വാഹനങ്ങളിലെ ടച്ച്‌സ്‌ക്രീന്‍ വലുതാകുന്നു

വാഹനങ്ങളിലെ ടച്ച്‌സ്‌ക്രീന്‍ വലുതാകുന്നു

വാഹനത്തിന്റെ വിന്‍ഡ്‌സ്‌ക്രീന്‍ മുഴുവന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീനായി മാറ്റിയിരിക്കുകയാണ് ഹ്യുണ്ടായ് മൊബിസ്

ലാസ് വേഗസ് : ഓട്ടോണമസ് സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ ഡ്രൈവറുടെ റോള്‍ യാത്രക്കാരന്റേതായി ചുരുങ്ങിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ യാത്രയ്ക്കിടയിലെ ഇന്‍ഫൊടെയ്ന്‍മെന്റിന് പ്രാധാന്യം വര്‍ധിക്കുന്നു. ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍ പോരാ എന്ന് തോന്നുന്നവര്‍ക്ക് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹ്യുണ്ടായ് മൊബിസ്. ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിനുകീഴിലെ കാര്‍ പാര്‍ട്‌സ് കമ്പനിയാണ് ഹ്യുണ്ടായ് മൊബിസ്.

വാഹനത്തിന്റെ വിന്‍ഡ്‌സ്‌ക്രീന്‍ മുഴുവന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീനായി മാറ്റിയിരിക്കുകയാണ് ഹ്യുണ്ടായ് മൊബിസ്. ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു. ഡ്രൈവര്‍ വാഹനം ഓടിക്കുന്ന സമയത്ത് (മാന്വല്‍ കണ്‍ട്രോള്‍) വിന്‍ഡ്‌സ്‌ക്രീന്‍ സാധാരണപോലെ സുതാര്യമാകും. എന്നാല്‍ ഓട്ടോണമസ് ഡ്രൈവിലേക്ക് മാറിയാല്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീനായി വാഹനത്തിന്റെ വിന്‍ഡ്‌സ്‌ക്രീന്‍ പ്രവര്‍ത്തിക്കും. ഇന്‍-വെഹിക്കിള്‍ ടച്ച് കണ്‍ട്രോളിന്റെ സ്വാഭാവിക പരിണാമമാണ് പുതിയ വിന്‍ഡ്‌സ്‌ക്രീന്‍ ടച്ച്‌സ്‌ക്രീന്‍.

ഐ(കണ്ണ്)-ട്രാക്കിംഗ് കാമറകള്‍, വിര്‍ച്വല്‍ ടച്ച് എന്നിവ ഉപയോഗിച്ച് വിന്‍ഡ്‌സ്‌ക്രീനില്‍ സ്പര്‍ശിക്കാതെ ഡിസ്‌പ്ലേയിലെ വിവിധ ഫംഗ്ഷനുകള്‍ തെരഞ്ഞെടുക്കാം. എയര്‍ ജെസ്ചറുകളും പുതിയ വിന്‍ഡ്‌സ്‌ക്രീന്‍ സംവിധാനം തിരിച്ചറിയും. ഉദാഹരണത്തിന്, ശബ്ദം കുറയ്ക്കണമെങ്കില്‍ അത്തരത്തില്‍ ആംഗ്യം കാണിച്ചാല്‍ വായുവിന്റെ ചലനം മനസ്സിലാക്കി നിര്‍ദ്ദേശം അനുസരിക്കും. എന്നാല്‍ വാഹനത്തിനകത്ത് സംഭാഷണം നടത്തുമ്പോള്‍ നിങ്ങളുടെ കൈ ചലനങ്ങള്‍ ടച്ച്‌സ്‌ക്രീനിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. ഡ്രൈവറുടെ കണ്ണുകളും കൈ ആംഗ്യങ്ങളും ഒരേയിടത്തേക്ക് കേന്ദ്രീകരിച്ചാല്‍ മാത്രമേ വിര്‍ച്വല്‍ ടച്ച് കണ്‍ട്രോള്‍ ആക്റ്റിവേറ്റ് ചെയ്യപ്പെടൂ.

Comments

comments

Categories: Auto
Tags: Touch screen