5,000ത്തോളം പേരെ നിയമിക്കാനൊരുങ്ങി ചെറുകിട ബാങ്കുകള്‍

5,000ത്തോളം പേരെ നിയമിക്കാനൊരുങ്ങി ചെറുകിട ബാങ്കുകള്‍

എയു, ഉജ്ജീവന്‍, ഉത്കര്‍ഷ്, സൂര്യോദയ്, ഇസാഫ് എന്നീ ബാങ്കുകളാണ് നിയമത്തിനൊരുങ്ങുന്നത്

മുംബൈ: മൂന്ന് മാസത്തിനുള്ളില്‍ ഏകദേശം 5,000ത്തോളം ജീവനക്കാരെ നിയമിക്കാന്‍ ചെറുകിട ബാങ്കുകള്‍ ഒരുങ്ങുന്നു. എയു, ഉജ്ജീവന്‍, ഉത്കര്‍ഷ്, സൂര്യോദയ്, ഇസാഫ് തുടങ്ങി ഇന്ത്യയിലെ മുന്‍നിരയിലുള്ള ബാങ്കുകളാണ് ജനുവരി-മാര്‍ച്ച് മാസങ്ങളിലായി കൂടുതല്‍ നിയമനത്തിനൊരുങ്ങുന്നത്. ചെറു നഗരങ്ങള്‍ കേന്ദ്രീകരിച്ച് 4,000-5,000 പേരെ നിയമിക്കാനാണ് പദ്ധതി.

ചെറുകിട ഫിനാന്‍സ് ബാങ്കുകളില്‍ നിയമനങ്ങള്‍ തുടര്‍ച്ചയായി നടക്കാറുണ്ട്. ബ്രാഞ്ച് വിപുലീകരണത്തിന്റെ ഭാഗമായാണ് ദ്രുതഗതിയില്‍ ജീവനക്കാരുടെ എണ്ണം കൂട്ടാന്‍ ബാങ്കുകള്‍ നോക്കുന്നത്. വലിയ രീതിയിലുള്ള ബ്രാഞ്ച് വിപുലീകരണം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും സ്വന്തം ദേശത്തേക്ക് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ ട്രാന്‍സ്ഫറിലേക്കും നയിക്കുമെന്ന് ഹ്യൂമണ്‍ റിസോഴ്‌സസ് സര്‍വീസസ് കമ്പനിയായ ടീംലീസിന്റെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ വിഭാഗം മേധാവി സവ്യസാചി ചക്രവര്‍ത്തി പറഞ്ഞു.

മൂന്ന് മാസത്തിനുള്ളില്‍ ഏകദേശം 1,500 പേരെ നിയമിക്കാനാണ് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പദ്ധതി. ഏകദേശം 600 പേരെ കൂട്ടിച്ചേര്‍ക്കാനാണ് ഉജ്ജീവന്‍ ബാങ്കിന്റെ പദ്ധതി. 500 പേരെ ഇസാഫ് ബാങ്കും 200 മുതല്‍ 250 പേരെ സൂരോദയ് ബാങ്കും നിയമിക്കും. മറ്റ് ചെറുകിട ഫിനാന്‍സ് ബാങ്കുകളും തങ്ങളുടെ ശൃംഖല വികസിപ്പിക്കാന്‍ നോക്കുന്നുണ്ട്.

പുതുതായി ആരംഭിക്കുന്ന ബ്രാഞ്ചുകളിലേക്കും എസ്എംഇ വായ്പാ ബിസിനസിലേക്കുമായാണ് തങ്ങള്‍ നിയമനം നടത്തുന്നതെന്ന് ഉജ്ജീവന്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ സമിത് ഘോഷ് പറഞ്ഞു. 464 ബ്രാഞ്ചുകളിലായി കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 5,729 പേരെ ഉജ്ജീവന്‍ ബാങ്ക് നിയമിച്ചിരുന്നു. നിലവില്‍ 14,304 ജീവനക്കാരാണ് ബാങ്കിനുള്ളത്. ജനുവരി-മാര്‍ച്ച് കാലയളവില്‍ പ്രതിമാസം 500 ജീവനക്കാരെ വീതം കൂട്ടിച്ചേര്‍ക്കാനാണ് എയു ബാങ്കിന്റെ പദ്ധതി. 13,000 ജീവനക്കാരാണ് നിലവില്‍ ബാങ്കിനുള്ളത്.

ഫ്രഷ് ഉദ്യോഗാര്‍ത്ഥികളെയും ബാങ്കിംഗ് രംഗത്ത് പരിചയസമ്പത്തുള്ളവരെയും നിയമിക്കാനാണ് ചെറുകിട ബാങ്കുകള്‍ ഉദ്ദേശിക്കുന്നത്. അനലിറ്റിക്‌സ്, ഇന്‍വെസ്റ്റര്‍ റിലേഷന്‍സ്, ഓപ്പറേഷണല്‍ റിസ്‌ക്, ബ്രാഞ്ച് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളിലും ബാങ്കുകള്‍ നിയമനം നടത്തുന്നുണ്ട്.

Comments

comments

Categories: Banking

Related Articles