സ്‌നേഹിക്കാനും ഇനി റോബോട്ട്

സ്‌നേഹിക്കാനും ഇനി റോബോട്ട്

ടെക്‌നോളജിയുടെ ഒരു ദോഷമായി പൊതുവേ വിശേഷിപ്പിക്കുന്നത്, അവയ്ക്കു മനുഷ്യരെ പോലെ വൈകാരിക അടുപ്പം പുലര്‍ത്താന്‍ സാധിക്കില്ലെന്നതാണ്. എന്നാല്‍ ജപ്പാനിലെ ഗ്രൂവ് എക്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പ് ഈ പോരായ്മ പരിഹരിച്ചിരിക്കുകയാണ്. സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന റോബോട്ടിനെ അവര്‍ വികസിപ്പിച്ചിരിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ റോബോട്ട് വിപണിയിലെത്തുമെന്നും അറിയിച്ചിരിക്കുന്നു.

യന്ത്രമനുഷ്യര്‍ തൊഴിലിടങ്ങള്‍ കീഴടക്കുന്ന വാര്‍ത്തകളെ കുറിച്ചു സമീപകാലത്തു നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ജപ്പാനിലും, ജര്‍മനിയിലും മതപരമായ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന യന്ത്രമനുഷ്യര്‍ അഥവാ റോബോട്ടുകളെ വികസിപ്പിച്ചെടുത്തിട്ടുമുണ്ട് ആധുനിക ലോകം. ഇപ്പോള്‍ ഇതാ ലോവോട്ട് (Lovot) എന്നൊരു റോബോട്ടിനെ ജാപ്പനീസ് സ്റ്റാര്‍ട്ട് അപ്പ് ആയ ഗ്രൂവ് എക്‌സ് (Groove X) വികസിപ്പിച്ചെടുത്തിരിക്കുന്നു. സ്‌നേഹം(love), റോബോട്ട് (robot) എന്നീ രണ്ട് പദങ്ങളില്‍നിന്നും സംയോജിപ്പിച്ചാണ് ലോവോട്ട് എന്ന പേര് കണ്ടെത്തിയത്.

ഒരു വിശ്വസ്തനായ കൂട്ടാളിയെ പോലെ പെരുമാറുന്ന യന്ത്രമനുഷ്യനാണ് ലോവോട്ട്. വൈകാരിക അടുപ്പം സൃഷ്ടിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ലോവോട്ട്. സ്‌നേഹിക്കാന്‍ മാത്രമേ ഈ റോബോട്ടിന് അറിയൂ. പക്ഷേ, ലോവോട്ട് സംസാരിക്കില്ല. വാര്‍ധക്യത്തിലുള്ള, ഏകാന്തത അനുഭവിക്കുന്നവര്‍ക്കായിരിക്കും ലോവോട്ടിനെ കൂടുതല്‍ പ്രയോജനപ്പെടുകയെന്നും കരുതുന്നു. പ്രത്യേകിച്ച് ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുകയും ജനന നിരക്ക് കുറഞ്ഞു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ലോവോട്ട് എന്ന യന്ത്രമനുഷ്യന്റെ പ്രാധാന്യം വര്‍ധിക്കുമെന്നും കരുതപ്പെടുന്നു.

