കരുതിയതിനേക്കാള്‍ വേഗത്തില്‍ സമുദ്രങ്ങള്‍ക്കു ചൂട് പിടിക്കുന്നു

കരുതിയതിനേക്കാള്‍ വേഗത്തില്‍ സമുദ്രങ്ങള്‍ക്കു ചൂട് പിടിക്കുന്നു
വാഷിംഗ്ടണ്‍: ശാസ്ത്രജ്ഞര്‍ കരുതിയിരുന്നതിനേക്കാള്‍ ത്വരിതഗതിയില്‍ സമുദ്രങ്ങള്‍ക്കു ചൂടു പിടിച്ചിരുന്നെന്നും ഇതിനുള്ള കാരണം കാലാവസ്ഥ വ്യതിയാനമായിരുന്നെന്നും പുതിയ പഠനം വെളിപ്പെടുത്തുന്നു. സയന്‍സ് എന്ന മാസികയുടെ വ്യാഴാഴ്ച പുറത്തിറങ്ങിയ പതിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. 1950 കളുടെ അവസാനം മുതല്‍ സമുദ്രങ്ങള്‍ സ്ഥിരമായ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും 1960-കള്‍ക്കു ശേഷം ഒരുപാട് ചൂടായി തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നതിനേക്കാള്‍ വേഗത്തിലാണു സമുദ്രങ്ങള്‍ക്കു ചൂടു പിടിക്കുന്നതെന്നു 2014-ല്‍ പ്രസിദ്ധീകരിച്ച കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള യുഎന്‍ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
ആര്‍ഗോ എന്ന സമുദ്ര നിരീക്ഷണത്തിനുള്ള ഹൈടെക്ക് സംവിധാനം ഉപയോഗിച്ചു ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ്് ഇപ്പോള്‍ പുതിയ പഠനം നടത്തിയത്. ജലത്തിന്റെ താപനിലയും, ഉപ്പുരസവും നിരന്തരം അളക്കുന്ന 3,000-ത്തോളം വരുന്ന റോബോട്ടിക് ഫ്‌ളോട്ടുകളുടെ (വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന വസ്തു) ഒരു അന്താരാഷ്ട്ര ശൃംഖലയാണ് ആര്‍ഗോ. ആര്‍ഗോയില്‍നിന്നും ശേഖരിച്ച വിവരങ്ങളോടൊപ്പം, ചരിത്രത്തിലെ മറ്റ് താപനില സംബന്ധിച്ച വിവരങ്ങളും പഠനങ്ങളും സംയോജിപ്പിച്ചു കൊണ്ടാണു ഗവേഷകര്‍ പഠനം നടത്തിയത്.
‘ ഉരുകിയ മഞ്ഞുകട്ടിയും, സമുദ്രവും കാലാവസ്ഥ വ്യതിയാനത്തിന്റെ ഓര്‍മപ്പെടുത്തലാണ്. ഭൂമിയിലെ ഊര്‍ജ്ജത്തിലുണ്ടാവുന്ന അസന്തുലിതാവസ്ഥയുടെ 93 ശതമാനം ആഘാതവും പതിക്കുന്നത് സമുദ്രങ്ങളിലാണെന്ന് ‘ പഠനം നടത്തിയ കെവിന്‍ ട്രെന്‍ബെര്‍ത്ത് പറയുന്നു.
ആഗോളതാപനം സമുദ്രതാപനവുമായി വളരെയടുത്തു നില്‍ക്കുന്നു. 2018 ലോകത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരിക്കും. ആഗോളതാപനം തലപൊക്കി തുടങ്ങിയെന്നു വേണം കരുതാന്‍- കെവിന്‍ പറഞ്ഞു.
സമുദ്രത്തിനു ചൂടേറുമ്പോള്‍ ജലനിരപ്പ് ഉയരാന്‍ കാരണമാകും. ഇതാകട്ടെ തീരദേശങ്ങളില്‍ പ്രളയം പോലുള്ള ഭീകരമായ അവസ്ഥ രൂപപ്പെടാനും കാരണമാകും.

Comments

comments

Categories: Current Affairs
Tags: sea