സ്റ്റീല്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഉല്‍പ്പാദനത്തെ ബാധിക്കുമെന്ന് ഓട്ടോമൊബീല്‍ വ്യവസായം

സ്റ്റീല്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഉല്‍പ്പാദനത്തെ ബാധിക്കുമെന്ന് ഓട്ടോമൊബീല്‍ വ്യവസായം

നിലവില്‍ ഇന്ത്യയില്‍ ഇത്തരം സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം ആരംഭിച്ചിട്ടു പോലുമില്ലെന്ന് കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു

ന്യൂഡെല്‍ഹി: ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന സ്റ്റീല്‍ ഉപയോഗിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദം കാര്‍ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഓട്ടോമൊബീല്‍ കമ്പനികള്‍. വാഹന നിര്‍മാണത്തിനുള്ള സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഓട്ടോമൊബീല്‍ കമ്പനികള്‍ വാദിക്കുന്നത്.

ഉന്നത ഗ്രേഡിലുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് കഴിഞ്ഞ ഓഗസ്റ്റിലാണ് സ്റ്റീല്‍ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. സാധാരണയായി ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നാണ് കാര്‍ നിര്‍മാതാക്കള്‍ ഇത്തരം സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. നിലവില്‍ ഇന്ത്യയില്‍ ഇത്തരം സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം ആരംഭിച്ചിട്ടു പോലുമില്ലെന്ന് കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരി 17 മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. മേക്ക് ഇന്‍ ഇന്ത്യാ ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തര സ്റ്റീല്‍ മാനുഫാകചറിംഗിനെ സഹായിക്കുന്നതു കൂടി മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോര്‍, ഹോണ്ട മോട്ടോര്‍, ഫോര്‍ഡ് മോട്ടോര്‍ തുടങ്ങിയ ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്തുന്ന പ്രമുഖ കമ്പനികളെല്ലാം പുതിയ നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയാണെന്നും പുതിയ നയം കര്‍ക്കശമായി നടപ്പാക്കിയാല്‍ ഇവയുടെ ഇന്ത്യയിലെ ഉല്‍പ്പാദനത്തെ അത് ഗണ്യമായി ബാധിക്കുമെന്നും കേന്ദ്ര മന്ത്രിസഭയില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ടെന്ന് റോയ്‌ട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഴുവന്‍ ഓട്ടോമൊബീല്‍ വ്യവസായത്തിലെയും മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളെ സമീപ ഭാവിയില്‍ തടസപ്പെടുത്തുന്നതാണ് നിയന്ത്രണങ്ങളെന്ന് സ്റ്റീല്‍ വ്യവസായ മന്ത്രി ചൗധരി ബിരേന്ദര്‍ സിംഗിന് അയച്ച കത്തില്‍ ഹെവി ഇന്റസ്ട്രീസ് മന്ത്രി ആനന്ദ് ഗീഥെ പറയുന്നു. ഘടക ഭാഗങ്ങളുടെ നിര്‍മിതിക്കായുള്ള സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പ്രയോസകരമാകുമ്പോള്‍, ഘടകഭാഗങ്ങള്‍ തന്നെ ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ തയാറാകുമെന്നും ഇത് മേക്ക് ഇന്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഗീഥെ പറയുന്നു.

എന്നാല്‍ എല്ലാ മുന്നറിയിപ്പുകളും നിലനില്‍ക്കുമ്പോള്‍ തന്നെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സ്റ്റീല്‍ മന്ത്രാലയം തയാറല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്റ്റീല്‍ വ്യവസായത്തിലെ പ്രമുഖരും കാര്‍ നിര്‍മാതാക്കളും പങ്കെടുക്കുന്ന ചര്‍ച്ച സ്റ്റീല്‍ മന്ത്രാലയം വിളിച്ചു ചേര്‍ത്തിരുന്നു. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്. സ്റ്റീല്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് ഉന്നത ഗ്രേഡ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് കാര്‍ കമ്പനികള്‍ ശ്രമിക്കണമെന്നും വേണമെങ്കില്‍ സംയുക്ത സംരംഭങ്ങള്‍ക്ക് തയാറാകണമെന്നുമാണ് ചൗധരി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിദേശ ഓട്ടോമൊബീല്‍ കമ്പനികളുമായും ചര്‍ച്ചകള്‍ തുടരുകയാണ്.

Comments

comments

Categories: Business & Economy
Tags: Steel import