ടൂറിസം കേരളത്തിന്റെ അക്ഷയ ഖനി

ടൂറിസം കേരളത്തിന്റെ അക്ഷയ ഖനി

ആഗോള വിനോദ സഞ്ചാരികളുടെ പറുദീസകളിലൊന്നായിരുന്നു എന്നും കേരളം. സുഖസുന്ദരമായ കാലാവസ്ഥയും പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന മനോഹാരിതയും രുചിക്കൂട്ടുകളുടെ സാന്നിധ്യവുമൊക്കെയാണ് വിനോദ സഞ്ചാരികളെ എക്കാലവും ഇങ്ങോട്ടേക്ക് ആകര്‍ഷിച്ചത്. അടുത്തിടെയുണ്ടായ പ്രളയം നമ്മുടെ ടൂറഇസം മേഖലക്കാകെ ആഘാതമായി. എന്നാല്‍ ഇതിലുപരിയാണ് കേരളത്തിന്റെ മാത്രം പ്രത്യേകതയായ ഹര്‍ത്താല്‍ സംസ്‌കാരം വരുത്തിവെച്ചിരിക്കുന്ന വിന. വിനോദ സഞ്ചാരികള്‍ മറ്റ് സുരക്ഷിത ഭൂമികകള്‍ തെരഞ്ഞ് യാത്രയാവാന്‍ ഈ വിഷയങ്ങള്‍ കാരണമാകും. ടൂറിസം മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളെ സജീവമായി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അനുകൂല പരിതസ്ഥിതി സൃഷ്ടിക്കാനും നാം മറക്കരുത്

ദൈവത്തിന്റെ ഒരു സൃഷ്ടി വൈഭവമാണ് എല്ലാ ചരാചരങ്ങള്‍ക്കും പ്രകൃതിക്കും നിലനില്‍പിനാവശ്യമായ കഴിവുകളും സാധ്യതകളും നല്‍കുകയെന്നത്. അത് കൊണ്ടാണ് കാലില്ലാത്ത ആളുകള്‍ പോലും ഒളിമ്പിക്‌സ് പോലുള്ള കായിക മത്സര പരിപാടികളില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതും കണ്ണില്ലാത്ത ആളുകള്‍ മറ്റു ആളുകള്‍ക്ക് വഴികാട്ടിയാവുന്നതുമൊക്കെ. ശൂന്യമായ മരുഭൂമി പോലും അപാരമായ പ്രകൃതി ഭംഗിയാല്‍ നിറഞ്ഞു നില്‍ക്കുന്നത് ചിലപ്പോള്‍ കാണാനാവും. ഒത്തു കൂടാനും രാവുകള്‍ ചിലവഴിക്കാനുമായി ഇന്ന് മരുഭൂമിയാണ് പലരും തിരഞ്ഞെടുക്കുന്നത്.

എവിടെ നിന്ന് നോക്കിയാലും അനുഭൂതി ഉള്‍ക്കൊള്ളാവുന്ന രൂപത്തില്‍ അണിയിച്ചൊരുക്കി ഭൂമിയെ നമ്മുടെ കൈകളില്‍ തന്നിരിക്കുകയാണ് ദൈവം. നിങ്ങള്‍ ജീവിതത്തെ അറിയാനും ലോകത്തെ അറിയാനും സഞ്ചരിച്ചു കൊണ്ടേ ഇരിക്കുക എന്നാണ് അദ്ദേഹം പിന്നീട് നമ്മോട്് പറഞ്ഞിരിക്കുന്നത്. നമ്മുടെ കുറവുകള്‍ കണ്ടെത്താനും മറ്റുള്ളവരിലെ നന്മ പകര്‍ത്താനും മനുഷ്യന്‍ സഞ്ചരിച്ചേ മതിയാവൂ.