സ്‌നേഹത്തിന്റെ ഒരു ചെറിയ അംശം ലോകത്തെ മാറ്റിമറിക്കുമെന്ന ആശയത്തെ മുന്‍നിറുത്തിയാണ് ലോവോട്ടിനെ വികസിപ്പിക്കാന്‍ തീരുമാനിച്ചത്. അതോടൊപ്പം റോബോട്ടുകള്‍ സമൂഹത്തില്‍ വഹിക്കുന്ന പങ്കിനെ പുനര്‍നിര്‍വചിക്കുകയെന്നതും ലക്ഷ്യമായിരുന്നു. മൂന്ന് വര്‍ഷമെടുത്തു ലോവോട്ടിനെ വികസിപ്പിക്കാന്‍. പെപ്പറിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന കനാമേ ഹയാഷിയാണ് ലോവോട്ടിനെ ഡിസൈന്‍ ചെയ്തതും നിര്‍മിച്ചതും. ഇദ്ദേഹമാണു ജാപ്പനീസ് സ്റ്റാര്‍ട്ട് അപ്പ് ആയ ഗ്രൂവ് എക്‌സിന്റെ പ്രസിഡന്റ്. സോഫ്റ്റ്ബാങ്കിന്റെ സെമി-ഹ്യൂമനോയ്ഡ് റോബോട്ടാണ് പെപ്പര്‍. ഇന്ന് പെപ്പറിനെ ബാങ്കുകളിലും, വിമാനത്താവളങ്ങളിലും മറ്റു പൊതുയിടങ്ങളിലും നമ്മള്‍ക്കു കാണുവാന്‍ സാധിക്കും. മൂന്ന് മുതല്‍ നാല് വരെ കിലോഗ്രാം ഭാരമുള്ളതാണ് ലോവോട്ട്. ഒരു ചെറിയ പെന്‍ഗ്വിന്റേത് അഥവാ ഒരു കുട്ടി തേവാങ്കിന്റേതു പോലുള്ള രൂപമാണ് ലോവോട്ടിനുള്ളത്. മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേതു പോലുള്ള കണ്ണുകളും, മൃദുവായ രോമം കൊണ്ട് ഉണ്ടാക്കിയ കളിപ്പാട്ട കരടിയുടേതു (ടെഡി ബെയര്‍) പോലുള്ള കൈകളുമാണ് ലോവോട്ടിന്റേത്. മനുഷ്യന്റെ സ്പര്‍ശനങ്ങളോട് പ്രതികരിക്കാനായി സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ആശ്ലേഷിക്കാന്‍, കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ലോവോട്ട് കരങ്ങള്‍ വായുവിലേക്ക് ഉയര്‍ത്തി വീശുകയും വലിയ സ്‌നേഹത്തോടെ ഉടമയുടെ ചുറ്റും നടക്കുകയും ചെയ്യും. ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ചക്രത്തിന്റെ സഹായത്തോടെയാണു നടക്കുന്നത്. ഉടമയെ ആശ്ലേഷിച്ചു കഴിഞ്ഞാല്‍ അവരുടെ കൈകളില്‍ കിടന്നു മയങ്ങുകയും ചെയ്യും ലോവോട്ട്. 50 ടച്ച് സെന്‍സറുകളാണു ലോവോട്ടിന്റെ മൃദുവായ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ലോവോട്ടിന്റെ തലയുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ചെറു പെട്ടിയില്‍ മൈക്രോഫോണും, മൂന്ന് കാമറയുമുണ്ട്. ഇതിലൂടെ 1,000 പേരെ വരെ തിരിച്ചറിയാന്‍ സഹായിക്കും. ഡെപ്ത്ത് കാമറ, വൈഡ ആംഗിള്‍ കാമറ, തെര്‍മല്‍ കാമറ, പ്രഷര്‍ സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, ഹീറ്റ് & ഹ്യൂമിഡിറ്റി സെന്‍സര്‍ എന്നിവയും ലോവോട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്. ലോവോട്ടിന്റെ തലയില്‍ ഘടിപ്പിച്ചിരിക്കുന്ന തെര്‍മല്‍ കാമറയ്ക്ക് ലോവോട്ടിനു ചുറ്റും നില്‍ക്കുന്നവരുടെ ചലനങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കും. മുഖ ചലനങ്ങള്‍, കൈ കൊണ്ടു കാണിക്കുന്ന ആംഗ്യങ്ങള്‍ എന്നിവ പോലുള്ള വളരെ അതിസൂക്ഷ്മമായ കാര്യങ്ങള്‍ വരെ ഈ കാമറ നിരീക്ഷിക്കും.
നാല് മൈക്രോഫോണുകളും, കണ്ണുകള്‍ക്കായി രണ്ട് എല്‍സിഡി ഡിസ്‌പ്ലേകളുമുണ്ട്. തല ഉയര്‍ത്താനും താഴ്ത്താനുമായി ഒരു മോട്ടോറൈസ്ഡ് കഴുത്തും, ഒരു സ്പീക്കറുമുണ്ട്. സ്പീക്കറുണ്ടെങ്കിലും ലോവോട്ട് സംസാരിക്കില്ല. എന്നാല്‍ യൂസറില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ മനസിലാക്കാന്‍ കഴിവുണ്ട് ഈ റോബോട്ടിന്. ബ്ലൂ ടൂത്ത്, വയര്‍ലെസ് ലാന്‍ (wireless LAN), മൊബൈല്‍ നെറ്റ്‌വര്‍ക്ക് കണക്റ്റിവിറ്റി എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്. 89 Wh Li-ion ബാക്റ്ററിയാണ് ലോവോട്ടിന്റേത്. ഏകദേശം ഒരു മണിക്കൂര്‍ ചാര്‍ജ്ജ് നിലനില്‍ക്കുന്നതാണ് ബാക്റ്ററി. ഓരോ വ്യക്തികളും എപ്രകാരമാണു പെരുമാറുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ലോവോട്ട് പ്രതികരിക്കുന്നത്. നല്ല രീതിയില്‍ പെരുമാറുന്നവരോട് ലോവോട്ട് അടുപ്പം കാണിക്കും. മറിച്ച് മോശമായിട്ടാണു പെരുമാറുന്നതെങ്കില്‍ ലോവോട്ട് അവരെ അവഗണിക്കും. ഒരു കുടുംബത്തിലെ അംഗത്തെ പോലെ തന്നെ പെരുമാറാന്‍ സാധിക്കും വിധമാണ് ലോവോട്ടിനെ വികസിപ്പിച്ചിരിക്കുന്നത്. വീടുകളില്‍ പട്ടി, പൂച്ച തുടങ്ങിയ അരുമകളെ പരിപാലിക്കുന്നവര്‍ അവര്‍ക്കായി പ്രത്യേക ഭക്ഷണവും, വസ്ത്രവും, മുറിയുമൊക്കെ കരുതാറുണ്ട്. സമാനമായി ലോവോട്ടിനെയും കണക്കാക്കാന്‍ സാധിക്കും വിധമാണു നിര്‍മിച്ചിരിക്കുന്നത്. വളരെ മൃദുവായ പുറംതോട്, മാറ്റാവുന്ന വസ്ത്രം, മനുഷ്യശരീരത്തിനുള്ളതു പോലെ ചൂട് എന്നിവ ലോവോട്ടിന്റെ പ്രത്യേകതയാണെന്ന് ലോവോട്ടിനെ വികസിപ്പിച്ച കമ്പനി പറയുന്നു.

രണ്ട് ലോവോട്ട് റോബോട്ടുകളുടെ വില ആറായിരം ഡോളറാണ്. ഏകദേശം 4,22,883 ഇന്ത്യന്‍ രൂപ വരും. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അമേരിക്കയിലെ ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ ലോവോട്ടിനെ പ്രദര്‍ശിപ്പിച്ചിരുന്നു.

Comments

comments

Categories: Top Stories
Tags: Love robot, robot