മൂന്നാം പാദത്തില്‍ അറ്റാദായം 24.1% വര്‍ധിച്ചെന്ന് ടിസിഎസ്

മൂന്നാം പാദത്തില്‍ അറ്റാദായം 24.1% വര്‍ധിച്ചെന്ന് ടിസിഎസ്

സെപ്റ്റംബര്‍ പാദത്തിലെ 36,850 കോടി രൂപയില്‍ നിന്നും വരുമാനം 37,338 കോടി രൂപയായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടിസിഎസ് നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തിലെ പ്രകടന ഫലം പുറത്തുവിട്ടു. ഒക്‌റ്റോബര്‍-ഡിസംബറില്‍ 8,105 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്ക് നേടാനായത്. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന അറ്റ ലാഭമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് അറ്റാദായം 24.1 ശതമാനം വര്‍ധിച്ചതായി ടിസിഎസ് റിപ്പോര്‍ട്ട് ചെയ്തു.

മൂന്നാം പാദത്തില്‍ കമ്പനി 8,150 കോടി രൂപയുടെ അറ്റ ലാഭം നേടുമെന്നായിരുന്നു അനലിസ്റ്റുകളുടെ നിഗമനം. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം (2017-2018) ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 6,531 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റ ലാഭം. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 7,927 കോടി രൂപയായിരുന്നു അറ്റാദായം.

ശക്തമായ വരുമാന വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് 2018 വര്‍ഷം കടന്നുപോയതായി ടിസിഎസ് സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു. സെപ്റ്റംബര്‍ പാദത്തിലെ 36,850 കോടി രൂപയില്‍ നിന്നും 37,338 കോടി രൂപയിലേക്കാണ് വരുമാനം ഉയര്‍ന്നത്. വരുമാനത്തില്‍ 12.1 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ പാദത്തില്‍ ഉണ്ടായത്. കഴിഞ്ഞ 14 പാദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ഷികാടിസ്ഥാനത്തില്‍ 20.80 ശതമാനമാണ് വരുമാന വളര്‍ച്ച.

കമ്പനിയുടെ എല്ലാ വിഭാഗങ്ങളിലും ത്വരിതഗതിയിലുള്ള വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് രാജേഷ് ഗോപിനാഥന്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ വരുമാന വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് ബിഎഫ്എസ്‌ഐ വിഭാഗത്തിലാണ്, 8.6 ശതമാനം. സെപ്റ്റംബര്‍ പാദത്തില്‍ 6.1 ശതമാനമായിരുന്നു ഈ വിഭാഗത്തിലെ വരുമാന വളര്‍ച്ച. എനര്‍ജി യൂട്ടിലിറ്റീസ്, ലൈഫ് സയന്‍സ്-ഹെല്‍ത്ത്‌ഹെയര്‍, കമ്മ്യൂണിക്കേഷന്‍സ്& മീഡിയ, റീട്ടെയ്ല്‍ & സിപിജി വിഭാഗത്തിലും വരുമാന വര്‍ധന രേഖപ്പെടുത്തി.

യുകെ ബിസിനസില്‍ നിന്നുള്ള വരുമാനത്തിലാണ് ഡിസംബര്‍ പാദത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത്, 25.1 ശതമാനം. യൂറോപ്പില്‍ നിന്നുള്ള വരുമാനം 17.1 ശതമാനവും ഏഷ്യ-പസഫിക്കില്‍ നിന്നുള്ള വരുമാനം 12.6 ശതമാനവും വടക്കേ അമേരിക്കയില്‍ നിന്നുള്ള വരുമാനം 8.2 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള വരുമാനം 9.7 ശതമാനവും ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള വരുമാനം 7.6 ശതമാനവും ഉയര്‍ന്നു. 6,827 ജീവനക്കാരെയാണ് മൂന്നാം പാദത്തില്‍ കമ്പനി കൂട്ടിച്ചേര്‍ത്തത്. ഇതോടെ കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ എണ്ണം 4,17,929 ആയി.

Comments

comments

Categories: Business & Economy
Tags: TCS