ജീവസന്ധാരണത്തിന് അത്യാവശ്യമായ യാതൊന്നുമില്ലാതിരുന്ന അറബ് നാടുകള്‍ ഇന്ന് പെട്രോള്‍ അനുബന്ധ വരുമാനത്തിനുപരി ഒരു നല്ല വിനോദയാത്രാ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. സ്വന്തം പൈതൃകം കാത്തു സൂക്ഷിക്കാന്‍ ഭരണ കൂടങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ശ്രമങ്ങള്‍ നടത്തുകയും ലോകത്തിന്റെ നാനാദിക്കില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു രാജ്യത്തു ടൂറിസം വളരുന്നു എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം, ആ നാട് ഇതര രാജ്യക്കാരെയും അവരിലെ സംസ്‌കാരത്തെയും ബഹുമാനിക്കുകയും അവരെ ആചാര മര്യാദകളോടെ തിരിച്ചു നാട്ടില്‍ എത്തിക്കാനുള്ള എല്ലാ ബാധ്യതകളും നിറവേറ്റുകയും ചെയ്യുന്നു എന്നാണ്. ഇതുമായി ബന്ധപ്പെടുത്തി നമുക്ക് വേറെയും കുറെ സാധ്യതകള്‍ കണ്ടെത്താന്‍ കഴിയും.

ടൂറിസം എന്നത് കാര്യമായി നിക്ഷേപ ചെലവുകള്‍ ഇല്ലാത്ത ഒരു പ്രാകൃതമായി നിര്‍മിക്കപ്പെട്ട ഒരു ഉല്‍പ്പന്നം ആണ്. എന്നാല്‍ അതില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന സാധ്യതകള്‍ പല അര്‍ത്ഥത്തിലും നാടിന്റെ യഥാര്‍ഥ വളര്‍ച്ചയെ സഹായിക്കുന്നു. അതില്‍ പ്രധാനപ്പെട്ടവയാണ് ഹോട്ടല്‍, റെസ്റ്ററെന്റ്, ആരോഗ്യം, വിനോദം, വ്യോമ-റോഡ്-റെയ്ല്‍ ഗതാഗതം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വസ്ത്ര വിപണി, കരകൗശല വസ്തു നിര്‍മാണം, പ്രദര്‍ശനങ്ങള്‍, ട്രെയ്‌നിംഗ്, സെമിനാറുകള്‍, ഇവന്റ് മാനേജ്‌മെന്റ്, കയറ്റുമതി കരാറുകള്‍, യാത്രാ-ടൂര്‍ പാക്കേജുകളുടെ നടത്തിപ്പ്, നിയമോപദേശം, സാങ്കേതിക ഉപദേശം എന്നീ മേഖലകളൊക്കെ. എണ്ണിയാലൊടുങ്ങാത്ത സാധ്യതകളാണ് ഇവയോടെല്ലാം ബന്ധപ്പെട്ടുള്ളത്.

ദി അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സിന്റെ (ABTA) കണക്കുകള്‍ പ്രകാരം ലോക ടൂറിസ്റ്റ് ഭൂപടത്തിലെ തിരഞ്ഞെടുത്ത 12 സ്ഥലങ്ങള്‍ പരിഗണിക്കുമ്പോള്‍ കേരളം എട്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയില്‍ നിന്ന് അവര്‍ തിരഞ്ഞെടുത്ത ഏക സ്ഥലവും കേരളമാണ്. ഇതിന് കാരണം, പ്രകൃതി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഭൂപ്രകൃതി, സുഗന്ധ വ്യഞ്ജനങ്ങള്‍, തേയില തോട്ടങ്ങള്‍, കായലും ഹൗസ് ബോട്ടുകളിലെ യാത്രകളും, നാടിന്റെ നിറവും രുചിയും നല്‍കുന്ന ഭക്ഷണ വിഭവങ്ങള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍ എന്നിങ്ങനെ കേരളം നല്‍കുന്ന വ്യത്യസ്തതകളൊക്കെയാണ്. ഒരു ഭാഗത്ത് കുളിരൂറുന്ന കടല്‍ കാറ്റടിച്ചു കയറുന്ന തീരങ്ങളും മറുഭാഗത്ത് മഞ്ഞു പെയ്തിറങ്ങുന്ന കുന്നിന്‍ ചെരിവുകളും ലോക സഞ്ചാരികളെ എന്നും ഇവിടേക്ക് മാടി വിളിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേരളത്തെ മറ്റു രാജ്യക്കാര്‍ വിളിക്കണമെങ്കില്‍, ദൈവം ഈ ഭൂമിയില്‍ എത്രമാത്രം ചിത്രപ്പണികള്‍ ചെയ്തിട്ടുണ്ടാവണം!

