മൂല്യമേറിയ സെലിബ്രിറ്റി ബ്രാന്‍ഡ് വിരാട് കോഹ്‌ലി

മൂല്യമേറിയ സെലിബ്രിറ്റി ബ്രാന്‍ഡ് വിരാട് കോഹ്‌ലി

ദീപിക പദുകോണും വിരാട് കോഹ് ലിയും ഓഹരിയുടെ അടിസ്ഥാനത്തിലുള്ള കരാറുകളിലും ബ്രാന്‍ഡ് പ്രചാരണത്തിന്റെ ഭാഗമായി ഏര്‍പ്പെട്ടിട്ടുണ്ട്

ന്യൂഡെല്‍ഹി: ആഗോള മൂല്യ നിര്‍ണയ-കോര്‍പ്പറേറ്റ് ഫിനാന്‍സ് ഉപദേശകരായ ഡഫ്& ഫെല്‍പ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ സെലിബ്രിറ്റി ബ്രാന്‍ഡുകളുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മുന്നിലെത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം 2018ല്‍ 18 ശതമാനം ഉയര്‍ന്ന് 170.9 മില്യണ്‍ ഡോളറില്‍ എത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവംബര്‍ 2018ലെ കണക്ക് പ്രകാരം 24 ബ്രാന്‍ഡുകളുടെ പ്രചാരണമാണ് കോഹ്‌ലി നിര്‍വഹിക്കുന്നത്. നാലാം വര്‍ഷമാണ് ഇന്ത്യയിലെ സെലിബ്രിറ്റി ബ്രാന്‍ഡുകളുടെ പട്ടിക ഡഫ്& ഫെല്‍പ്‌സ് പുറത്തിറക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു പടി മുന്നില്‍ക്കയറിയ ബോളിവുഡ് താരം ദീപിക പദുകോണാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 102.5 മില്യണ്‍ ഡോളറിന്റെ ബ്രാന്‍ഡ് മൂല്യമാണ് ദീപികയ്ക്ക് കണക്കാക്കുന്നത്. 21 ബ്രാന്‍ഡുകളുടെ പ്രചാരണം ദീപിക നിര്‍വഹിക്കുന്നു. വിരാട് കോഹ്‌ലിയും ദീപികയും മാത്രമാണ് 100 മില്യണ്‍ ഡോളറിനു മുകളില്‍ ബ്രാന്‍ഡ് മൂല്യം സ്വന്തമാക്കിയിട്ടുള്ളത്.
അക്ഷയ് കുമാറാണ് സെലിബ്രിറ്റി ബ്രാന്‍ഡുകളില്‍ മൂന്നാം സ്ഥാനത്തുള്ളത്. 67.3 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യമുള്ള അക്ഷയ് കുമാര്‍ 4 ബ്രാന്‍ഡുകളുടെ പ്രചാരകനാണ്. പട്ടികയില്‍ കോഹ് ലി ഒഴികെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചവരെല്ലാം ബോളിവുഡ് താരങ്ങളാണ്. രണ്‍വീര്‍ സിംഗ്, ഷാറൂഖ് ഖാന്‍, സല്‍മാന്‍ കാന്‍, അമിതാഭ് ബച്ചന്‍, ആലിയ ഭട്ട്, വരുണ്‍ ധവാന്‍, ഋത്വിക് റോഷന്‍ എന്നിവരാണ് ബ്രാന്‍ഡ് മൂല്യത്തില്‍ യഥാക്രമം അക്ഷയ് കുമാറിനു പിന്നിലുള്ള സ്ഥാനങ്ങളില്‍ ഉള്ളത്.

മുന്‍നിരയിലെ 20 സെലിബ്രിറ്റി ബ്രാന്‍ഡുകളുടെ മൊത്തം മൂല്യം 877 മില്യണ്‍ ഡോളറാണ്. ഇതില്‍ ആദ്യ 10 സ്ഥാനക്കാരാണ് 75 ശതമാനവും പങ്കുവഹിക്കുന്നത്. ദീപിക പദുകോണും വിരാട് കോഹ് ലിയും ഓഹരിയുടെ അടിസ്ഥാനത്തിലുള്ള കരാറുകളിലും ബ്രാന്‍ഡ് പ്രചാരണത്തിന്റെ ഭാഗമായി ഏര്‍പ്പെട്ടിട്ടുണ്ട്. വിവിധ ബിസിനസ് ഗ്രൂപ്പുകളുമായുള്ള ദീര്‍ഘകാല സഹകരണത്തിനും കമ്പനിയുടെ ഉയര്‍ച്ചയില്‍ നിന്ന് നേട്ടമുണ്ടാക്കാനും ഇതിലൂടെ സാധിക്കുന്നു.
സെലിബ്രിറ്റി അംബാസഡര്‍ വിപണി ഇന്ത്യയില്‍ പക്വതയാര്‍ജിക്കുകയാണെന്നും പണത്തിന്റെ അടിസ്ഥാനത്തിലുള്ള പരസ്യത്തിന് അപ്പുറത്തേക്ക് അത് വളരുന്നുവെന്നും ഡഫ്& ഫെല്‍പ്‌സ് മാനേജിംഗ് ഡയറക്റ്ററും ഏഷ്യാ പസഫിക് മേഖലയുടെ വാലുവേഷന്‍ ഹെഡുമായ വരുണ്‍ ഗുപ്ത പറയുന്നു. 35 വയസിന് താഴെയുള്ള സെലിബ്രിറ്റികള്‍ തന്നെയാണ് കമ്പനികള്‍ പ്രധാനമായും പ്രചാരണത്തിന് തെരഞ്ഞെടുക്കുന്നത്. തന്ത്രപരമായ പങ്കാളിത്തവും ഓഹരി കരാറുകളുമെല്ലാം ഈ മേഖലയില്‍ സജീവമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News