വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 17 മാസത്തെ താഴ്ചയില്‍

വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 17 മാസത്തെ താഴ്ചയില്‍

ന്യൂഡെല്‍ഹി: നവംബറില്‍ ഇന്ത്യയുടെ ഫാക്റ്ററി ഉല്‍പ്പാദന വളര്‍ച്ച കുറഞ്ഞതായി റിപ്പോര്‍ട്ട്. 0.5 ശതമാനത്തിന്റെ കുറഞ്ഞ വളര്‍ച്ചയാണ് ഇക്കാലയളവില്‍ രാജ്യത്തെ വ്യാവസായിക മേഖലയിലെ ഉല്‍പ്പാദനത്തിലുണ്ടായത്. 17 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. ഒക്‌റ്റോബര്‍ മാസം ഫാക്റ്ററി ഉല്‍പ്പാദനത്തില്‍ 8.4 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.

മാനുഫാക്ച്ചറിംഗ് മേഖലയില്‍ നിന്നുള്ള ഉല്‍പ്പാദനം കുറഞ്ഞതാണ് വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച കുറയാനുള്ള പ്രധാന കാരണമെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) അടിസ്ഥാനമാക്കിയാണ് ഫാക്റ്ററി ഉല്‍പ്പാദനം അളക്കുന്നത്. 2017 നവംബറില്‍ ഫാക്റ്ററി ഉല്‍പ്പാദനത്തിലെ വര്‍ധന 8.5 ശതമാനവും നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബറിലെ സംയോജിത വളര്‍ച്ച അഞ്ച് ശതമാനവുമാണ്.

2017 ജൂണ്‍ മുതലുള്ള കാലയളവിലെ ഏറ്റവും മോശം വളര്‍ച്ച കഴിഞ്ഞ വര്‍ഷം നവംബറില്‍ ഫാക്റ്ററി ഉല്‍പ്പാദനത്തിലുണ്ടായത്. ജൂലൈയില്‍ ജിഎസ്ടി നടപ്പാക്കിയതിന്റെ അനന്തരഫലമായി ജൂണില്‍ ഫാക്റ്ററി ഉല്‍പ്പാദന വളര്‍ച്ച 0.3 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ 12 മാസത്തില്‍ അഞ്ച് മാസത്തിലും ഫാക്റ്ററി ഉല്‍പ്പാദനത്തില്‍ അഞ്ച് ശതമാനത്തിലധികം വര്‍ധനയുണ്ടായിരുന്നു.

വ്യാവസായിക ഉല്‍പ്പാദന സൂചികയില്‍ നാലില്‍ മൂന്ന് ഭാഗത്തിലധികം സംഭാവന ചെയ്യുന്നത് മാനുഫാക്ച്ചറിംഗ് മേഖലയാണ്. മേഖലയിലെ ഉല്‍പ്പാദനത്തില്‍ 0.4 ശതമാനത്തിന്റെ കുറഞ്ഞ വര്‍ധന മാത്രമാണ് ഇക്കഴിഞ്ഞ നവംബറില്‍ ഉണ്ടായത്. ഒക്‌റ്റോബറില്‍ 7.4 ശതമാനവും മുന്‍ വര്‍ഷം നവംബറില്‍ 10.4 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

വൈദ്യുതി ഉല്‍പ്പാദനത്തില്‍ 5.1 ശതമാനം വര്‍ധനയാണ് നവംബറില്‍ ഉണ്ടായത്. ഒക്‌റ്റോബറില്‍ 10.8 ശതമാനവും മുന്‍ വര്‍ഷം നവംബറില്‍ 3.9 ശതമാനവുമായിരുന്നു വൈദ്യുതി ഉല്‍പ്പാദനത്തിലെ വളര്‍ച്ച. ഖനന മേഖലയിലെ ഉല്‍പ്പാദന വളര്‍ച്ച ഒക്‌റ്റോബറിലെ ഏഴ് ശതമാനത്തില്‍ നിന്നും നവംബറില്‍ 2.7 ശതമാനമായി കുറഞ്ഞു.

Comments

comments

Categories: Business & Economy, Slider