റെയ്മണ്ട് ബോസ് ഗൗതം സിന്‍ഗാനിയ കമ്പനിയില്‍ നിന്നും പുറത്തേക്ക്

റെയ്മണ്ട് ബോസ് ഗൗതം സിന്‍ഗാനിയ കമ്പനിയില്‍ നിന്നും പുറത്തേക്ക്

എഫ്എംസിജി സംരംഭത്തിന്റെയും റെയ്മണ്ട് അപ്പാരലിന്റെയും ചെയര്‍മാന്‍ സ്ഥാനം ഗൗതം നേരത്തെ ഉപേക്ഷിച്ചിരുന്നു

കൊല്‍ക്കത്ത: റെയ്മണ്ട് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഗൗതം സിന്‍ഗാനിയ കമ്പനി വിടുന്നു. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്വയം വിട്ടുനിന്നുകൊണ്ട് പ്രൊമോട്ടര്‍മാരുടെ ഇടപ്പെടല്‍ ഇല്ലാത്ത സ്വതന്ത്രവും മത്സരക്ഷമവുമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം സൃഷ്ടിക്കാനാണ് ഗൗതം റെയ്മണ്ട് ഗ്രൂപ്പില്‍ നിന്നും പുറത്തുപോകുന്നത്.

ഗ്രൂപ്പിനുകീഴിലുള്ള എഫ്എംസിജി സംരംഭത്തിന്റെയും റെയ്മണ്ട് അപ്പാരലിന്റെയും ചെയര്‍മാന്‍ സ്ഥാനം ഗൗതം നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു. എന്‍ജിനീയറിംഗ് സംരംഭമായ ജെകെ ഫയല്‍സ്, റിംഗ് പ്ലസ് അക്വ എന്നിവയില്‍ നിന്നും പുറത്തുകടക്കാനാണ് അദ്ദേഹത്തിന്റെ അടുത്ത നീക്കം. ഈ കമ്പനികള്‍ക്ക് ഒരു പ്രൊഫഷണല്‍ ചെയര്‍മാനെ നിയമിക്കുന്നതിനും ഗൗതം ശ്രമം നടത്തുന്നുണ്ട്. ഗ്രൂപ്പിന്റെ ഫഌഗ്ഷിപ്പ് സംരംഭമായ റെയ്മണ്ട് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനവും ഗൗതം ഉപേക്ഷിക്കുമെന്നാണ് സൂചന.

റെയ്മണ്ട് ലിമിറ്റഡില്‍ ഇനി എത്ര കാലം ചെയര്‍മാനായി തുടരുമെന്ന് അറിയില്ല. ചില കാര്യങ്ങള്‍ മനസിലുണ്ട്, ഇപ്പോള്‍ അവയെ കുറിച്ച് സംസാരിക്കുന്നില്ലെന്നും സിന്‍ഗാനിയ പറഞ്ഞു. ഓരോ കമ്പനിലും സ്വതന്ത്രമായ ഭരണനിര്‍വഹണ സംവിധാനം സൃഷ്ടിക്കാനാണ് ഗൗതം ഇതുവഴി ലക്ഷ്യമിടുന്നത്. കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പ്രൊമോട്ടര്‍ കുടുംബം ഇടപെടുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘നാളെ ഒരു പക്ഷെ ഞാന്‍ മരിക്കുകയാണെങ്കില്‍ കമ്പനിയുടെ എല്ലാ കാര്യങ്ങളും നോക്കിനടത്താന്‍ അവിടെ ആളുകളുണ്ടാകും. സ്വതന്ത്രമായും മത്സരക്ഷമമായും റെയ്മണ്ട് പ്രവര്‍ത്തിക്കും. എന്റെ കുട്ടികള്‍ വളരെ ചെറുപ്പമാണ്. മക്കളോടും ഭാര്യയോടും എന്റെ ജീവനക്കാരോടും കമ്പനിയിലെ ഓഹരി ഉടമകളോടും എന്റെ ബാങ്കുകളോടും സ്ഥാപനങ്ങളോടും ഉപഭോക്താക്കളോടും എനിക്ക് ചില ഉത്തരവാദിത്തമുണ്ട്’, സിന്‍ഗാനിയ പറഞ്ഞു.

പുതിയ പ്രൊഡക്റ്റുകളുടെ വികസിപ്പിക്കുന്നതിലും സ്ട്രാറ്റജി, ബജറ്റ്, പുതിയ ലക്ഷ്യങ്ങള്‍, ബിസിനസ് പ്രതിഫലവും പബ്ലിക് റിലേഷനും തുടങ്ങിയ കാര്യങ്ങളില്‍ ഗൗതം സിന്‍ഗാനിയ ശ്രദ്ധകേന്ദ്രീകരിക്കും. എഫ്എംസിജി ബിസിനസില്‍, ജെ ഹെലിന്‍ കര്‍ട്ടിസിന്റെ ചെയര്‍മാന്‍ രാജീവ് ബക്ഷിയാണ്. സിന്‍ഗാനിയ കമ്പനിയുടെ ഡയറക്റ്റര്‍മാരിലൊരാളും. മൂന്ന് സ്വതന്ത്ര ഡയറക്റ്റര്‍മാരാണ് കമ്പനിക്കുള്ളത്.

Comments

comments

Categories: FK News