കൂടുതല്‍ ഫീച്ചറുകളില്‍ ഹ്യുണ്ടായ് ക്രെറ്റ

കൂടുതല്‍ ഫീച്ചറുകളില്‍ ഹ്യുണ്ടായ് ക്രെറ്റ

ന്യൂഡെല്‍ഹി : 2019 വര്‍ഷത്തേക്കായി കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി ഹ്യുണ്ടായ് ക്രെറ്റ പരിഷ്‌കരിച്ചു. കൂടാതെ, എസ്എക്‌സ്(ഒ) എക്‌സിക്യൂട്ടീവ് എന്ന പുതിയ ടോപ് സ്‌പെക് വേരിയന്റിലും ഇനി എസ്‌യുവി ലഭിക്കും. ഇതോടെ ഹ്യുണ്ടായ് ക്രെറ്റയുടെ ആകെ വേരിയന്റുകള്‍ ആറെണ്ണമായി വര്‍ധിച്ചു. ഇ, ഇ പ്ലസ്, എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ), എസ്എക്‌സ്(ഒ) എക്‌സിക്യൂട്ടീവ് എന്നിവയാണ് വേരിയന്റുകള്‍.

എസ്എക്‌സ്, എസ്എക്‌സ്(ഒ), എസ്എക്‌സ്(ഒ) എക്‌സിക്യൂട്ടീവ് എന്നീ ഉയര്‍ന്ന വേരിയന്റുകളില്‍ ഇപ്പോള്‍ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ നല്‍കിയിരിക്കുന്നു. കൂടാതെ, എസ്എക്‌സ് മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകളില്‍ ഡുവല്‍ ടോണ്‍ കളര്‍ സ്‌കീം നല്‍കി. എല്ലാ വേരിയന്റുകളുടെയും എയര്‍ കണ്ടീഷണറിന് ഇക്കോ കോട്ടിംഗ് സാങ്കേതികവിദ്യ ലഭിച്ചു. എസ്എക്‌സ്(ഒ), എസ്എക്‌സ്(ഒ) എക്‌സിക്യൂട്ടീവ് വേരിയന്റുകള്‍ വാങ്ങുമ്പോള്‍ സ്മാര്‍ട്ട് കീ ബാന്‍ഡ് കൂടി ലഭിക്കും. എസ്എക്‌സ്(ഒ) എക്‌സിക്യൂട്ടീവ് വേരിയന്റില്‍ നല്‍കിയിരിക്കുന്നത് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളാണ്. സ്റ്റാന്‍ഡേഡായി ഇപ്പോള്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ലഭിക്കും. റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവ എല്ലാ വേരിയന്റുകളിലും ഇനി സ്റ്റാന്‍ഡേഡാണ്.

മുമ്പത്തേപോലെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ പരിഷ്‌കരിച്ച എസ്‌യുവി ലഭിക്കും. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 125 എച്ച്പി കരുത്തും 151 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 91 എച്ച്പി കരുത്തും 219 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 1.6 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 130 എച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

പുതിയ ക്രെറ്റയുടെ ഇ, ഇ പ്ലസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ), എസ്എക്‌സ്(ഒ) എക്‌സിക്യൂട്ടീവ് എന്നീ വേരിയന്റുകളിലാണ് 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്നത്. എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ), എസ്എക്‌സ്(ഒ) എക്‌സിക്യൂട്ടീവ് എന്നീ വേരിയന്റുകളില്‍ 1.6 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ നല്‍കി. ഇ പ്ലസ്, എസ് വേരിയന്റുകൡ മാത്രമാണ് 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്നത്. 1.6 ലിറ്റര്‍ ഡീസല്‍ എസ് വേരിയന്റിലും എസ്എക്‌സ് പെട്രോള്‍, ഡീസല്‍ വേരിയന്റുകളിലും മാത്രം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കി.

Comments

comments

Categories: Auto