ഒന്നര കോടി ടൂറിസ്റ്റുകള്‍ എല്ലാ വര്‍ഷവും കേരളം സന്ദര്‍ശിക്കുന്നു എന്നാണ് കണക്കുകള്‍. അതില്‍ ദശലക്ഷവും വിദേശ വിനോദ സഞ്ചാരികളാണ്. വിദേശ ടൂറിസ്റ്റുകളുടെ ശരാശരി പ്രതിവര്‍ഷ വര്‍ദ്ധന ഏകദേശം ഏഴ് ശതമാനമാണ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണവും ഏകദേശം 12 ശതമാനം കണ്ട് കൂടുന്നുണ്ട്. കേരളത്തിന്റെ ടൂറിസം മേഖല ഏറ്റവും കുറഞ്ഞത് 10% പ്രതിവര്‍ഷ വളര്‍ച്ച നേടുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആനുപാതികമായി ടൂറിസവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനത്തിന്റെ വരുമാനവും വര്‍ഷാവര്‍ഷം 13 ശതമാനം കണ്ട് വളരുന്നുണ്ട്. വിദേശ ടൂറിസ്റ്റുകള്‍ കൂടുതലും വരുന്നത് ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളിലാണ്. ആഭ്യന്തര ടൂറിസ്റ്റുകള്‍ ജനുവരി, ഏപ്രില്‍, മേയ്, സെപ്റ്റംബര്‍, ഒക്‌റ്റോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് പ്രധാനമായും എത്തുന്നത്. ഏറ്റവും അധികം വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന ജില്ലകള്‍ എറണാകുളവും തിരുവനന്തപുരവുമാണ്. അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സാന്നിദ്ധ്യമാകാം ഇതിന്റെ പ്രധാന കാരണം. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ സംസ്ഥാനത്തിന്റെ ഏറ്റവും നല്ല ടൂറിസ്റ്റ് വര്‍ഷം, 2010 ആണ്. ഏകദേശം 33 ശതമാനം അധിക ലാഭം ഈ വര്‍ഷത്തില്‍ കേരളത്തിന് നേടിയെടുക്കാന്‍ കഴിഞ്ഞു.

കേരളത്തിന്റെ ടൂറിസം ഭൂപടത്തിന് ഏറ്റുകൊണ്ടിരിക്കുന്ന ക്ഷതങ്ങളാണ് നാള്‍ക്കുനാള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഹര്‍ത്താലുകള്‍. വിദേശ ടൂറിസ്റ്റുകള്‍, ഡെസ്റ്റിനേഷനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രഥമ പരിഗണന നല്‍കുന്ന വിഷയമാണ് സുരക്ഷാ റാങ്കിംഗ്. വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ ഹര്‍ത്താല്‍ മാമാങ്കം നടന്നു കൊണ്ടിരിക്കുന്നു. ഹര്‍ത്താല്‍ ദിനങ്ങളില്‍ കേരത്തിലെത്തി അബദ്ധത്തില്‍ ചാടുന്ന ടൂറിസ്റ്റുകള്‍, ഭാവിയില്‍ മറ്റേതെങ്കിലും യാത്രാകേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതമാവും. ഒരു വിനോദ സഞ്ചാരി നമ്മുടെ നാട്ടിലേക്കു വരുമ്പോള്‍ ഈ നാടും നാട്ടുകാരും തങ്ങള്‍ക്ക് സുരക്ഷയും സുഖയാത്രയും ഒരുക്കും എന്ന പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. ഈ മനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവര്‍ ഡെസ്റ്റിനേഷനുകള്‍ തിരഞ്ഞെടുക്കുന്നതും അതാത് രാജ്യത്തെ ടൂറിസം അതോറിറ്റി അതിന് അനുമതി നല്‍കുന്നതും. ഒരിക്കല്‍ ഒരു പാളിച്ചയോ ദുരനുഭവമോ ഉണ്ടായാല്‍ പിന്നീട് ആ രാജ്യത്തെ ടൂറിസം വകുപ്പ് ഒരിക്കലും ഇങ്ങോട്ടുള്ള യാത്രയെ പ്രോത്സാഹിപ്പിക്കില്ല. പൊന്‍മുട്ട ഇടുന്ന ഈ താറാവിനെ ഹര്‍ത്താലുകള്‍ കൊണ്ടും ബന്ദുകള്‍ കൊണ്ടും ഇല്ലായ്മ ചെയ്യണോ വേണ്ടയോ എന്ന് നാം ചിന്തിക്കേണ്ട വിഷയമാണ്.

രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങള്‍ എല്ലാ രൂപത്തിലും ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. അതിന്റെ ആദ്യപടിയായാണ് എല്ലാ നഗരങ്ങളിലും യൂബര്‍ പോലുള്ള കാര്‍, ഓട്ടോ, ബൈക്ക് ശൃംഖലകള്‍ക്ക് അവര്‍ അനുമതി നല്‍കാനാരംഭിച്ചിരിക്കുന്നത്. അത് കൊണ്ടുള്ള യഥാര്‍ത്ഥ ഗുണം ഒരു ടൂറിസ്റ്റ് പോലും സമൂഹത്തില്‍ അനാവശ്യമായി പറ്റിക്കപ്പെടില്ല എന്നതാണ്. രാജസ്ഥാനില്‍ ഡ്രൈവര്‍മാര്‍ ടിപ്പ് വാങ്ങാന്‍ പോലും കൂട്ടാക്കില്ല. അവര്‍ ഒരിക്കലും ചില്ലി കാശിനു വേണ്ടി അവരുടെ ടൂറിസ്റ്റ് മേഖലയുടെ വിലയിടിക്കാന്‍ തയാറല്ല എന്നര്‍ത്ഥം. ആ നാട്ടുകാര്‍ അത്രയേറെ അവരുടെ നാടിനെ സ്‌നേഹിക്കുന്നു. സത്യത്തില്‍ കേരളത്തില്‍ ഇപ്പോഴും നമ്മള്‍ക്ക് അത്തരമൊരു സംസ്‌കാരത്തിലേക്ക് ചുവടു വെക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമാണ്. അതുപോലെ തന്നെ എടുത്തു പറയേണ്ട മറ്റൊരു വിഷയമാണ് ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ നല്ല ഭാഷാ പ്രാവീണ്യമുള്ള ഗൈഡുകള്‍ ഇല്ല എന്നത്.

പല കാരണങ്ങള്‍ കൊണ്ടും ലോക വിപണി തളര്‍ച്ച കാണിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഏറ്റവും നല്ല വഴികളിലൊന്നാണ് അതാതു നാടുകളിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ വഴിയൊരുക്കിക്കൊണ്ട് അതിജീവനത്തിന് ശ്രമിക്കുക എന്നത്. നാടിന്റെ വളര്‍ച്ചക്കും വിപണിയുടെ ചലനത്തിനും ടൂറിസം എന്നും ഒരു അക്ഷയ ഖനിയാണ്. കേരളത്തില്‍ ഇനിയും എത്രയോ സ്റ്റാര്‍ട്ടപ്പ് സാധ്യതയുള്ള മേഖലയാണ് ടൂറിസം. മറ്റു സംസ്ഥാന ശൃംഖലകളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന് വരും നാളുകളില്‍ വ്യവസായ വളര്‍ച്ചയിലും തൊഴില്‍ ലഭ്യതയിലും ഒരു കുതിച്ചു ചാട്ടം തന്നെ നടത്താനാവും.

Comments

comments

Categories: FK Special, Slider