ഈ സ്‌നേഹോപഹാരങ്ങള്‍ പറയുന്നത്

ഈ സ്‌നേഹോപഹാരങ്ങള്‍ പറയുന്നത്

കംപ്യൂട്ടറുകളുടെയും മൊബീല്‍ ഫോണുകളുടെയുമൊക്കെ വ്യാപനത്തോടെ അപ്രസക്തമാകുകയോ മറവിയിലേക്ക് മറയുകയോ ചെയ്ത ധാരാളം ഉല്‍പ്പന്നങ്ങളുണ്ട്. കലണ്ടറുകള്‍ ഇത്തരത്തിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. പോകുന്നിടത്തെല്ലാം കലണ്ടര്‍ കൊണ്ടുപോകാമെന്ന സൗകര്യമാണ് സാങ്കേതിക വിദ്യ സമ്മാനിച്ചിരിക്കുന്നത്. എന്നാല്‍ പ്രിന്റ് കലണ്ടറുകളുടെ പ്രസക്തി ഒട്ടും നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് വാസ്തവം. ഉപഭോക്താക്കളുമായി സൗഹാര്‍ദ്ദപരമായ ബന്ധമുണ്ടാക്കാനും അത് നിലനിര്‍ത്താനും പങ്കുവെക്കാനും കലണ്ടറുകള്‍ക്കുള്ള ശേഷി തിരിച്ചറിഞ്ഞ് അതിനെ സൗകര്യപൂര്‍വം ഉപയോഗിക്കുകയാണ് സംരംഭകര്‍. ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിന്റെ പ്രധാന ചേരുവകളിലൊന്നായും കലണ്ടറുകള്‍ മാറിയിട്ടുണ്ട്

ഇത് പുതുവര്‍ഷാരംഭം. ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ ഇക്കാലത്ത് പല തരത്തിലുള്ള കലണ്ടറുകള്‍ പുറത്തിറക്കാറുണ്ട്. പതിനേഴാം എഡിഷന്‍ വരെ എത്തിയ കിംഗ്ഫിഷറിന്റെ ലിമിറ്റഡ് എഡിഷന്‍ ടേബിള്‍ടോപ്പ് കലണ്ടറുകള്‍ മുതല്‍ പോക്കറ്റ് കലണ്ടറുകള്‍ വരെ ഇതിലുള്‍പ്പെടും. തിയതികള്‍ മാത്രമുള്ള ഷീറ്റ് കലണ്ടറുകളില്‍ നിന്നു വ്യത്യസ്തമായി ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബഹുവര്‍ണ കലണ്ടറുകള്‍ കാണാറുണ്ട്. കംപ്യൂട്ടറുകളിലും മൊബീല്‍ ഫോണുകളിലും കലണ്ടറുകള്‍ ലഭ്യമാകുന്ന ഇക്കാലത്ത് പ്രിന്റ് കലണ്ടറുകളുടെ പ്രസക്തി എന്തെന്ന് ചിന്തിച്ചേക്കാം. ഉപഭോക്താക്കളുമായി സൗഹാര്‍ദ്ദപരമായ ബന്ധമുണ്ടാക്കാനും അത് നിലനിര്‍ത്താനും പങ്കുവെക്കാനും ഇവയ്ക്ക് കഴിയുമെന്നതാണ് ഇതിന്റെ മനഃശാസ്ത്രം. ഇതൊരു ഓര്‍മ്മപ്പെടുത്തലും കൂടിയാണ്. കലണ്ടറുകള്‍ ലഭിക്കുന്നവര്‍ വീടുകളിലോ ഓഫീസുകളിലോ മിക്കവാറും മറ്റുള്ളവര്‍ കാണുന്നിടത്തു തന്നെയാകും അത് തൂക്കിയിയിടുകയോ സ്ഥാപിക്കുകയോ ചെയ്യുക. തീര്‍ച്ചയായും അവിടങ്ങളിലെത്തുന്നവര്‍ ഇത് കാണാനിടയാകും. ഒരു പക്ഷേ അവര്‍ക്ക് അറിയാവുന്ന ബ്രാന്‍ഡിന്റേതാണിതെങ്കില്‍ അവരത് ഓര്‍മിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് പല ബ്രാന്‍ഡുകളും തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ഒരു അവസരമായി കലണ്ടറുകളെ കാണുന്നതും. ടേബിള്‍ടോപ്പ് കലണ്ടറുകള്‍ തീരുമാനങ്ങളെടുക്കുന്ന വ്യക്തികളുടെ മേശപ്പുറങ്ങളില്‍ സ്ഥാനം പിടിക്കുമെന്നതിനാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇതു സ്വീകാര്യമാവാറുണ്ട്.

വിവിധ വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അതിന്റെ അടിസ്ഥാനത്തില്‍ ചിത്രങ്ങള്‍ ഷൂട്ട് ചെയ്‌തോ വരച്ചോ കലണ്ടറുകള്‍ തയ്യാറാക്കുന്ന ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ കോര്‍പ്പറേറ്റുകള്‍ വരെയുണ്ട്. മുമ്പൊരിക്കല്‍ ഒരു വിദേശ ദിനപത്രത്തിന്റെ ടേബിള്‍ടോപ്പ് കലണ്ടര്‍ കാണാനിടയായി. തലേ വര്‍ഷത്തെ വാര്‍ത്താ പ്രാധാന്യം നേടിയ ചിത്രങ്ങളാണ് അതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വായനക്കാരിലെത്തിച്ച ചിത്രങ്ങള്‍ അവതരിപ്പിക്കുക വഴി അവരുടെ സേവനം വിശദമാക്കുന്നതായിരുന്നു ആ കലണ്ടര്‍. അതുപോലെ ഒരു പ്രദര്‍ശനം നടന്നപ്പോള്‍ അത് കാണാനെത്തുന്നവര്‍ക്കെല്ലാം പലസ്റ്റാളുകളില്‍നിന്ന് ബ്രോഷറുകളും നോട്ടീസുകളും വിതരണം ചെയ്യുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ഒരു സ്ഥാപനം നല്‍കിയത് പോക്കറ്റ് കലണ്ടറും. പ്രദര്‍ശനം കണ്ടിറങ്ങിയവരില്‍ പലരും കിട്ടിയ നോട്ടീസുകള്‍ ചുരുട്ടിയെറിഞ്ഞപ്പോഴും അവയുടെ കൂട്ടത്തില്‍ പോക്കറ്റ് കലണ്ടര്‍ ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമായി. പോക്കറ്റ് കലണ്ടറിന്റെ പ്രയോജനമാവാം അത് കളയാതെ സൂക്ഷിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. അതെ, പ്രയോജനപ്പെടുന്ന സ്‌നേഹാപഹാരങ്ങള്‍ അലങ്കാരം മാത്രമല്ല ആത്മബന്ധം വളര്‍ത്തുന്നത് കൂടിയാണ്.

( രാജീവ് ലക്ഷ്മണിനെ rajeev.lakshman@gmail.com എന്ന ഇ-മെയ്ല്‍ വിലാസത്തില്‍ ബന്ധപ്പെടാം)

Comments

comments

Categories: FK Special, Slider
Tags: Calender