയില്‍ ഇറാന്റെ വിഹിതം കഴിഞ്ഞ മാസം 6.2 ശതമാനമായി ചുരുങ്ങി. മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 11.7 ശതമാനമായിരുന്നു.

2018ല്‍ പ്രതിദിനം 531,000 ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്തത്. 13 ശതമാനം കൂടുതലാണിത്. യുഎസ് ഉപരോധം പ്രാബല്യത്തില്‍ വരുന്നതിനുമുന്‍പ് എണ്ണ കമ്പനികള്‍ എണ്ണ കൂടുതലായി വാങ്ങിയതാണ് ഇതിന് കാരണം. നടപ്പു സാമ്പത്തിക വര്‍ഷം പ്രതിദിനം 500,000 ബാരല്‍ എണ്ണ ഇന്ത്യയിലേക്ക് കയറ്റി അയക്കാമെന്നാണ് ഇറാന്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy, Slider