യുഎഇയില്‍ ഇത് സ്റ്റാര്‍ട്ടപ്പുകളുടെ വസന്തകാലം!

യുഎഇയില്‍ ഇത് സ്റ്റാര്‍ട്ടപ്പുകളുടെ വസന്തകാലം!
  • മൊത്തം ഇടപാടുകളുടെ 30 ശതമാനവും നേടിയത് യുഎഇ കേന്ദ്രമാക്കിയ സ്റ്റാര്‍ട്ടപ്പുകള്‍
  • ആകെ ഫണ്ടിംഗിന്റെ 70 ശതമാനവും എത്തിയത് യുഎഇ സ്റ്റാര്‍ട്ടപ്പുകളിലേക്ക്
  • സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാരിന്റെ മികച്ച പിന്തുണ

ദുബായ്: ഗള്‍ഫ്, നോര്‍ത്ത് ആഫ്രിക്ക മേഖലകളില്‍ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവസവ്യവസ്ഥ നിലനില്‍ക്കുന്നത് യുഎഇയിലെന്ന് റിപ്പോര്‍ട്ട്. 2018ലെ ഏറ്റവും സക്രിയമായ സ്റ്റാര്‍ട്ടപ്പ് മേഖലയെന്ന ക്രെഡിറ്റാണ് യുഎഇക്ക് ലഭിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ മികച്ച പിന്തുണയും സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് നിര്‍ണായകമായി. ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത് ഈജിപ്റ്റിലാണ്. ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് ഡീലുകള്‍ എത്തുന്നത് യുഎഇയിലേക്കാണ്. മൊത്തം സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗിന്റെ 70 ശതമാനം കരസ്ഥാമക്കുന്നതും യുഎഇയിലെ നവസംരംഭങ്ങള്‍ തന്നെ.

ഡീലുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ഈജിപ്റ്റാണ്. മൊത്തം ഡീലുകളിലെ 22 ശതമാനമാണ് ഈജിപ്റ്റിലേക്കെത്തിയത്. 2017നെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ ഏഴ് ശതമാനം വര്‍ധനയാണ് ഈജിപ്റ്റ് രേഖപ്പെടുത്തിയത്. ലെബനന്‍ മൂന്നാം സ്ഥാനത്തെത്തി. 10 ശതമാനം ഡീലുകളാണ് ഇവര്‍ നേടിയത്.

ഗള്‍ഫ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് ട്രാക്കിംഗ് സംരംഭമായ മാഗ്നിടിടിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ട വിശദമായ കണക്കുകള്‍ അടങ്ങിയതാണ് റിപ്പോര്‍ട്ട്.

മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള പണമൊഴുക്കില്‍ 2017നെ അപേക്ഷിച്ച് 2018ലുണ്ടായത് 31 ശതമാനം വര്‍ധനയാണ്. വളരെയധികം പോസിറ്റീവായ കാര്യമാണിത്. കൂടുതല്‍ ആഗോള നിക്ഷേപകര്‍ മേഖലയിലേക്കെത്തിയതാണ് 2017ലെ പ്രത്യേകത. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിരവധി ആക്‌സിലറേറ്റര്‍ പദ്ധതികളും തുടങ്ങി. ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള കാര്യമായ ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായി. 2019ലും ഈ പ്രവണത ശക്തമായി തുടരുമെന്നാണ് കരുതുന്നത്-മാഗ്നിടിടി സ്ഥാപകന്‍ ഫിലിപ് ബഹോഷി പറഞ്ഞു.

ഇ-കൊമേഴ്‌സല്ല, ഫിന്‍ടെക്

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പോയ വര്‍ഷം സംഭവിച്ച പ്രധാനപ്പെട്ട മാറ്റം ഇ-കൊമേഴ്‌സില്‍ നിന്ന് ശ്രദ്ധ ഫിന്‍ടെക് സംരംഭങ്ങളിലേക്ക് മാറിയെന്നതാണ്. 2018ല്‍ 12 ശതമാനം ഡീലുകളും നേടിയത് ഫിന്‍ടെക് മേഖലയാണ്. അക്കീദിലേക്കെത്തിയ 18 മില്ല്യണ്‍ ഡോളര്‍, വഹെദിലേക്കെത്തിയ 8 മില്ല്യണ്‍ ഡോളര്‍ എന്നിവയെല്ലാം ഫിന്‍ടെക് മേഖലയെ ശക്തിപ്പെടുത്തി.

2018ല്‍ നടന്ന മൊത്തം ഡീലുകളില്‍ 11 ശതമാനമാണ് ഇ-കൊമേഴ്‌സ് മേഖല നേടിയത്. മൂന്നാം സ്ഥാനത്തുള്ളത് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഡെലിവറി മേഖലയാണ്, 10 ശതമാനമാണ് സംഭാവന.

ഗള്‍ഫ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ മൊത്തം സ്റ്റാര്‍ട്ടപ്പുകളിലേക്ക് 2018ല്‍ എത്തിയത് 893 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ്. ഏറ്റവും കൂടുതല്‍ നിക്ഷേപം നേടിയത് ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ കരീമാണ്. 200 മില്ല്യണ്‍ ഡോളറാണ് 2018 ഒക്‌റ്റോബറില്‍ കരീം സമാഹരിച്ചത്. പുരോഗനാത്മകമായ നിലപാടുകളാണ് മേഖലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്റ്റാര്‍പ്പ് മേഖലയോട് സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Arabia