തുറമുഖങ്ങളിലൂടെയുള്ള ചരക്കുനീക്കത്തില്‍ 3.77 % വര്‍ധന

തുറമുഖങ്ങളിലൂടെയുള്ള ചരക്കുനീക്കത്തില്‍ 3.77 % വര്‍ധന

ന്യൂഡെല്‍ഹി: രാജ്യത്തിലെ പ്രമുഖമായ 12 തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുനീക്കം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 3.77 ശതമാനം വര്‍ധിച്ച് 518.64 മില്യണ്‍ ടണ്ണിലെത്തി. വളങ്ങള്‍, കണ്ടെയ്‌നറുകള്‍, കല്‍ക്കരി എന്നിവയുടെ ചരക്കുനീക്കത്തിലുണ്ടായ വര്‍ധനയാണ് ഇതില്‍ പ്രധാന സംഭാവന ചെയ്തത്. മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ 499.77 മില്യണ്‍ ടണ്ണിന്റെ ചരക്കുനീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള ഈ പോര്‍ട്ടുകളില്‍ മൊത്തമായി രേഖപ്പെടുത്തിയിരുന്നതെന്ന ഇന്ത്യന്‍ പോര്‍ട്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. രാജ്യത്തെ മൊത്തം ചരക്കുനീക്കത്തിന്റെ 61 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ 12 തുറമുഖങ്ങളാണ്.

കാമരാജര്‍ പോര്‍ട്ട്, കൊല്‍ക്കത്ത പോര്‍ട്ട്, പ്രദിപ്, വിശാഖപട്ടണം, ചെന്നൈ, കൊച്ചി, ന്യൂ മാംഗളൂര്‍, ജെഎന്‍പിടി, കാണ്ട്‌ല എന്നീ തുറമുഖങ്ങള്‍ ചരക്കുനീക്കത്തില്‍ വര്‍ധന പ്രകടമാക്കിയപ്പോള്‍ മുംബൈ, മാര്‍മുഗ്വോ, വിഒ ചിദംബരനാര്‍ എന്നീ തുറമുഖങ്ങളിലെ ചരക്കുനീക്കം കുറയുകയാണ് ഉണ്ടായത്.

തമിഴ്‌നാട്ടിലെ കാമരാജര്‍ പോര്‍ട്ടാണ് ഏറ്റവും വലിയ മുന്നേറ്റം നടത്തിയത്. ചരക്കുനീക്കത്തില്‍ 18.38 ശതമാനം വര്‍ധനയുണ്ടായി. 8.92 ശതമാനം വളര്‍ച്ചയോടെ കൊച്ചിന്‍ തുറമുഖം രണ്ടാം സ്ഥാനത്തുണ്ട്. കൊല്‍ക്കത്ത പോര്‍ട്ട് (8.74 ശതമാനം) പ്രദിപ് പോര്‍ട്ട് ( 8.11 ശതമാനം) ജെഎന്‍പിടി (7.39 ശതമാനം) എന്നിവ യഥാക്രമം തൊട്ടുപുറകിലുള്ള സ്ഥാനങ്ങളിലെത്തി.

12 തുറമുഖങ്ങള്‍ മൊത്തമായി 679.37 മില്യണ്‍ ടണ്‍ ചരക്കുനീക്കമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയിരുന്നത്. 10,000 കോടിയിലേറേ നിക്ഷേപത്തില്‍ തുറമുഖങ്ങളില്‍ നടപ്പാക്കിയ 50ല്‍ അധികം പദ്ധതികള്‍ നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരണത്തില്‍ എത്തുകയാണെന്നാണ് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ 90 മില്യണ്‍ ടണ്‍ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 4,146.73 കോടി രൂപയുടെ നിക്ഷേപമുള്ള 27 പദ്ധതികള്‍ മാത്രമായിരുന്നു. 21.93 മില്യണ്‍ ടണിന്റെ വാര്‍ഷിക ശേഷിയാണ് 2017-18ല്‍ കൂട്ടിച്ചേര്‍ത്തത്.

തുറമുഖങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം അവയുടെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും നടപടികളുണ്ടാകുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. നയത്തിലും നടപടിക്രമങ്ങളിലും വരുത്തുന്ന മാറ്റങ്ങളിലൂടെയും യന്ത്രവത്കരണത്തിലൂടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നത്.

Comments

comments

Categories: Business & Economy, Slider